എന്താണ് ത്വാഗൂത്ത് ?

ശെയ്ഖ് സ്വാലിഹ് ബിന്‍ അബ്ദില്‍ അസീസ് ആലുശെയ്ഖ്

Last Update 2021 January 04 1442 Jumada Al-Awwal 20

വിവ. ഫദ്‍ലുൽഹഖ് ഉമരി ആമയൂർ

അവലംബ ഗ്രന്ഥം: അൽഅജ്‌വിബതു വൽബുഹൂഥു വൽമുദാറസാതുൽ മുശ്തമില അലെയ്ഹാ അദ്ദുറൂസിൽ ഇൽമിയ്യ

ചോദ്യം: ചില യുവാക്കൾ പറയുന്നു: “മറ്റുള്ള ആളുകളെ കാഫിർ എന്ന് വിളിക്കുന്നതിലും (കാഫിറാക്കൽ) അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും നിങ്ങൾ മുഴുകരുത്”. എന്നാല്‍ ത്വാഗൂതൂകളെ വെടിഞ്ഞാലല്ലാതെ തൗഹീദ് യാഥാർഥ്യമാവുകയില്ല എന്നുള്ളത് അംഗീകരിക്കപ്പെട്ട ഒരു നിയമവുമാണ്. എന്‍റെ തൗഹീദിനെ ഞാൻ യാഥാർത്ഥ്യമാക്കി എന്ന് പറയണമെങ്കിൽ ത്വാഗൂതുകളെ ഞാൻ വെടിയേണ്ടതുണ്ട്. ത്വാഗൂതുകളെ സ്വീകരിക്കൽ കുഫ്‌റാണെന്ന് ജനങ്ങൾക്ക് ഞാൻ ബോധ്യപ്പെടുത്തി കൊടുക്കേണ്ടതുമുണ്ട്. അങ്ങനെയെങ്കില്‍ എന്താണ് ഇതിനുളള മറുപടി?.

ഉത്തരം: എന്താണ് ത്വാഗൂത്? (1) പരോക്ഷമായ/ആശയ തലത്തിലുള്ള ത്വാഗൂതുണ്ട്. (സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കും അനുസരിച്ചു കൊണ്ട് വിശദീകരണം കൊടുക്കേണ്ട ഒന്നാണ് ത്വാഗൂത്.) (2) ദാതിയായ (രൂപ ഘടനയുള്ള) ത്വാഗൂതും ഉണ്ട്.

(1) പരോക്ഷമായ/ആശയ തലത്തിലുള്ള ത്വാഗൂത്ത്

അല്ലാഹു അല്ലാത്തവർക്കുള്ള ആരാധനയാണ് യഥാർത്ഥത്തിൽ ത്വാഗൂത്. അല്ലാഹു പറയുന്നു:

(لَاۤ إِكۡرَاهَ فِی ٱلدِّینِۖ قَد تَّبَیَّنَ ٱلرُّشۡدُ مِنَ ٱلۡغَیِّۚ فَمَن یَكۡفُرۡ بِٱلطَّـٰغُوتِ وَیُؤۡمِنۢ بِٱللَّهِ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰ لَا ٱنفِصَامَ لَهَاۗ وَٱللَّهُ سَمِیعٌ عَلِیمٌ)[البقرة:256]

(മതത്തിന്‍റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ താഗൂത്തുകളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.).

ത്വാഗൂതിനെ വെടിയുക എന്നുള്ളതാണ് 'ഒരു ആരാധ്യനുമില്ല' "لا إله" എന്നതിന്‍റെ അർത്ഥം. ومن يؤمن بالله "അല്ലാഹുവിൽ വല്ലവനും വിശ്വസിച്ചാൽ" (അല്ലാഹുവിന് മാത്രം/അല്ലാഹുവല്ലാതെ) എന്നുള്ളതാണ് إلا الله എന്നതു കൊണ്ടുള്ള ഉദ്ദേശം. അപ്പോൾ ത്വാഗൂതിനെ നിഷേധിച്ചാൽ അല്ലാഹുവല്ലാത്തവരോടുള്ള ആരാധനയെ നിഷേധിച്ചു.

അല്ലാഹുവിനു പുറമേ ബിംബങ്ങൾക്കും വിഗ്രഹങ്ങൾക്കും മനുഷ്യനും ജിന്നിനും കല്ലുകൾക്കുമെല്ലാമുള്ള ആരാധനകൾ ഒഴിവാക്കൽ ഇതിന്‍റെ ഭാഗമാണ്. ഇത്തരം ത്വാഗൂതുകളെ വെടിയലും നിർബന്ധമാണ്. ഇതാണ് പരോക്ഷമായ അല്ലെങ്കിൽ ആശയ തലത്തിൽ ഒഴിവാക്കപ്പെടേണ്ട ത്വാഗൂത് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

(2) ദാതിയായ (രൂപഘടനയുള്ള) ത്വാഗൂത്ത്

ഇനി എന്താണ് ദാതിയായ ത്വാഗുത്?. ത്വാഗൂതുകൾ പലതരമുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് അഞ്ചെണ്ണമാണ് എന്നാണ് പണ്ഡിതന്മാർ പറയുന്നത്. ഉദാഹരണമായി ഒരു വ്യക്തി സ്വന്തത്തെ ആരാധിക്കുന്നതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നു. ജനങ്ങളെ വരൂ, നിങ്ങൾ എന്നെ ആരാധിക്കൂ എന്ന് ഒരു വ്യക്തി പറഞ്ഞാൽ അവൻ സ്വന്തത്തെ ആരാധിക്കുന്നതിലേക്ക് മറ്റുള്ളവരെ ക്ഷണിച്ചു. അതല്ലെങ്കിൽ അല്ലാഹുവിനു പുറമേ മറ്റുള്ളവരെ ആരാധിക്കുന്നതിലേക്ക് ജനങ്ങളെ ക്ഷണിച്ചു. അതായത് ബിംബത്തെ ആരാധിക്കൂ, വിഗ്രഹത്തെ ആരാധിക്കൂ, ഇന്ന വ്യക്തിയെ നിങ്ങൾ ആരാധിക്കൂ, ജിന്നുകളെ ആരാധിക്കൂ. ഈ നിലക്ക് അല്ലാഹു അല്ലാത്ത മറ്റുള്ള ഏതിനെയും ആരാധിക്കുന്നതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നവൻ ത്വാഗൂതാണ്.

അല്ലാഹുവിന്‍റെ നിയമങ്ങളെ മാറ്റിമറിച്ചു കൊണ്ട് വിധി നടപ്പിലാക്കുന്ന അക്രമികളായ ഭരണാധികാരികളും ത്വാഗൂതിന്‍റെ ഗണത്തിലാണ് ഉൾപ്പെടുക എന്ന് പണ്ഡിതന്മാർ പറയുന്നു. ഒരു രാജ്യത്ത് ഒരു ഭരണാധികാരി വരുന്നു. എന്നിട്ട് അദ്ദേഹം ഇപ്രകാരം പറയുന്നു: ഖുർആനിൽ നിന്നും പലിശയുമായി ബന്ധപ്പെട്ട വചനങ്ങളെ നീക്കം ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നു. അല്ലാഹുവിന്‍റെ നിയമത്തെ മാറ്റിമറിക്കുകയാണ് ഈ വ്യക്തി ചെയ്യുന്നത്. വ്യഭിചാരം നിഷിദ്ധമാണ് എന്ന് പഠിപ്പിക്കുന്ന നബി വചനങ്ങൾ നീക്കം ചെയ്യുവാൻ ഞാൻ ഉദ്ദേശിക്കുന്നു. ജൂതന്മാരുമായി ബന്ധപ്പെട്ട വചനങ്ങൾ ഖുർആനിലുണ്ട്. അത് ഒഴിവാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു എന്നൊക്കെ അയാൾ പറയുന്നു. എങ്ങിനെയാണ് ഈ വ്യക്തി ഇപ്രകാരം ചെയ്യുക?. ഖുർആനിനെ നമുക്ക് ചുരുക്കി തരുകയാണോ?. അല്ലാഹുവിന്‍റെ വിധിവിലക്കുകളെയും നിയമങ്ങളെയും മാറ്റിമറിക്കുന്നവനാണിയാൾ. ഖുർആനിലുള്ള അല്ലാഹുവിന്‍റെ നിയമത്തെ മാറ്റിമറിക്കുകയാണ് ഇയാൾ ചെയ്യുന്നത്.

മറ്റൊരാൾ വന്നുകൊണ്ട് ഇപ്രകാരം പറയുന്നു: 'ഇതാണ് യഥാർത്ഥ നിയമം എന്ന് എനിക്കറിയാം. പക്ഷേ ഞാൻ അതനുസരിച്ച് പ്രവർത്തിക്കുകയില്ല. ഇങ്ങനെ പറയുന്ന ആൾ നിയമത്തെ മാറ്റിമറിക്കുന്ന ആളല്ല. അല്ലാഹുവിന്‍റെ നിയമത്തെ മാറ്റുന്നു എന്ന് അയാൾ പറഞ്ഞിട്ടില്ല. മറിച്ച് അല്ലാഹുവിന്‍റെ നിയമം നിലവിലുണ്ട്, പക്ഷേ കാലഘട്ടം ഇങ്ങിനെയാണ്, എനിക്ക് ഇന്ന ഇന്ന കാര്യങ്ങളൊക്കെ അറിയാം. സാഹചര്യങ്ങൾ എനിക്ക് ബോധ്യപ്പെടുത്തി തരുന്നത് ഇതനുസരിച്ച് പ്രവർത്തിക്കാതിരിക്കാനാണ്. അല്ലെങ്കിൽ ഇത് നീട്ടിവയ്ക്കാനാണ്. അല്ലെങ്കിൽ ഇതനുസരിച്ച് പ്രവർത്തിക്കൽ ഇപ്പോൾ എനിക്ക് പ്രയാസമാണ് തുടങ്ങിയ ന്യായങ്ങളും വിശദീകരണങ്ങളും കൊണ്ടുവരുന്ന ഒരു വ്യക്തി.

ഈ വ്യക്തിയുടെ കാരണം ബോധിപ്പിക്കൽ ചിലപ്പോൾ സ്വീകരിക്കപ്പെട്ടേക്കാം ചിലപ്പോൾ തള്ളപെട്ടേക്കാം (മാപ്പ് കൊടുക്കപ്പെടാം മാപ്പ് കൊടുക്കപ്പെടാതിരിക്കാം). അത് സാഹചര്യങ്ങളെ പരിഗണിച്ചു കൊണ്ടാണ്.

ഈ വിശദീകരണം കൊണ്ട് ഞാൻ ഉദ്ദേശിച്ചത്; അല്ലാഹുവിലുള്ള വിശ്വാസവും ത്വാഗൂതുകളെ വെടിയലും മനസ്സുമായി ബന്ധപ്പെട്ട ഒരു വിശ്വാസമാണ്. അല്ലാഹുവിലും അവന്‍റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും പരലോകത്തിലും നന്മയും തിന്മയും അല്ലാഹുവിൽ നിന്നുള്ളതാണെന്ന ഖദ്റിലും നീ വിശ്വസിക്കുന്നു. ഇവയല്ലേ ഈമാൻ കാര്യങ്ങൾ?.

അപ്പോൾ ഈ ആറു കാര്യങ്ങളിലുള്ള വിശ്വാസമാണ് ഒരു വ്യക്തിയുടെ ഈമാനിനെ യാഥാർഥ്യമാക്കുന്നത്. ഇനി നമുക്ക് ത്വാഗൂതുകളെ വെടിയുന്നതിലേക്ക് വരാം.

(ത്വാഗൂത്തിനെ വെടിയുക എന്നതിന്‍റെ വിവക്ഷ)

അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്നവയെ ഒഴിവാക്കലാണത്. لا اله الا الله എന്നു പറഞ്ഞാൽ ആരാധനക്കർഹനായിക്കൊണ്ട് അള്ളാഹു അല്ലാതെ മറ്റാരും ഇല്ല എന്നുള്ളതാണ്.

ആരാധിക്കപ്പെടുന്നവ ധാരാളമുണ്ട്. സൂര്യനെയും ചന്ദ്രനെയും ആരാധിക്കുന്നവരുണ്ട്. വ്യക്തികളെ ആരാധിക്കുന്നവരുണ്ട്. ശൈഖന്മാരെ ആരാധിക്കുന്നവരുണ്ട്. എന്തിനേറെ അമ്പിയാക്കളേയും മലക്കുകളെയും ആരാധിക്കുന്നവരുണ്ട്. കഴിഞ്ഞ കാലഘട്ടങ്ങളിലും ഇക്കാലഘട്ടത്തിലും അറിയപ്പെട്ട ഒരു കാര്യമാണിത്.

അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നതെല്ലാം നിഷേധിക്കലും വെടിയലും നിർബന്ധമാണ്. ഓരോ ആളുകളും ഏതൊന്നിനെ ആരാധിക്കാനാണ് ഇഷ്ടപ്പെടുന്നത് അതിനെ ആരാധിച്ചു കൊള്ളട്ടെ അതിൽ തടസ്സമില്ല എന്ന് വല്ലവനും പറഞ്ഞാൽ നീ അല്ലാഹുവിൽ വിശ്വസിക്കുകയും അല്ലാഹുവിനു പുറമെയുള്ള ആരാധിക്കപ്പെടുന്നവയെ ഒഴിവാക്കുകയും ചെയ്യണമെന്ന് ആ വ്യക്തിയോട് പറയേണ്ടതുണ്ട്. കാരണം അല്ലാഹുവിന്‍റെ ഹഖീഖത്തിൽ (യാഥാർത്ഥ്യം) ആ വ്യക്തി വിശ്വസിച്ചിട്ടില്ല. ത്വാഗൂതുകളെ അവൻ വെടിഞ്ഞിട്ടുമില്ല.

ഈ വിഷയം അല്ലാഹു വിശുദ്ധ ഖുർആനിൽ വളരെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇബ്രാഹിം നബിയുടെ ചരിത്രം പരിശോധിക്കുമ്പോൾ നമുക്കത് കാണുവാൻ സാധിക്കും. സൂറത്തു സുഖ്റുഫിൽ ഇപ്രകാരം കാണാം:

(وَإِذۡ قَالَ إِبۡرَ ٰ⁠هِیمُ لِأَبِیهِ وَقَوۡمِهِۦۤ إِنَّنِی بَرَاۤءࣱ مِّمَّا تَعۡبُدُونَ ۝ إِلَّا ٱلَّذِی فَطَرَنِی فَإِنَّهُۥ سَیَهۡدِینِ ۝ وَجَعَلَهَا كَلِمَةَۢ بَاقِیَةࣰ فِی عَقِبِهِۦ لَعَلَّهُمۡ یَرۡجِعُونَ) [الزخرف:26 - 28]

(ഇബ്‌റാഹീം തന്‍റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നവനാകുന്നു. എന്നെ സൃഷ്ടിച്ചവനൊഴികെ. കാരണം തീര്‍ച്ചയായും അവന്‍ എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ്‌. അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ (സത്യത്തിലേക്കു) മടങ്ങേണ്ടതിനായി അതിനെ (ആ പ്രഖ്യാപനത്തെ) അദ്ദേഹം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വചനമാക്കുകയും ചെയ്തു.)

ഇതാണ് തൗഹീദിന്‍റെ വചനമായ لا إله إلا الله യുടെ അകക്കാമ്പ്.

0
0
0
s2sdefault

തൗഹീദ് : മറ്റു ലേഖനങ്ങൾ