ഫഖീഹ് പിൽക്കാലക്കാരുടെ സാങ്കേതിക സംജ്ഞയിൽ

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2022 July 04, 5 Dhuʻl-Hijjah, 1443 AH

പിൽക്കാലക്കാർ ഫിഖ്ഹ് എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഇസ്ലാമിക നിയമങ്ങളെക്കുറിച്ചുള്ള അറിവിനാണ്. ആദ്യ കാലഘട്ടത്തിനുശേഷം ഇസ്ലാമിക അനുഷ്ഠാന കർമ്മങ്ങൾക്ക് മാത്രമായി ആ പദം പ്രയോഗിച്ചു. സദ്റുശ്ശരീഅ: പറയുന്നു,

بعد الصدر الاول اختص علم الفقه باستنباط الاحكام العملية من الادلة التفصيلية بالطريق العموم والشمول، او بطريق الا ستتباع، فتصرفوا فيه بالتخصيص، لا بالنقل والتحويل (التوضيح على التنفيح١/ ٧٨)

ആദ്യഘട്ടത്തിനുശേഷം, കർമ്മപരമായ വിധികളെ സമ്പൂർണ്ണവും സമഗ്രവുമായ വിശദമായ തെളിവുകൾ മുഖേനയോ പരിശോധനയിലൂടെയോ ആവിഷ്കരിച്ചെടുക്കുന്നതിന് മാത്രമായി “ഇല്‍മുല്‍ഫിഖ്ഹ്“ എന്ന് പ്രയോഗിച്ചു. ആ വിഷയങ്ങൾക്ക് മാത്രമായി അവരത് കൈകാര്യം ചെയ്തു (തൗളീഹ് 1/78)

ആദമി ഫിഖ്ഹിനെ നിർവചിച്ചുകൊണ്ട് പറഞ്ഞു,

العلم بالاحكام الشرعية العملية من ادلتها التفصيلية (الاحكام في اصول الاحكام ١/ ٥)

"കർമ്മാനുഷ്ഠാന വിധികളെ വിശദമായ പ്രമാണങ്ങളിൽ നിന്ന് മനസ്സിലാക്കലാണത്" അത് ഇമാം ശാഫിയുടെ അഭിപ്രായമാണെന്ന് ആദമി പറയുന്നു. താജുദ്ദീനുസ്സുബുകി അതിനെ നിർവ്വചിച്ചതിങ്ങനെയാണ്.

العلم بالاحكام الشرعيه العمليه المكتسب من ادلتها التفسيليه (جمع الجوامع ١/٤٢)

വിശദമായ പ്രമാണങ്ങളിൽ നിന്ന് മതപരമായ കർമ്മാനുഷ്ഠാന വിധികൾ നേടിയെടുക്കുന്ന അറിവാണത്. (ജംഉൽജവാമിഅ് 1/42)

ഫിഖ്ഹിനെ സംബന്ധിച്ച് അവരുടെ നിർവചനങ്ങൾ സൂക്ഷ്മങ്ങളാണ്. മുസ്ലിം പണ്ഡിതന്മാരുടെ വീക്ഷണകോണുകൾ അതിൽ നിന്ന് പ്രകടമാണ്. ഈ നിർവചനങ്ങളിലെ മൂലഘടകങ്ങൾ താഴെ കൊടുക്കുന്നു.

(1) ഫിഖ്ഹ് ഒരു അറിവാണ്. പ്രത്യേക വിഷയവും പ്രത്യേക അടിത്തറയും അതിനുണ്ട് ഈ അടിത്തറയിലാണ് കർമശാസ്ത്ര പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിലും ഗവേഷണങ്ങളിലും മതവിധികളിലും അത് പഠനവിധേയമാക്കിയത്. ചില പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളതുപോലെ അതൊരു കലയല്ല.

(2) ഫിഖ്ഹ് ഇസ്ലാമിക ശരീഅത്ത് വിധികളെക്കുറിച്ചുള്ള അറിവാണ്. ശരീഅത്ത് വിധികൾ ശറഇൽ നിന്ന് സ്വീകരിക്കുന്നവയാണ്. ബുദ്ധിയിൽനിന്ന് ചിന്തിച്ച് കണ്ടെത്തുന്നവയല്ല. അല്ലെങ്കിൽ ഇന്ദ്രിയങ്ങളാൽ കണ്ടെത്തുന്നതുമല്ല. അഗ്നി കരിച്ചു കളയാൻ ശേഷിയുള്ളതാണെന്ന് പറയുന്നതുപോലെയുള്ള ഇന്ദ്രിയദായക അറിവല്ല ഫിഖ്ഹ്. അല്ലെങ്കിൽ കർത്താവായ പദത്തിന് ‘റഫ്ആണ്’ കർമ്മത്തിന് ‘നസ്‍ബാണ്’ എന്നിങ്ങനെ അറബി ഭാഷയിൽ സ്ഥിരപ്പെട്ട നിയമങ്ങളുമല്ല അത്. പ്രത്യുത ശാരിഅ് (നിയമ ദാതാവ്) ആയ അല്ലാഹു നിശ്ചയിച്ച ഒരു അടിസ്ഥാന നിയമമാണ് മതപരമായ വിധി. ഈ അടിസ്ഥാന നിയമങ്ങൾക്ക് ചിലപ്പോൾ നിശ്ചിതമായ ഒരു വിധിയുണ്ടാകും. അപ്പോഴവയെ “ഹുകുമു ശ്ശറഇയ്യുത്തക്‍ലീഫീ” എന്നു പറയും ചിലപ്പോൾ തക്‍ലീഫ് ഉണ്ടാവണമെന്നില്ല. അപ്പോഴതിന് “ഹുകുമു ശ്ശറഇയ്യുല്‍വളഇയ്യ്” എന്നും പറയും.

ഉദാഹരണമായി കടംവീട്ടല്‍ നിര്‍ബ്ബന്ധമാണ്. കൊല നിഷിദ്ധവുമാണ്. ഒന്നാമത്തേത് വുജൂബും (നിർബന്ധം) രണ്ടാമത്തേത് ഹറാമു (നിഷിദ്ധവു) മാണ് ഇവ രണ്ടും ശറഇയ്യായ തക്‍ലീഫാണ്. അതായത് ചെയ്യണം ചെയ്യരുത് എന്ന കൽപന അതിലുണ്ട്.

വളഇയ്യായ ഹുക്മിന് ഉദാഹരണം: ഭ്രാന്തന്‍റെ ഇടപാടുകൾ عقد)) ബാത്വിലാണെന്ന് മതത്തിലെ നിയമമാണ്. അപ്പോള്‍ ബാത്വിലുകള്‍ ഹുക്മുല്‍ വളഇയ്യാണ്. കാരണം ഒരു വിധ തക്‍ലീഫും (നിയമം ചുമത്തൽ) കൂടാതെത്തന്നെ ഭ്രാന്തന്‍റെ ഉടമ്പടികളുടെ ഫലമായി തന്നെ അത് ബാത്വിലായിത്തീരുന്നതാണ്.

(3) ഫിഖ്ഹ് മതപരമായ കർമാനുഷ്ഠാന വിധികളെക്കുറിച്ചുള്ള അറിവാണ് കർമ്മാനുഷ്ഠാനം എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്, മനുഷ്യരുടെ ആരാധനാകർമങ്ങളിലും ദൈനംദിന ഇടപാടുകളിലും ഉണ്ടാകുന്ന ഫിഖ്ഹിയ്യായ വിധികൾ എന്നാണ്. കർമ്മപരമായ വിധികളുടെ എതിരായിട്ടുള്ളത് വിശ്വാസപരമായ വിധികളാണ്. അതിൻറെ ബന്ധം ശരീരത്തോടല്ല മനസ്സിനോടാണ്.

(4) ഇല്‍മുല്‍ ഫിഖ്ഹ് വിശദമായ തെളിവുകളിൽ നിന്ന് നേടുന്നതാണെന്ന് അതിന്‍റെ നിർവ്വചനത്തില്‍ വന്നിട്ടുണ്ട്. അതിന്‍റെയർത്ഥം അഹ്കാമുകള്‍ക്ക് ഇല്‍മുല്‍ ഫിഖ്ഹ് എന്നു പറയണമെങ്കിൽ ശറഇയ്യായ പ്രമാണങ്ങളിൽ നിന്ന് കണ്ടെത്തിയതും അതിനെ അവലംബിച്ചുണ്ടായതുമാകണം. ഫഖീഹ് എല്ലാവിധ വിധികളെയും അതിൻറെ പ്രമാണങ്ങളെ അവലംബിച്ചു പറയുന്നവനാണ്. അപ്പോൾ ഇസ്ലാമിക നിയമങ്ങൾ -ഇസ്ലാമിക കർമശാസ്ത്രം- ഒരു രാഷ്ട്രനിർമ്മിത നിയമങ്ങളല്ല. പ്രത്യുത മതപരമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട മതപരമായ നിയമങ്ങളാണ്.

അപ്പോള്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിച്ച് രൂപം കൊള്ളുന്ന വിധികളാണ് ഫിഖ്ഹ് എന്നു പരിമിതപ്പെടുത്തുമ്പോൾ (ചിന്ത കൂടാതെ മുഖല്ലിദുകള്‍ - അനുകരിക്കുന്നവർ) സ്വീകരിക്കുന്ന വിധികള്‍ ഫിഖ്ഹ് എന്നതിന്‍റെ അർത്ഥ മണ്ഡലത്തിൽ വരികയില്ല

الأدلة التفصيلية (വിശദമായ തെളിവുകൾ-പ്രമാണങ്ങൾ) എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഖുർആനിലെയും ഹദീസുകളിലെയും തെളിവുകളാണ്. ഉദാഹരണമായി,

حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنْزِيرِ

ശവം,രക്തം,പന്നിമാംസം എന്നിവ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു (മാഇദ: 3)

നബി صلى الله عليه مسلم പറഞ്ഞു,

عَنْ أَبِي مُوسَى، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: أُحِلَّ الذَّهَبُ وَالْحَرِيرُ لِإِنَاثِ أُمَّتِي، وَحُرِّمَ عَلَى ذُكُورِهَا (الترمذي والنسائي)

(സ്വർണ്ണവും പട്ടും എന്‍റെ സമുദായത്തിലെ സ്ത്രീകൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. പുരുഷന്മാർക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്നിങ്ങനെയുള്ള തെളിവുകളാണ്).

ഇതിൻറെ വിപരീതമായി വരുന്നതാണالأدلة الإجمالية (മൊത്തത്തിലുള്ള തെളിവുകൾ). ഉസൂലുൽ ഫിഖ്ഹിന്‍റെ പണ്ഡിതന്മാരുടെ ചിന്തകൾ ആവശ്യമായ ഇടമാണിത്. അതായത് തെളിവുകളുടെ ഉസൂലുകളിൽ ധാരാളം ചർച്ചകളും ഗവേഷണങ്ങളും ഇവിടെ ആവശ്യമായി വരുന്നു. അതായത് ക്വുർആൻ, സുന്നത്ത് ഇജ്മാഅ്, ഖിയാസ് എന്നിവകളിൽ. അതുപോലെ ക്വുർആനിലെയും ഹദീഥിലെയും തെളിവുകളുടെ വകഭേദങ്ങളിൽ (ജിന്‍സുകളില്‍) അവർ ഗവേഷണം നടത്തുന്നു. ഉദാഹരണമായി: കൽപന ( الامر ) നിർബന്ധത്തെ (وجوب) ധ്വനിപ്പിക്കുന്നു; വിരോധം (نهي) നിഷിദ്ധത്തെ (تحريم) സൂചിപ്പിക്കുന്നുവെന്ന് പറയുന്നതുപോലെ.

ഫിഖ്ഹ് എല്ലാവിധ ഹുകുമുകളെയും ഉൾക്കൊള്ളുന്നു

മതത്തിലെ ഖണ്ഡിതമായ (القطعية) എല്ലാവിധ ഹുകുമുകളും ഫിഖ്ഹിൽ ഉൾപ്പെടുമെന്ന് അതിന്‍റെ നിർവചനത്തിൽ നിന്ന് മനസ്സിലാക്കാം. ളുഹ്ർ നമസ്കാരം നിർബന്ധമാണ്, മദ്യം നിഷിദ്ധമാണ് എന്നതുപോലുള്ള കാര്യങ്ങൾ. അപ്രകാരം സംശയകരമായ (ظنية) വിധികളും, സ്ത്രീകളെ സ്പർശിച്ചാൽ വുദു മുറിയുമോ, ഇല്ലയോ? തല മുഴുവൻ തടവണമോ, അല്പം തടവിയാൽ മതിയോ? എന്നിവ പോലുള്ള കാര്യങ്ങൾ. ഖണ്ഡിതമായ മസ്അലകൾ ഫിഖ്ഹിൽപ്പെടുകയില്ലെന്ന് പറയുന്ന ചില പണ്ഡിതന്മാരുണ്ട്. റാസി ആ അഭിപ്രായക്കാരനാണ്. റാസിയെ ഖണ്ഡിച്ചുകൊണ്ട് ഇബ്നു ഹുമാം പറയുന്നത് സംശയകരമായ കാര്യമാണ്. ഇല്‍മുൽ ഫിഖ്ഹിൽ ഉൾപ്പെടാത്തത് എന്നാണ്. ഖണ്ഡിതമായ കാര്യങ്ങളെ മാത്രം അദ്ദേഹം ഫിഖ്ഹിൽ ഉൾപ്പെടുത്തിയിരുന്നു എന്നാൽ ഈ രണ്ടു പക്ഷക്കാരെയും എതിർത്തുകൊണ്ട് എല്ലാ വിഭാഗത്തിൽപ്പെട്ട ഫുഖഹാക്കളും അവരുടെ ഗ്രന്ഥങ്ങളിൽ എല്ലാവിധ വിധികളും ഖണ്ഡിതമാകട്ടെ, സംശയകരമായതാവട്ടെ (قطعية كانت أو ظنية) ഫിഖ്ഹില്‍ ഉള്‍പ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ