മഹാന്മാരായ മുഹദ്ദിഥുകൾ ദുർബലന്മാരിൽ നിന്ന് റിപ്പോർട്ട് ചെയ്തതെന്തിന്?

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2023 July 07, 19 Dhuʻl-Hijjah, 1444 AH

 

മഹാന്മാരായ മുഹദ്ദിഥുകൾ ദുർബലന്മാരുടെ ഹദീഥുകൾ തെളിവിന് പറ്റുകയില്ലെന്നറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്തതെന്തിന് എന്ന് ഇമാം നവവി മുസ്ലിമിൽ ചോദ്യം ഉന്നയിക്കുന്നു. അദ്ദേഹം അതിന് കാരണം കണ്ടെത്തുന്നതിങ്ങനെയാണ്.

1. അത് പരിചയപ്പെടുത്തുവാനും അതിലെ ദുര്‍ബ്ബലത (ضعف) ചൂണ്ടിക്കാണിക്കാനുമാണ്.

2. ദുർബല വ്യക്തിയുടെ ഹദീഥ് എഴുതുന്നത് മറ്റ് ഹദീഥുകൾക്ക് സാക്ഷിയായി സമാനമായത് കൊണ്ടുവരാനാണ്. അല്ലാതെ അയാളുടേത് കൊണ്ടുമാത്രം തെളിവ് പിടിക്കാൻ വേണ്ടിയല്ല.

3. ദുർബല വ്യക്തിയുടെ റിപ്പോർട്ടുകളിൽ സ്വഹീഹും, ദഈഫും, ബാത്വിലുമായ ഹദീഥുകളുണ്ടാവാം. അത് എഴുതിവെച്ചാൽ സൂക്ഷ്മദൃക്കുകള്‍ക്കും പരിശോധകര്‍ക്കും സ്വഹീഹ് വേർതിരിച്ചെടുക്കാം. ഹദീഥ് ശാസ്ത്രത്തിൽ അവഗാഹം നേടിയവർക്കതിന് കഴിയും. അതുകൊണ്ടാണ് “കൽബിയിൽ” നിന്ന് ഹദീസ് ഉദ്ധരിക്കുന്നതെന്തിനെന്ന് ചോദിക്കപ്പെട്ടപ്പോൾ സുഫ്‍യാൻ رحمه الله ന്യായം പറഞ്ഞത്: “അദ്ദേഹത്തിന്‍റെ കളവിൽ നിന്ന് സത്യം വേർതിരിച്ചെടുക്കാൻ എനിക്ക് സാധിക്കും”

4. അഹ്കാമുകളോടും ഹലാൽ ഹറാമുകളോടും ബന്ധപ്പെടാത്ത; സൽസ്വഭാവം, സുഹ്ദ് (വിരക്തി കഥകൾ), സൽകർമ്മങ്ങൾക്ക് പ്രേരിപ്പിക്കുന്നവ, തർഹീബ് തർഗീബ് (ഭയപ്പെടുത്തലും ആഗ്രഹിപ്പിക്കലും) എന്നീ വിഭാഗത്തിൽപ്പെട്ട ഹദീഥുകളാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം ഹദീഥുകളിൽ സൂക്ഷ്മതയിൽ അല്പം അലംഭാവമാകാമെന്ന് ഹദീഥ് പണ്ഡിതന്മാർ അനുവദിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ദുര്‍ബലരില്‍ നിന്നു മാത്രം ഉദ്ധരിച്ച ഹദീഥുകൾ കൊണ്ട് ഹുക്മ് ആവിഷ്കരിക്കാമെന്ന് ഒരു മുഹദ്ദിഥും പറഞ്ഞിട്ടില്ല. പ്രഗത്ഭമതികളായ മുഹദ്ദിഥുകളോ പണ്ഡിതകേസരികളോ അങ്ങനെ ചെയ്തിട്ടുമില്ല. അങ്ങനെചില ഫുഖഹാക്കള്‍ ചെയ്തത് വളരെ അബദ്ധവും ചീത്ത പ്രവൃത്തിയുമാണ്. ദുർബലത വ്യക്തമായവരുടെ ഹദീഥുകൾ കൊണ്ട് മാത്രം തെളിവ് പിടിച്ച് ഹുക്മ് ഉണ്ടാക്കരുത്. (قواعد التحدث ص١١٤ : شرح صحيح مسلم ١/٦٠)

ദുർബല ഹദീസുകൾ കൊണ്ട് സൽകർമ്മം ചെയ്യൽ

യഹ്‍യ ബ്നു മുഈന്‍, അബൂബക്കറു ബ്നുല്‍ അറബി എന്നിവർ പറയുന്നത് ദഈഫ് ആയ ഹദീസുകൾ കൊണ്ട് ഒരിക്കലും പ്രവർത്തി (عمل) ചെയ്യരുതെന്നാണ്. ഇമാം ബുഖാരിയും മുസ്‍ലിമും ആ അഭിപ്രായക്കാരാണെന്നാണ് അവർ ഹദീഥ് റിപ്പോർട്ട് ചെയ്യാൻ നിശ്ചയിച്ച നിബന്ധനയിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത്. ഇബ്നു ഹസം തന്‍റെ അൽ മിലലു വന്നിഹൽ (الملل والنحل) എന്ന ഗ്രന്ഥത്തിൽ പറഞ്ഞതു പ്രകാരം അദ്ദേഹവും ആ അഭിപ്രായക്കാരനാണ്.

ഇമാം അബ്ദിൽ ബർറ്, ഇബ്നു മഹ്ദി, ഇമാം അഹ്‍മദ് എന്നിവർ ദഈഫ് കൊണ്ട് പ്രവർത്തി ചെയ്യാമെന്ന അഭിപ്രായക്കാരാണ്. (فضائل الأعمال) ഫദാഇല്‍ ഗണത്തില്‍പ്പെട്ടവയിലാണ് ദഈഫ് സ്വീകരിക്കാവൂവെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. അഹ്കാമിലും, ഹലാല്‍ ഹറാമുകളിലും പാടില്ല. എന്നാല്‍ ദഈഫ് സ്വീകരിക്കാമെന്ന് പറഞ്ഞവര്‍ അതിന് മൂന്നു നിബന്ധന വച്ചിട്ടുണ്ട്.

ഹാഫിദ് സഖാവി പറയുന്നു: നമ്മുടെ ഗുരുനാഥന്‍ (ഹാഫിദ് ഇബ്നു ഹജറുല്‍ അസ്ക്വലാനി) പലതവണ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു. അദ്ദേഹത്തിന്‍റെ കൈപ്പട കൊണ്ട് എനിക്കത് എഴുതിത്തന്നിട്ടുണ്ട്. “ദഈഫ് കൊണ്ട് അമല്‍ ചെയ്യാന്‍ മൂന്ന് നിബന്ധനയുണ്ട്.”

1. ദുര്‍ബലത് അതിശക്തമാകരുത്. ഇത് ഐക്യകണ്ഠേനയുള്ള അഭിപ്രായമാണ്. ഇതനുസരിച്ച് നുണയന്മാര്‍, നുണയനെന്ന് പറയപ്പെട്ടവര്‍, ദുര്‍വൃത്തരെന്ന് വ്യക്തരായവര്‍ തുടങ്ങിയവര്‍ മാത്രം ഉദ്ധരിച്ചവ ഒഴിവാക്കണം.

2. സ്ഥിരപ്പെട്ട പൊതു അടിസ്ഥാനത്തില്‍ കീഴില്‍ വരുന്നതാവണം.

3. അതനുസരിച്ച പ്രവര്‍ത്തിക്കുമ്പോള്‍ ഇത് നബി പഠിപ്പിച്ചതാണെന്ന് വിശ്വസിച്ചുകൊണ്ടാവരുത്. (ضعيف الجامع الصغير للأباني ١/ ٤٧)


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ