നന്മകളും തിന്മകളും: പ്രതിഫലത്തിലെ വ്യത്യാസം

അന്‍വര്‍ അബൂബക്കര്‍

Last Update 2025 April 28, 30 Shawwal, 1446 AH

ചോദ്യം: ഒരാള്‍ ഒരു നന്മ ചെയ്താല്‍ അതവന് പത്ത് നന്മ മുതല്‍ എഴുനൂറ് വരെയോ അല്ലെങ്കില്‍ വളരെയധികം ഇരട്ടിവരെയും രേഖപ്പെടുത്തുമെന്ന് നബി(ﷺ) പറഞ്ഞു. ഒരാള്‍ ഒരു തിന്മ ചെയ്താല്‍ അതവന് എത്ര തിന്മയായിട്ടാണ് രേഖപ്പെടുത്തുക?

ഉത്തരം: ഒരു തിന്മ

മുഹമ്മദ് നബിﷺ പറഞ്ഞു; അല്ലാഹു പറഞ്ഞിരിക്കുന്നു: "നിങ്ങളുടെ റബ്ബ് അങ്ങേയറ്റം കരുണയുള്ളവനാണ്. ഒരാള്‍ ഒരു നന്മ ചെയ്യാന്‍ ഉദ്ദേശിച്ചിട്ട്, അതു ചെയ്യാതെ വിട്ടാല്‍, അവനത് ഒരു നന്മയായി രേഖപ്പെടുത്തും. അതു ചെയ്താല്‍, പത്ത് നന്മകളായി, അല്ലെങ്കില്‍ എഴുനൂറ് ഇരട്ടിവരെയും അതില്‍ കൂടുതലായും രേഖപ്പെടുത്തും. ഒരാള്‍ ഒരു തിന്മ ചെയ്യുവാന്‍ ഉദ്ദേശിച്ചിട്ടും അത് ചെയ്യാതിരുന്നാല്‍, അവന് അതിനു വേണ്ടി ഒരു നന്മ രേഖപ്പെടുത്തും. അവനത് ചെയ്താല്‍, ഒരൊറ്റ തിന്മയായി മാത്രമേ രേഖപ്പെടുത്തൂ. ചിലപ്പോള്‍ അല്ലാഹു അത് മാപ്പാക്കി കൊടുക്കുകയും ചെയ്യും. നാശമടയുന്നത്, നാശം വരുവാന്‍ തനിക്കുതന്നെ വഴിയൊരുക്കിയവനല്ലാതെ മറ്റാരും അല്ല". (മുസ്നദ് അഹ്‍മദ്, അഹ്‍മദ് ശാകിര്‍ ഹദീഥിന്‍റെ സനദ് സ്വഹീഹാണെന്ന് വിശേഷിപ്പിച്ചു)

നമ്മുടെ റബ്ബ് എത്രമാത്രം കരുണയുളളവനാണെന്ന് ഈ ഹദീസ് നമ്മെ പ്രബുദ്ധമാക്കുന്നുണ്ട്. ഒരു അടിമ ഒരു നന്മ ചെയ്യാന്‍ ഉദ്ദേശം വെച്ചിട്ടും, പല കാരണങ്ങളാല്‍ അതു ചെയ്യാന്‍ കഴിയാതെ പോയാലും, അവന്‍റെ ഹൃദയത്തില്‍ ഉണ്ടായ സത്യസന്ധമായ ആഗ്രഹത്തെ അടിസ്ഥാനമാക്കി അല്ലാഹു അവനത് ഒരു നന്മയായി രേഖപ്പെടുത്തുന്നു. ആധുനികമായ സാഹചര്യങ്ങളില്‍ മനുഷ്യര്‍ക്ക് തങ്ങളുടെ തത്വശാസ്ത്രവും യുക്തിയും ഉപയോഗിച്ച് ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ പോലും പൂര്‍ണമായും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. എങ്കിലും, അല്ലാഹു തന്‍റെ അതിവിശാലമായ കരുണയുടെ പരിധിയില്‍ നിന്നുകൊണ്ട്, തന്റെ അടിമയുടെ ഏതൊരു ആഗ്രഹത്തെയും നോക്കി അതിന്റെ പ്രതിഫലം നല്‍കാന്‍ ഉദ്ദേശിക്കുന്നു. നമ്മുടെ റബ്ബ്, തന്‍റെ അടിമകളോടുള്ള കരുണയില്‍ എത്ര അദ്വിതീയനാണെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

അല്ലാഹുവിന്റെ അടിമ ഒരു നന്മ ചെയ്യുവാന്‍ ഉദ്ദേശിച്ചിട്ടതു ചെയ്താല്‍ അത് അവന് പത്ത് നന്മകളായും, എഴുന്നൂറു വരെ അല്ലെങ്കില്‍ വളരെയധികം ഇരട്ടിയുമായി രേഖപ്പെടുത്തും. ഈ പ്രതിഫലത്തിലുളള വ്യത്യാസം, അവന്റെ മനസ്സിലെ ഈമാനിന്റെയും ഇഖ്‌ലാസിന്റെയും അടിസ്ഥാനത്തിലാണ് നിര്‍ണ്ണയിക്കപ്പെടുന്നത്. കൂടാതെ, പ്രവാചകന്‍റെ സുന്നത്തിനെ അനുധാവനം ചെയ്യുന്നതിനനുസരിച്ചുള്ള തോതും പരിഗണിക്കപ്പെടുന്നു. നമ്മുടെ റബ്ബ്, കരുണാനിധിയായ അല്ലാഹു, തന്‍റെ അടിമകളുടെ നന്മയ്ക്ക് പ്രതിഫലം നല്‍കുന്നത്, അവന്റെ അതിവിശാലമായ കരുണയുടെ ഭാഗമായിട്ടാണ്. ഇങ്ങനെ, ഈമാനും സുന്നത്തും അടിസ്ഥാനമാക്കി, ഓരോ വ്യക്തിക്കും ലഭിക്കുന്ന പ്രതിഫലത്തിന്റെ തോത് എത്രയെന്ന് മനസ്സിലാക്കുന്നവന്‍ അല്ലാഹു മാത്രമാണ്!.

അല്ലാഹുവിന്‍റെ അടിമ ഒരു തിന്മ ചെയ്യുവാന്‍ ഉദ്ദേശിച്ചു, എന്നിട്ടവന്‍ അത് ചെയ്തില്ലെങ്കില്‍ പോലും അതവന് ഒരു നന്മയായി രേഖപ്പെടുത്തും. പണ്ഡിതന്‍മാര്‍ ഈ കാര്യം വിശദീകരിക്കുന്നത്, ഒരു അടിമ പറയപ്പെട്ട തിന്മ ഒഴിവാക്കുന്നത് അല്ലാഹുവിന് വേണ്ടിയാണെങ്കില്‍ മാത്രമെ അതിന്‍റെ പേരില്‍ അവന് ഒരു പ്രതിഫലം രേഖപ്പെടുത്തുകയുള്ളൂ എന്നാണ്. ഇബ്നു കഥീര്‍(റഹിമഹുല്ലാഹ്) വിശദീകരിച്ചു: "അറിയുക, തിന്മ പ്രവര്‍ത്തിക്കാതെ വിട്ടുകളയുന്നവര്‍ മൂന്ന് തരത്തിലായിരിക്കും: ഒന്ന്: ചിലപ്പോള്‍ അവര്‍ അല്ലാഹുവിന് വേണ്ടിയത് ഉപേക്ഷിച്ചതായിരിക്കും. ഇവര്‍ അല്ലാഹുവിനെ ഉദ്ദേശിച്ച് ഒഴിഞ്ഞ് നിന്നതിനാല്‍ അതൊരു നന്മയായി രേഖപ്പെടുത്തുന്നു. അതവരടെ ഉദ്ദേശ്യവും കര്‍മവുമായിട്ടാണ് പരിഗണിക്കുന്നത്. ബലപ്പെട്ട ചില രിവായത്തുകളില്‍ വന്നതുപോലെ ‘എന്‍റെ ഹേതുവായിട്ടാണ് അവന്‍ ആ തിന്മയെ ഉപേക്ഷിച്ചത്’ എന്നത് അതിന് കാരണമായി പറഞ്ഞിരിക്കുന്നു. രണ്ട്: ചിലപ്പോള്‍ മറവികൊണ്ടോ അശ്രദ്ധകൊണ്ടോ ആയിരിക്കും ആ തിന്മ അവന്‍ ഉപേക്ഷിക്കുന്നത്. ഇത് അവന് ഗുണവും ദോഷവും ആകുന്നില്ല. കാരണം, അവന്‍ ഇത് രണ്ടും ചെയ്തിട്ടില്ല. മൂന്ന്: ചിലപ്പോള്‍ അവന് അത് സാധ്യമല്ലാത്തത് കൊണ്ടോ, അതിനള്ള മാര്‍ഗങ്ങളും പരിശ്രമങ്ങളും നടത്തി കുഴങ്ങിയതുകൊണ്ടോ ആയിരിക്കും ആ തിന്മ ചെയ്യാതെ ഉപേക്ഷിക്കുന്നത്. ഇങ്ങനെയുള്ളവന്‍ ആ തിന്മ പ്രവര്‍ത്തിച്ചവന് സമമായിരിക്കും. കാരണം, പ്രബലമായ ഹദീസില്‍ രണ്ട് മുസ്ലിംകള്‍ വാളുമായി പരസ്പരം പോരാടിയാല്‍ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ് എന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. കൊലയാളിയുടെ കാര്യം മനസ്സിലാക്കാം, എന്നാല്‍ കൊല്ലപ്പെട്ടവന്റെ കാര്യമെന്താണ് അങ്ങനെയെന്ന് സഹാബികള്‍ ചോദിച്ചപ്പോള്‍ അവന്‍ തന്റെ ചങ്ങാതിയെ കൊലപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നവനായിരുന്നല്ലോ എന്നാണ് നബിﷺ അതിന് ഉത്തരം നല്‍കിയത്." (തഫ്സീര്‍ ഇബ്നു കഥീര്‍, സൂറഃ അന്‍ആം 160 വ്യാഖ്യാനം)

അല്ലാഹുവിന്റെ അടിമ ഒരു തിന്മ ചെയ്താല്‍, അത് അവന് ഒരു തിന്മയായി മാത്രമാണ് രേഖപ്പെടുത്തുക. ചിലപ്പോള്‍, അല്ലാഹു തന്റെ മഹത്തായ ഔദാര്യത്തോടെ തന്റെ അടിമക്ക് ആ ഒരു ദോഷം ബാധിക്കാതെ, അത് മാപ്പാക്കി കൊടുക്കുകയും ചെയ്യും.

ഇപ്രകാരം, അല്ലാഹു തന്റെ അടിമകള്‍ക്ക് നന്മകള്‍ കൂടുതല്‍ നേടിയെടുക്കാനുള്ള അവസരങ്ങള്‍ നല്‍കുകയും, അവന്റെ വിശാലമായ കാരുണ്യവും അനുഗ്രഹവും അവര്‍ക്ക് കര്‍മ്മങ്ങള്‍ സുമനസ്സോടെ ചെയ്യാനുളള പ്രചോദനമായി ചൊരിഞ്ഞുകൊടുക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നത് നരകത്തിലായിരുക്കുമത്രെ!. അതുകൊണ്ടാണ് അല്ലാഹുവിന്‍റെ പ്രവാചകന്‍ﷺ പറഞ്ഞത് “നാശമടയുന്നത്, നാശം വരുവാന്‍ തനിക്കുതന്നെ വഴിയൊരുക്കിയവനല്ലാതെ മറ്റാരും അല്ല.”

തസ്‌കിയ : മറ്റു ലേഖനങ്ങൾ