അസ്മാഉല്ലാഹ്; അര്‍ത്ഥങ്ങള്‍ തേട്ടങ്ങള്‍

തയ്യാറാക്കിയത്: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

Last Update 2023 September 12, 27 Safar, 1445 AH

അല്ലാഹുവിന്‍റെ നാമങ്ങള്‍ക്കുള്ള അര്‍ത്ഥങ്ങളും തേട്ടങ്ങളും പരിഗണിച്ചാല്‍ അവ പല വിഭാഗങ്ങളാണ്.

ഒന്ന്: അല്ലാഹു?വിന്‍റെ നാമങ്ങളില്‍ മുതഅദ്ദിയായ നാമങ്ങളുണ്ട്. അഥവാ മുതഅദ്ദിയായ വിശേഷണങ്ങളെ ഉള്‍കൊള്ളുന്ന നാമങ്ങള്‍. അത്തരം നാമങ്ങള്‍ മൂന്നു കാര്യങ്ങളെ ഉള്‍കൊള്ളുന്നു.

ഒന്ന്: ആ നാമം അല്ലാഹുവിനു സ്ഥിരപ്പെടല്‍.

രണ്ട്: ആ നാമം ഉള്‍കൊണ്ട വിശേഷണം അല്ലാഹുവിനു സ്ഥിരപ്പെടല്‍.

മൂന്ന്: ആ നാമത്തിന്‍റെ വിധിയും തേട്ടവും സ്ഥിരപ്പെടല്‍.

ഉദാഹരണത്തിന് അസ്സമീഅ് എന്ന നാമം. അത് അസ്സമീഅ് എന്ന നാമത്തേയും അസ്സംഅ് (കേള്‍വി) എന്ന വിശേഷണത്തേയും അല്ലാഹുവിന് സ്ഥിരപ്പെടുത്തുന്നു. അപ്രകാരം അവന്‍ എല്ലാ രഹസ്യവും ഗൂഡവര്‍ത്തമാനവും കേള്‍ക്കുന്നു എന്ന അതിന്‍റെ തേട്ടത്തേയും വിധിയേയും അത് ഉള്‍കൊള്ളുന്നു.

ഇവിടെ ഈ നാമം അറിയിക്കുന്ന വിശേഷണത്തിന്‍റെ ഫലം അല്ലാഹുവില്‍നിന്ന് പടപ്പുകളിലെത്തുന്നു എന്നതിനാലാണ് അതിനു മുതഅദ്ദീ എന്ന് പറയപ്പെടുന്നത്.

അല്ലാഹുവിന്‍റെ നാമങ്ങളില്‍ മുതഅദ്ദിയായവയാണ് ഈ മൂന്നു കാര്യങ്ങളെ ഉള്‍കൊള്ളുന്നത്. എന്നാല്‍ അവയില്‍ മുതഅദ്ദിയല്ലാത്തവ രണ്ടു കാര്യങ്ങളെയാണ് ഉള്‍കെള്ളുന്നത്.

ഒന്ന്: ആ നാമം അല്ലാഹുവിന് സ്ഥിരപ്പെടല്‍.

രണ്ട്: ആ നാമം ഉള്‍കൊണ്ട വിശേഷണം അല്ലാഹുവി നു സ്ഥിരപ്പെടല്‍.

ഉദാ: അല്‍ഹയ്യ്, അല്‍അലിയ്യ്, അല്‍അള്വീം തുടങ്ങിയുള്ള നാമങ്ങള്‍.

ഈ നാമങ്ങള്‍ അല്‍അള്വീം അല്‍അലിയ്യ് അല്‍ഹയ്യ് എന്നീ നാമങ്ങളേയും അള്വമത്ത് (മഹത്വം), ഉലുവ്വ് (ഉന്നതി), ഹയാത് (ജീവന്‍), എന്നീ വിശേഷണങ്ങളേയുമാണ് അല്ലാഹുവിന് സ്ഥിരപ്പെടുത്തു ന്നത്.

രണ്ട്: അല്ലാഹു?വിന്‍റെ നാമങ്ങള്‍ അവന്‍റെ സത്തയേയും വിശേഷണത്തേയും അറിയിക്കുന്നത് മൂന്നു നിലക്കാണ്.

1. ദലാലത്തുല്‍മുത്വാബക്വഃ (دَلاَلَةُ الْمُطاَبَقَةِ)

ഏതൊരു ആശയത്തിനാണോ ഒരു പദം അടിസ്ഥാനപരമായി വെക്കപ്പെട്ടത് പ്രസ്തുത ആശയത്തെ ആ പദം നേരിട്ട് അറിയിക്കലാണ് ദലാലത്തുല്‍മുത്വാബക്വഃ. ഉദാഹരണത്തിന് ഖാലിക്വ് എന്ന നാമം. അല്ലാഹുവിന്‍റെ ദാത്തിനേയും ഖല്‍ക്വ് (സൃഷ്ടിപ്പ്) എന്ന വിശേഷണത്തേയുമാണ് അത് നേരിട്ട് അറിയിക്കുന്നത്.

2. ദലാലത്തുത്തദ്വമ്മുന്‍ (دَلاَلَةُ التَّضَمُّنِ)

ഏതൊരു ആശയത്തിനാണോ ഒരു പദം വെക്കപെട്ടത് പ്രസ്തുത ആശയത്തിന്‍റെ ഒരു ഭാഗം അറിയിക്കുന്നതിനാണ് ദലാലത്തുത്തദ്വമ്മുന്‍ എന്ന് പറയുന്നത്. ഖാലിക്വ് എന്ന നാമം അല്ലാഹുവിന്‍റെ ദാത്തിനെ തനിച്ചോ അല്ലെങ്കില്‍ ഖല്‍ക്വ് എന്ന വിശേഷണത്തെ തനിച്ചോ അറിയിക്കുന്നത് ഉദാഹരണം. കാരണം ദാത്തും ഖല്‍ക്വും ഖാലിക്വ് എന്ന നാമത്തിന്‍റെ ആശയത്തില്‍ ഉള്ളടങ്ങിയതാണ്.

3. ദലാലത്തുല്‍ഇല്‍തിസാം (دَلاَلَةُ اْلاِلْتِزَامِ)

ഒരു പദംകൊണ്ട് പേരു വെക്കപ്പെട്ടതിന്‍റെ ആശയത്തിനപ്പുറം അനിവാര്യമായ ആശയങ്ങളെ അറിയിക്കുന്നതിനാണ് ദലാലത്തുല്‍ഇല്‍തിസാം എന്നു പറയുന്നത്. ഖാലിക്വ് എന്ന നാമം അല്ലാഹുവിന്‍റെ അറിവ്, കഴിവ് എന്നീ വിശേഷണങ്ങളെ അറിയിക്കുന്നത് ഉദാഹരണം. കാരണം ഖാലിക്വ് എന്ന നാമത്തിന്‍റെ ആശയം അതിനപ്പുറമുള്ള ഈ കാര്യങ്ങളെ അനിവാര്യമാക്കുന്നു. അതിനാലാണ് വാനങ്ങളുടേയും ഭൂമിയുടേയും സൃഷ്ടിപ്പിനെ കുറിച്ചു പറഞ്ഞപ്പോള്‍ അല്ലാഹു? ഇപ്രകാരം പറഞ്ഞത്:

لِتَعْلَمُوا أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا

“….അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി.” (വി. ക്വു. 65: 12)

മൂന്ന്: അല്ലാഹുവിന്‍റെ സത്താപരമായ വിശേഷണങ്ങളെ (സ്വിഫാത്തുന്‍ദാത്തിയ്യഃ) അറിയിക്കുന്നവ. അല്ലാഹുവിലുള്ളതും നിലനില്‍ക്കുന്നതും അവന്‍റെ സത്തയോട് വേര്‍പെടാത്തതുമായ വിശേഷണങ്ങളാണ് സത്താപരമായ അവന്‍റെ വിശേഷണങ്ങള്‍. അവക്ക് അവന്‍റെ മശീഅത്തുമായി ബന്ധമില്ല. അഥവാ അവന്‍ ഉദ്ദേശിച്ചാല്‍ ചെയ്യുക അല്ലെങ്കില്‍ ചെയ്യാതിരിക്കുക എന്നിങ്ങനെ അല്ലാഹുവിന്‍റെ ഉദ്ദേശ്യവുമായി അവക്ക് ബന്ധമില്ല.

അല്‍ഹയ്യ് - ഈ നാമം അല്ലാഹുവിന് അല്‍ഹയാത് എന്ന വിശേഷണത്തെ അറിയിക്കുന്നു.

അല്‍അലീം - ഈ നാമം അല്‍ഇല്‍മ് എന്ന വിശേഷണത്തെ അറിയിക്കുന്നു.

അല്‍ക്വവിയ്യ് - ഈ നാമം അല്‍ക്വുവ്വത് എന്ന വിശേഷണത്തെ അറിയിക്കുന്നു.

അല്‍അസീസ് - ഈ നാമം അല്‍ഇസ്സത് എന്ന വിശേഷണത്തെ അറിയിക്കുന്നു.

നാല്: അല്ലാഹുവിന്‍റെ പ്രവൃത്തിപരമായ വിശേഷണങ്ങളെ (സ്വിഫാത്തുന്‍ഫിഅ്‍ലിയ്യഃ) അറിയിക്കുന്നവ. ഇത്തരം നാമങ്ങള്‍ അവന്‍റെ മശീഅത്തുമായി ബന്ധപ്പെടുന്നു. അഥവാ അവന്‍ ഉദ്ദേശിച്ചാല്‍ ഇത്തരം നാമങ്ങളറിയിക്കുന്ന വിശേഷണങ്ങളെ അവന്‍ പ്രവര്‍ത്തിക്കും അല്ലെങ്കില്‍ പ്രവര്‍ത്തിക്കില്ല.

അല്‍ഖാലിക്വ് - ഈ നാമം അല്ലാഹുവിന് അല്‍ഖല്‍ക്വ് (സൃഷ്ടിപ്പ്) എന്ന വിശേഷണത്തെ അറിയിക്കുന്നു.

അത്വവ്വാബ് - ഈ നാമം അത്തൗബഃ (തൗബഃ സ്വീകരിക്കല്‍) എന്ന വിശേഷണത്തെ അറിയിക്കുന്നു.

അര്‍റസാഖ് - ഈ നാമം അര്‍റസ്ക്വ് (ഉപജീവനം നല്‍കല്‍) എന്ന വിശേഷണത്തെ അറിയിക്കുന്നു.

അല്‍ഗ്വഫൂര്‍ - ഈ നാമം അല്‍മഗ്ഫിറത് (പാപം പൊറുക്കല്‍) എന്ന വിശേഷണത്തെ അറിയിക്കുന്നു.

എന്നാല്‍ ഈ വിശേഷണങ്ങളെല്ലാം അല്ലാഹുവിന്‍റെ ഉദ്ദേശ്യമനുസരിച്ച് അവന്‍ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യും.

يَخْلُقُ اللَّهُ مَا يَشَاءُ

“ … അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു...” (വി. ക്വു. 24:45)

ۗ وَاللَّهُ يَرْزُقُ مَن يَشَاءُ

“ … അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കൊടുക്കുന്നതാണ്...” (വി. ക്വു. 2: 212)

وَيَتُوبُ اللَّهُ عَلَىٰ مَن يَشَاءُ

“ … അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു...” (വി. ക്വു. 9: 15)

يَغْفِرُ لِمَن يَشَاءُ

“ … അവന്‍ (അല്ലാഹു) ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും...” (വി. ക്വു. 48: 14)

അഞ്ച്:

ഒന്നിലധികം വിശേഷണങ്ങളെ അറിയിക്കുന്ന ധാരാളം നാമങ്ങള്‍ നാമങ്ങളുടെ കൂട്ടത്തിലുണ്ട്. കേവലം ഒരു അര്‍ത്ഥം മാത്രമല്ല ഇത്തരം നാമങ്ങള്‍ക്ക് ഉള്ളത്.

ഉദാഹരണത്തിന് അസ്വമദ് എന്ന നാമം. നേതൃത്വത്തില്‍ പൂര്‍ണതവരിച്ച സയ്യിദ്, ശറഫില്‍ പൂര്‍ണതവരിച്ച ശരീഫ്, മഹത്വത്തില്‍ പൂര്‍ണതവരിച്ച അല്‍അള്വീം, ഹില്‍മില്‍ (പെട്ടന്നു ശിക്ഷിക്കാതെ തൗബഃക്കു സാവകാശം നല്‍കല്‍) പൂര്‍ണതവരിച്ച അല്‍ഹലീം, ധന്യതയില്‍ പൂര്‍ണതവരിച്ച അല്‍ഗനിയ്യ്, ആധിപത്യത്തില്‍ പൂര്‍ണതവരിച്ച അല്‍ജബ്ബാര്‍, അറിവില്‍ പൂര്‍ണതവരിച്ച അല്‍ആലിം, ഹിക്മത്തില്‍ പൂര്‍ണത വരിച്ച അല്‍ഹാകിം, തുടങ്ങി ധാരാളം വിശേഷണങ്ങളെയാണ് അസ്സ്വമദ് എന്ന നാമം അറിയിക്കുന്നത്.

0
0
0
s2sdefault

തൗഹീദ് : മറ്റു ലേഖനങ്ങൾ