ഹൃദയത്തില്‍ ചൊറിച്ചിലുണ്ടാക്കുന്നത്

അന്‍വര്‍ അബൂബക്കര്‍

Last Update 15 June 2025, 19 Dhuʻl-Hijjah, 1446 AH, 1446 AH

ചോദ്യം: നിന്റെ ഹൃദയത്തില്‍ ചൊറിച്ചിലുണ്ടാക്കുന്നതും ജനങ്ങള്‍ അറിയുന്നത് നീ ഇഷ്ടപെടാത്തതുമായ കാര്യം എന്താണെന്നാണ് നബിﷺ പറഞ്ഞത് ?

ഉത്തരം: പാപം (തിന്മ)

നവാസ് ബ്നു സംആന്‍ അന്‍സാരി(റളിയല്ലാഹു അന്‍ഹു) നിവേദനം: ഞാന്‍ നബിﷺയോട് പുണ്യത്തെക്കുറിച്ചും പാപത്തെക്കുറിച്ചും ചോദിച്ചു. അപ്പോള്‍ നബിﷺ പറഞ്ഞു: പുണ്യം സല്‍സ്വഭാവമാണ്. പാപം നിന്റെ ഹൃദയത്തില്‍ ചൊറിച്ചിലുണ്ടാക്കുന്നതും ജനങ്ങള്‍ അറിയുന്നത് നീ ഇഷ്ടപ്പെടാത്തതുമാണ്" (മുസ്‍ലിം 2553)

സല്‍സ്വഭാവം ജീവിതത്തിന്റെ അനിവാര്യ ഘടകമാണെന്നും നല്ല പെരുമാറ്റത്തിലാണത് പ്രകടമാവുന്നതെന്നും നബി(ﷺ)യുടെ ഈ ഉപദേശം വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം ആത്മപരിശോധന നടത്തുന്നവന് കുടുംബത്തിലും സമൂഹത്തിലും സന്തോഷം കൊണ്ടുവരാന്‍ കഴിയും. മറ്റുള്ളവരെ മനസ്സിലാക്കാനും ആദരിക്കാനും ഇത് സഹായിക്കും. ദയയും കരുണയും ഉള്‍ക്കൊള്ളുന്ന സ്വഭാവം അല്ലാഹുവിന്റെ സാമിപ്യം നേടിയെടുക്കാനുളള വഴി എളുപ്പമാക്കും. നബി(ﷺ) തന്റെ പ്രബോധനത്തോടൊപ്പം ഉത്തമ സ്വഭാവം കൊണ്ടാണ് ആളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്. വിശ്വാസത്തിന്റെ പ്രത്യക്ഷ രൂപമായ പുണ്യം നമ്മുടെ സ്വഭാവത്തിലൂടെ പ്രകടമാകണം. ഒരാള്‍ എങ്ങനെ പെരുമാറുന്നു എന്നത് ഇസ്‍ലാമില്‍ അത്യന്തം പ്രാധാന്യം അറിയിക്കുന്നതാണെന്ന് ഈ കാര്യങ്ങളെല്ലാം അടിവരയിടുന്നു.

മനുഷ്യന്‍ എന്തെങ്കിലും തെറ്റായത് ചെയ്യുമ്പോള്‍ ഹൃദയത്തില്‍ ഒരു അസ്വസ്ഥത ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനാല്‍, മനസ്സാക്ഷിയെ മാനിച്ച് വിശ്വാസ്യതയുള്ളവനായി ജീവിക്കാന്‍ സത്യവിശ്വാസികള്‍ തയ്യാറാകണം. ശരിയെയും തെറ്റിനെയും തിരിച്ചറിയാന്‍ ഒരു വ്യക്തിയുടെ ആത്മപരിശോധന അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍, വിവിധ തരത്തിലുളള ന്യായീകരണങ്ങളിലൂടെ ചെയ്തുപോയ തെറ്റുകളെ മറയ്ക്കാന്‍ അവന് പ്രവണതയുണ്ടാകും. ഒരു പ്രവൃത്തി ചെയ്തത് ജനങ്ങള്‍ അറിയുമ്പോള്‍ അസ്വസ്ഥതയുണ്ടാവുകയാണെങ്കില്‍, അതിനര്‍ത്ഥം അത് നല്ലതല്ല എന്നതിന്റെ സൂചനയാണെന്നാണ് നബി(ﷺ) പഠിപ്പിക്കുന്നത്. ഒരു നല്ല പ്രവൃത്തിക്ക് മറച്ചു വെക്കേണ്ട ആവശ്യം വരില്ല എന്നര്‍ത്ഥം.

മനുഷ്യന്‍ ധാര്‍മ്മികതയുള്ളവനാകണമെങ്കില്‍, ഹൃദയത്തില്‍ കുറ്റബോധം ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ മുഴുവനായും ഒഴിവാക്കണം. ഒരു ദുഷ്പ്രവൃത്തി പുറത്തറിയാതിരിക്കാന്‍ ശ്രമിക്കുന്നതിനു പകരം, അത് ചെയ്യാതിരിക്കാനാളല്ലോ വിശ്വാസികള്‍ ശ്രമിക്കേണ്ടത്.

നല്ല പ്രവൃത്തികളും പാപങ്ങളും തിരിച്ചറിയാന്‍ ഹൃദയം ഉണര്‍വോടെ പ്രവര്‍ത്തിക്കുകയും സത്യവിശ്വാസം ശക്തമായിരിക്കുമ്പോള്‍ ഈ ബോധം കൂടുതല്‍ മൂര്‍ച്ചയുളളതാവുകയും ചെയ്യും. ഇതെല്ലാം നമ്മെ പഠിപ്പിക്കുന്നത്, നല്ലതും നല്ലതല്ലാത്തതും തിരിച്ചറിയാനുള്ള ശക്തി നമ്മുടെ ഹൃദയത്തിനുണ്ട്, അതിനാല്‍ മനസ്സാക്ഷിയുടെ ശുദ്ധിയും, അല്ലാഹുവിന്റെ മാര്‍ഗ്ഗനിര്‍ദേശവും അനുസരിച്ചാണ് ഒരാള്‍ ശരിയായ വഴി തെരഞ്ഞെടുക്കേണ്ടത്.

അല്ലാഹു പറഞ്ഞു: “ആത്മാവും, അതിനെ സംവിധാനിച്ചതും തന്നെയാണ സത്യം! എന്നിട്ട്, അതിന് അതിന്‍റെ ദുഷ്ടതയും , അതിന്‍റെ സൂക്ഷ്മതയും അവന്‍ തോന്നിപ്പിച്ച് കൊടുക്കുകയും ചെയ്തിരിക്കുന്നു.” (അശ്ശംസ് 7-8)

തസ്‌കിയ : മറ്റു ലേഖനങ്ങൾ