സുന്നത്തിന്‍റെ ക്രോഡീകരണം

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2023 June 10, 21 Dhuʻl-Qiʻdah, 1444 AH

കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലെയും സുന്നത്തിന്‍റെ ക്രോഡീകരണത്തെ സംബന്ധിച്ച് നാം സംസാരിച്ചു. അന്ന് സുന്നത്ത് ക്രോഡീകരിക്കാതിരുന്നതും അതിന്‍റെ കാരണങ്ങളും ഗ്രഹിച്ചു.

എന്നാൽ സുന്നത്ത് റിപ്പോർട്ട് ചെയ്യുന്നതിന്‍റെ രീതികൾ നിലനിന്നു. ഹർവി പറയുന്നു: മന:പാഠമായി അവർ അത് സ്വീകരിക്കും. പദങ്ങളായി തിരിച്ചു നൽകും. സ്വദഖയെക്കുറിച്ചുള്ള ഗ്രന്ഥവും സൂക്ഷ്മപരിശോധനയിൽ ഗവേഷകന്‍ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങളുമൊഴികെ. (تنوير الحوالك على موطأ مالك ١/٤)

ഇസ്ലാം വ്യാപിക്കുകയും രാജ്യം വിശാലമാവുകയും, സ്വഹാബത്ത് നാടുകളിൽ വ്യാപരിക്കുകയും വിജയങ്ങൾ വർധിക്കുകയും സ്വഹാബികൾ അധികവും മരണപ്പെടുകയും അവരുടെ കൂട്ടുകാരും അനുയായികളും വ്യത്യസ്ത പ്രദേശങ്ങളിൽ പെട്ടുപോവുകയും ളബ്ത്ത് (സൂക്ഷ്മത) കുറയുകയും, കാലം അകലുകയും, സുന്നത്തിന്‍റെ നാശം ഭയപ്പെടുകയും ചെയ്തപ്പോൾ പണ്ഡിതന്മാർക്ക് സുന്നത്തിനെ ക്രോഡീകരിക്കേണ്ടി വന്നു. അത് എഴുതി സംരക്ഷിക്കാൻ അവർ നിർബന്ധിതരായി. ഇബ്നു കഥീർ പറഞ്ഞതുപോലെ ലിഖിതമാണ് യഥാർത്ഥ മനപ്പാഠം. “ചിന്ത അശ്രദ്ധമാകുന്നു; ബുദ്ധി അസ്തമിക്കുന്നു;. ഓർമ്മ ദുർബലമാകുന്നു; തൂലിക കാത്തുസൂക്ഷിക്കുന്നു; അത് മറക്കുകയില്ല. (جامع الأصول ١/٤٠)

നബിചര്യ നേരിടുന്ന ഭീഷണി ഉമറു ബ്നു അബ്ദില്‍ അസീസ് കണ്ടപ്പോൾ -അദ്ദേഹം വളരെ ബുദ്ധിമാനും ദീർഘദൃഷ്ടിയുള്ളവനുമായിരുന്നു - നബിചര്യ ക്രോഡീകരിക്കാൻ കൽപ്പിച്ചു. സ്വഹാബത്തും താബിഉകളും നബിചര്യ എഴുതി സൂക്ഷിക്കാതിരുന്നത് അവരുടെ കാലത്ത് നേരിട്ട പ്രശ്നങ്ങളും പ്രതിബന്ധങ്ങളും നിമിത്തമാണെന്ന് അദ്ദേഹം മനസ്സിലാക്കി. ആ തടസ്സങ്ങൾ തന്‍റെ കാലത്ത് നീങ്ങി പോയിട്ടുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഫത്‍വകൾ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നു. ഇമാം മാലികിന്‍റെ മുവത്വയില്‍ മുഹമ്മദ് ബ്നു ഹസനിൽ നിന്നുള്ള റിപ്പോർട്ടായി ഇതിനെ കാണാം. ഉമറു ബ്നു അബ്ദില്‍ അസീസ് അബൂബക്റു ബ്നു മുഹമ്മദിന് ഇങ്ങിനെ എഴുതി: “താങ്കൾ നബിയുടെ സുന്നത്തും ഉമറിന്‍റെ ഹദീഥും അതുപോലുള്ളതും പരിശോധിച്ച് രേഖപ്പെടുത്തുക. അറിവിന്‍റെയും പണ്ഡിതന്മാരുടെയും തിരോധാനത്തെ ഞാൻ ഭയപ്പെടുന്നു”. ഇത് ഇമാം ബുഖാരി തഅ്‍ലീഖായി തന്‍റെ സ്വഹീഹില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹദീഥുകൾ എഴുതിവെക്കാൻ ഉമറു ബ്നു അബ്ദില്‍ അസീസ് എല്ലാ പ്രദേശങ്ങളിലെ പണ്ഡിതന്മാർക്കും എഴുതിയതായി “താരിഖ് ഇസ്ബഹാനിൽ” അബു നുഐം രേഖപ്പെടുത്തിയിട്ടുണ്ട് ഇബ്നു ശിഹാബ് സുഹ്‍രിയും അബൂബകറു ബ്നു ഹസമും കുറച്ചു ഹദീഥുകൾ ക്രോഡീകരിക്കുകയുണ്ടായി. (تنوير الحوالك : ١/٤)

ഉമറു ബ്നു അബ്ദില്‍ അസീസിന്‍റെ ഭരണകാലം അധികമുണ്ടായില്ല എന്നതിനാൽ ഹദീസിന്‍റെ ക്രോഡീകരണം അദ്ദേഹത്തിന്‍റെ കാലത്തുണ്ടായില്ലെങ്കിലും പണ്ഡിതന്മാർക്ക് ഹദീസുകൾ ക്രോഡീകരിക്കാൻ അദ്ദേഹം വഴി തുറന്നു കൊടുത്തു. ഇമാം സുഹ്‍രി ക്രോഡീകരിച്ചത് സൂക്ഷിക്കപ്പെട്ടുമില്ല. ആദ്യമായി എഴുതപ്പെട്ട ഹദീസ് ഗ്രന്ഥത്തിൽ 120ഓ 130ഓ ഹദീസുകളാണെന്ന ‘ഖൂത്തുല്‍ഖുലൂബ്’ എന്ന ഗ്രന്ഥത്തിൽ അബൂത്വാലിബുൽ മക്കി പറയുന്നു.

ഹദീഥ് ക്രോഡീകരണത്തിന്‍റെ മാർഗം

ഹദീഥ് ഗ്രന്ഥരചനയിൽ മുഹദ്ദിഥുകള്‍ ഒരു രീതി മാത്രം സ്വീകരിക്കാതെ വിവിധ മാർഗങ്ങൾ സ്വീകരിച്ചു. അവ:

1. ഒരു അധ്യായവും അതിന്‍റെ വൃത്തത്തിൽ മാത്രം വെക്കുക. അബു നുഐം ഹിൽയയിൽ പറയുന്നു: ആദ്യമായി ഹദീഥ് ശേഖരിച്ചത് റബീഅ് ബ്നു സുബൈഹ്, സഈദ് ബ്നു അബീ അറൂബ എന്നിവരാണ്. അവർ എല്ലാ അധ്യായങ്ങളും അതിന്‍റെ നിശ്ചിത വൃത്തത്തിൽ ഒതുക്കിവച്ചു. (തൻവീറുൽ ഹവാലിക് : 1/7)

2. അധ്യായം തിരിച്ച് ഫിഖ്ഹും ഹദീഥും സമ്മിശ്രമാക്കി എഴുതുക. അബു നുഐം പറയുന്നു: രണ്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ മൂന്നാം ത്വബഖയില്‍പ്പെട്ട മഹാന്‍മാര്‍ അഹ്കാമുകള്‍ ക്രോഡീകരിച്ചു തുടങ്ങി. ഇമാം മാലിക് മുവത്വഅ് രചിച്ചു. ഹിജാസിലുള്ളവരുടെ ഹദീഥില്‍ ബലവത്തായത് അദ്ദേഹം അതില്‍ ചേര്‍ത്തു. സ്വഹാബാക്കളുടെയും താബിഉകളുടെയും വാക്കുകളും ഫത്‍വകളും അദ്ദേഹം അതില്‍ ഉള്‍പ്പെടുത്തി. സഹാബാക്കളുടെയും താബിഉകളുടെയും വാക്കുകളും ഫത്‍വകളും അദ്ദേഹം അതിൽ ഉൾപ്പെടുത്തി മക്കയിലെ ഇബ്നു ജുറൈജും സിറിയയിലെ ഔസാഇയും കൂഫയിലെ സുഫ്‍യാനു ഥൌരി ബസറയിലെ ഹമ്മാദുബ്നു അബീ സുലൈമാനും വാസിത്വയിലെ ഹുശൈമും യമനിലെ മഅ്മറും ഖുറാസാനിലെ ഇബ്നു മുബാറകും റയ്യിലെ ജരീറു ബ്നു അബ്ദില്‍ ഹമീദും ഹദീഥ് ക്രോഡീകരിച്ചവരാണ്. ഇവരൊക്കെ ഒരേ കാലത്തുള്ളവരാണ്. പിന്നീട് ഇവരുടെ മാർഗം പിൻപറ്റി ആ കാലത്തുള്ള ഒട്ടേറെ പണ്ഡിതന്മാർ ഹദീസുകൾ ക്രോഡീകരിക്കുകയുണ്ടായിട്ടുണ്ട്.

3. മുസ്നദുകളുടെ രചന: സ്വഹാബികളുടെയും താബിഉകളുടെയും വാക്കുകൾ ഒഴിവാക്കി റസൂൽ صلى الله عليه وسلم യുടെ ഹദീഥുകൾ മാത്രമുള്ളതിനാണ് മുസ്നദ് എന്നു പറയുന്നത്. രണ്ടാം നൂറ്റാണ്ടിന്‍റെ അവസാന ഘട്ടത്തിലാണ് ഈ വിധ ഗ്രന്ഥരചന തുടങ്ങിയത്. ഫത്ഹുൽ ബാരിയിൽ ഇപ്രകാരം കാണാം: “അവരിൽ ചില ഇമാമുകൾ നബിയുടെ ഹദീഥുകൾ മാത്രം ശേഖരിച്ച് എഴുതാൻ ആഗ്രഹിച്ചു. അത് രണ്ടാം നൂറ്റാണ്ടിന്‍റെ അവസാന ഘട്ടത്തിലായിരുന്നു. ഉബൈദുല്ലാഹി ബ്നു മൂസ അൽ അബ്‌സി അൽകൂഫിയും, മുസദ്ദദ് ബ്നു മുസർ ഹദുൽ ബസ്വരിയും, അസദു ബ്നു മൂസ അൽ അമവിയും നുഐമു ബ്നു ഹമ്മാദുൽ ഖുസാഇയും മുസ്നദുകൾ രചിച്ചു. പിന്നെ ഇമാമുകൾ അവരുടെ മാർഗ്ഗം സ്വീകരിച്ചു തുടങ്ങി. പഠിച്ച ഹദീഥുകൾ ഗ്രന്ഥത്തിലാക്കാത്ത ഇമാമുകൾ വിരളമാണ്. ഇമാം അഹ്‍മദ്, ഇസഹാഖ് ബ്നു റാഹവൈഹി, ഉഥ്മാനു ബ്നു ശൈബ: തുടങ്ങിയ പ്രഗത്ഭമതികൾക്കെല്ലാം മുസ്നദുകളുണ്ട്. (فتح الباري 6/1)

ഇവര്‍ മുസ്നദുകള്‍ രചിച്ചത് ഒരു സ്വഹാബിയില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീഥുകള്‍ മുഴുവന്‍ ഒരു അധ്യായത്തില്‍ കൊണ്ടുവരുന്ന രീതിയിലായിരുന്നു.

4. അബൂ ബകറു ബ്നു അബീ ശൈബ: ചെയ്തതു പോലെ മുസ്നദുകള്‍ക്കനുസൃതമായും അധ്യായങ്ങള്‍ക്കനുസൃതമായും ഗ്രന്ഥരചന നടത്തുക.

5. സ്വഹീഹായ ഹദീഥുകള്‍ മാത്രമുള്‍പ്പെടുത്തിയുള്ള രചന. നാം മുമ്പ് പറഞ്ഞ ഗ്രന്ഥങ്ങളെല്ലാം സ്വഹീഹും ദ്വഈഫും കൂടിക്കലര്‍ന്ന സ്ഥിതിയിലാണ്. ഈ വഴിക്ക് ആദ്യമായി തിരിഞ്ഞത് ഇമാം ബുഖാരിയാണ്. ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി പറയുന്നു: ഇമാം ബുഖാരി ഈ ഗ്രന്ഥങ്ങള്‍ കാണുകയും അവ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തപ്പോള്‍ അവയില്‍ സ്വഹീഹും ഹസനും ദ്വഈഫും കൂടിക്കലര്‍ന്നതായി കണ്ടു. അപ്പോള്‍ സ്വഹീഹുകള്‍ മാത്രം ഉള്‍പ്പെടുത്തി ഗ്രന്ഥരചന നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. തന്‍റെ സാന്നിധ്യത്തില്‍ ഗുരുനാഥനായ ഇസ്ഹാഖു ബ്നു റാഹവൈഹി പറഞ്ഞത് അദ്ദേഹത്തിന്‍റെ തീരുമാനത്തിന് ശക്തിയേകി. “റസൂല്‍ صلى الله عليه وسلم യുടെ സ്വഹീഹായ ഹദീഥുകള്‍ മാത്രം ചേര്‍ത്തി നിങ്ങള്‍ക്ക് ഗ്രന്ഥം രചിക്കാന്‍ കഴിഞ്ഞെങ്കില്‍“ ബുഖാരി പറയുന്നു: ആ വാക്ക് എന്‍റെ മനസ്സില്‍ പതിഞ്ഞു. അങ്ങിനെ ഞാന്‍ ഹദീഥ് ശേഖരിക്കാന്‍ തുടങ്ങി. (فتح الباري 6/1)

മാലികിന്‍റെ മുവത്വഇൽ നിന്ന് സ്വഹീഹ് വേർതിരിച്ചു അദ്ദേഹം. സ്വഹീഹായിട്ടാണ് അത് ക്രോഡീകരികച്ചതെങ്കിലും മുർസലും മുൻഖത്വിഉം അപ്രകാരം സ്വഹാബത്തിന്‍റെയും താബിഉകളുടെയും ആസാറുകളും (വാക്കുകൾ) അതിലുണ്ട്. അതിലെ സ്വഹീഹ് വേർതിരിച്ചാല്‍ ഏറ്റവും നല്ല ഹദീഥ് ഗ്രന്ഥം അതു തന്നെയാണെന്നതിന് സംശയമില്ല. ബുഖാരിയിലുള്ള മുഅല്ലഖുകളായ ഹദീസുകൾ അദ്ദേഹം തന്‍റെ വീക്ഷണങ്ങൾക്കുള്ള തെളിവുകൾക്ക് വേണ്ടിയും ചേർത്തിയതാണ്.

ഈ മാർഗ്ഗങ്ങളുടെ സവിശേഷതകൾ

മുസ്നദുകളായി ഹദീഥ് ഗ്രന്ഥരചന നടത്തുന്നതിനാൽ ഹദീസിന്‍റെ ളബ്ത് ശരിയായ നിലക്ക് ലഭ്യമാക്കുന്നു. അത് ഹൃദിസ്ഥമാക്കപ്പെടാനും അതിൽനിന്ന് ഹുകുമുകൾ ആവിഷ്കരിക്കാനും സാധിക്കുന്നു. അധ്യായങ്ങളായി വേർതിരിച്ച് ഗ്രന്ഥരചന നടത്തുന്നതാണ് ഏറ്റവും ഉത്തമം. അതിന് രണ്ടു കാരണമുണ്ട്.

(ഒന്ന്) ഹദീഥ് പരിശോധിക്കാൻ എളുപ്പം. ഒരാൾക്ക് അയാൾ അന്വേഷിക്കുന്നത് അറിയാം; റാവിയെ അറിയില്ല. റാവിയെ അറിയേണ്ട ആവശ്യവുമില്ല. ഉദാഹരണമായി നമസ്കാരവുമായി ബന്ധപ്പെട്ട ഒരു വിഷയം അറിയണമെങ്കിൽ കിതാബു സ്സ്വലാത്ത് പരിശോധിച്ചാൽ മതി. ആ ഹദീഥ് അബു ഹുറൈറ رضي الله عنه റിപ്പോർട്ട് ചെയ്തതാണെന്ന് അവൻ അറിയില്ലെങ്കിലും.

(രണ്ട്) തയമ്മുമിന്‍റെ അധ്യായത്തിൽ ഒരു ഹദീഥ് കണ്ടാൽ അത് നോക്കുന്ന ആൾക്കറിയാം ഈ ഹദീഥാണ് ഈ വിഷയത്തിലെ തെളിവെന്ന് . ഒരു ഹുകുമ് ആവിഷ്കരിച്ച എടുക്കേണ്ട ആവശ്യം വരുന്നില്ല.

സ്വഹീഹായ ഹദീസുകൾ മാത്രം ക്രോഡീകരിക്കുമ്പോൾ ആ ഗ്രന്ഥം വിശ്വാസ്യത നൽകുന്നു. സ്വഹീഹിന് പ്രചാരണം ലഭിക്കുന്നു. സ്വഹീഹും ദ്വഈഫും വേർതിരിച്ചെടുക്കാൻ കഴിയാത്തവർക്ക് ദ്വഈഫിനെ ഒഴിവാക്കി സ്വഹീഹിന് മാത്രം അവലംബിക്കാനും കഴിയുന്നു.


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ