ഫിഖ്ഹിന്‍റെ വിഷയങ്ങൾ നിർമിത നിയമങ്ങളെ ഉൾക്കൊള്ളുന്നു

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2022 July 04, 5 Dhuʻl-Hijjah, 1443 AH

ഇസ്ലാമിക നിയമങ്ങള്‍ മനുഷ്യനിര്‍മിത നിയമങ്ങളെ മുഴുവന്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് വിശദമാക്കുന്നതിനു മുമ്പ് മനുഷ്യനിര്‍മിത നിയമങ്ങളുടെ വിഭാഗങ്ങളെന്തെല്ലാമാണെന്ന് വിവരിക്കല്‍ സന്ദര്‍ഭോചിതമായിരിക്കും.

നിർമിത നിയമ വകുപ്പുകൾ (أقسام القانون الوضعي)

പുതു നിയമങ്ങൾ പ്രത്യേക നിയമങ്ങൾ എന്നിങ്ങനെ ഈ നിയമങ്ങളെ രണ്ടായി വിഭജിച്ചിരിക്കുന്നു. ഈ നിയമങ്ങളെ നടപ്പിലാക്കുന്ന കക്ഷി എന്ന നിലക്ക് രാഷ്ട്രത്തിന്‍റെ സാന്നിധ്യത്തിന്‍റെയും അസാന്നിധ്യത്തിന്‍റെയും (عدم وجود الدولة او وجود الدولة) അടിസ്ഥാനത്തിലാണ് ഈ വിഭജനം.

നേതൃത്വത്തിനും അധികാരത്തിനും അവകാശമുണ്ടെന്ന പരിഗണനയിൽ നിയമനിർമാണം നടത്തുന്ന കക്ഷിയാണ് രാഷ്ട്രമെന്നതിനാൽ രാഷ്ട്രം ഉണ്ടാക്കുന്ന നിയമങ്ങളെ പൊതുനിയമമെന്ന് വിളിക്കുന്നു. എന്നാൽ നേതൃത്വവും അധികാരവും ഇല്ലാത്ത ഒരു കക്ഷി എന്ന നിലക്കും പ്രത്യേകമായ ചില നന്മകളുടെ സാക്ഷാൽക്കാരം ലക്ഷ്യം വെച്ചും ഉണ്ടാക്കപ്പെടുന്ന നിയമങ്ങളെ പ്രത്യേക നിയമം എന്നു വിളിക്കുന്നു.

പൊതുനിയമം (القانون العام)

പൊതു നിയമം രണ്ടുവിധമുണ്ട്. അന്താരാഷ്ട്ര നിയമങ്ങളും ആഭ്യന്തര നിയമങ്ങളും. രാഷ്ട്രങ്ങൾ പരസ്പരം ബന്ധപ്പെടുന്ന ക്രമങ്ങളുടെ അടിസ്ഥാന നിയമങ്ങളും യുദ്ധ രംഗങ്ങളിലും സമാധാന രംഗങ്ങളിലും അനുവർത്തിക്കൽ നിർബന്ധമായ ബാധ്യതകളെ നിർണയിക്കുന്നവയുമാണ് അന്താരാഷ്ട്ര നിയമങ്ങളിൽ വരുന്നത്. രാഷ്ട്രം അധികാരവും നേതൃത്വവും ഉള്ള ഘടകം എന്ന നിലയിൽ വ്യക്തികളോട് രാഷ്ട്രത്തിലുള്ള ബന്ധങ്ങളെയും രാഷ്ട്രത്തിൻറെ അധികാരവരുതികളെയും നിർണയിക്കുന്ന നിയമവ്യവസ്ഥകളാണ് ആഭ്യന്തര നിയമങ്ങളിൽ ഉൾപ്പെടുന്നത്. ഈ നിയമങ്ങള്‍ നാല് ഉപശാഖകളാക്കപ്പെട്ടിരിക്കുന്നു.

(ഒന്ന്) ഭരണഘടനാ നിയമം (രണ്ട്) ഭരണ നിയമം (മൂന്ന്) സാമ്പത്തിക നിയമം (നാല്) കുറ്റകൃത്യം സംബന്ധിച്ച നിയമം.

രാഷ്ട്രത്തിലെ വിധിനിയമങ്ങളും പൊതു അധികാരങ്ങളും ഓരോ അധികാരികളുടെയും പ്രത്യേക അവകാശങ്ങളും, അധികാരികൾക്ക് പരസ്പരമുള്ള ബന്ധങ്ങളും, വ്യക്തികളുമായി അവർക്കുള്ള ബന്ധങ്ങളും വിവരിക്കുന്ന അടിസ്ഥാന തത്വങ്ങളുടെ സമുച്ചയമാണ് ഭരണഘടനാ നിയമങ്ങൾ. അപ്രകാരം വ്യക്തികളുടെ രാഷ്ട്രീയ അവകാശങ്ങളും അവർക്കുള്ള സ്വാതന്ത്ര്യത്തിന് അനിവാര്യമായ സംരക്ഷണ ഉത്തരവാദിത്വവും ഭരണഘടന വിവരിക്കുന്നു.

അധികാരി വർഗ്ഗത്തിന്റെ നിയമങ്ങൾ നടപ്പിലാക്കേണ്ടതെങ്ങിനെയെന്ന് വിവരിക്കുന്ന നിയമ തത്വങ്ങളുടെ സമുച്ചയമാണ് ആഭ്യന്തര നിയമങ്ങളിൽ വിവരിക്കുന്നത്. അവരുടെ സേവനങ്ങൾ എങ്ങിനെ നടപ്പിലാക്കണമെന്നും അത് നിർവഹിക്കാൻ ആവശ്യമായ അനുബന്ധ മാർഗ്ഗങ്ങൾ ഏവയെന്നും ഗ്രാമങ്ങളിലെയും അംശങ്ങളിലെയും ദേശങ്ങളിലെയും പഞ്ചായത്തുകളിലെയും ജനസഭകളിൽ അധികാരികളുടെ ഭരണാധികാരബന്ധങ്ങൾ എന്തൊക്കെയെന്നും അതിൽ വിവരിക്കുന്നു. അപ്രകാരം ഭരണനിർവഹണ നിയമങ്ങളും അതു ശരിയാകാനുള്ള നിബന്ധനകളും അതിൻറെ സംരക്ഷണ നിയമങ്ങളിൽ വിവരിക്കപ്പെടും.

രാഷ്ട്രത്തിൻറെ സാമ്പത്തിക ഭദ്രതയെ ഉറപ്പുവരുത്തുന്ന നിയമങ്ങളുടെ സംഹിതയാണ് സാമ്പത്തിക നിയമങ്ങൾ. പൊതു ചെലവുകൾ (النفقات العامة), പൊതു വരവുകൾ (الإيرادات العامة), പൊതു കടം (القروض العامة), രാഷ്ട്രത്തിൻറെ ബഡ്ജറ്റ് (ميزانية الدولة) എന്നിവ ഈ നിയമത്തിൽ വിവരിക്കുന്നു.

കുറ്റകൃത്യങ്ങൾ എന്തെന്നും അവക്കുള്ള ശിക്ഷകൾ എന്തൊക്കെയെന്നും വിവരിക്കുന്ന നിയമങ്ങളാണ് കുറ്റകൃത്യസംബന്ധ നിയമങ്ങളിൽ (القانون الجنائي) ഉൾപ്പെടുന്നത്.

പ്രത്യേക നിയമം (القانون الخاص)

രാഷ്ട്രത്തിന് അധികാരമോ നേതൃത്വമോ ഇല്ലാത്ത സാഹചര്യത്തിൽ വ്യക്തികൾക്ക് പരസ്പരം ബന്ധപ്പെടാനുള്ള പൊതു നിയമങ്ങളെന്തെന്ന് വിശദീകരിക്കുന്ന നിയമ സമുച്ചയമാണിത്. വ്യക്തിക്കും രാഷ്ട്രത്തിനുമിടക്ക് ഒരു വ്യക്തി എന്ന നിലക്ക് മാത്രം നിർവഹിക്കപ്പെടുന്ന സാധാരണ പ്രവർത്തനങ്ങളാണിവ. ഈ നിയമങ്ങൾക്ക് നിരവധി ഉപശാഖകൾ ഉണ്ടായിരിക്കും സിവിൽ നിയമം, വ്യാപാര നിയമം, സമുദ്ര നിയമം, തൊഴിൽ നിയമം, ക്രിമിനൽ നിയമങ്ങൾ എന്നിങ്ങനെ.

സിവിൽ നിയമങ്ങളാണ് പ്രത്യേക നിയമങ്ങളുടെ അടിസ്ഥാനം ഇതര നിയമങ്ങൾ അതിൽ നിന്ന് ഉടലെടുത്തവയാണ്. രണ്ടുതരം നിയമങ്ങളാണ് സിവിൽ നിയമങ്ങളിൽ ഉൾപ്പെടുന്നത്.

അവ; പേഴ്സണൽ (روابط الاحوال الشخصية) ലോയും, വസ്തുക്കളുമായി ബന്ധപ്പെട്ട നിയമ തത്വങ്ങളുമാണ് (القواعد المتعلقة بالاحوال العينية)

വ്യക്തിക്ക് സമ്പത്തുമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ മുഴുവൻ ഇത് ഉൾക്കൊള്ളുന്നു.

സമുദ്രത്തിലെ ഗതാഗതവുമായി ബന്ധപ്പെട്ടതും അതിൽ നിന്ന് ഉടലെടുക്കുന്നതുമായ നിയമവ്യവസ്ഥകളാണ് സമുദ്ര നിയമങ്ങൾ (القانون البحري - Marine law ) എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

കച്ചവടവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നിയമങ്ങൾ വ്യാപാര നിയമങ്ങളിൽ പെടുന്നു (القانون التجاري - Commercial Law ). തൊഴിലാളികളെ സംബന്ധിച്ചും തൊഴിൽദായകരെ സംബന്ധിച്ചുമുണ്ടാകുന്ന നിയമസംഹിതയാണ് തൊഴിൽ നിയമങ്ങൾ. (القانون العملي - Labour Law). കോടതി വിധിക്കുന്നതും നടപ്പിലാക്കൽ നിർബന്ധവുമായ നിയമങ്ങളാണ് നീതിന്യായ വ്യവസ്ഥകൾ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. (القانون المرافعات - Procedure Law) അവകാശ സംരക്ഷണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സ്വകാര്യ അന്താരാഷ്ട്ര നിയമം (القانون الدولى الخاص) Private international law

വ്യക്തികൾക്കിടയിലെ വൈദേശിക സ്വഭാവമുള്ള ബന്ധങ്ങളെ ക്രമീകരിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാന നിയമ സംഹിതയാണിത്. ഇവയെ വിശദീകരിക്കാനും നിയമം പ്രയോഗവൽക്കരിക്കാനുമുള്ള അവകാശം അതിനായുള്ള കോടതിക്കാണ്.

കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ ഈ നിയമങ്ങളുടെ സ്ഥാനം ( مواقع هذه الموضوعات في كتب الفقه)

അന്താരാഷ്ട്ര പൊതു നിയമങ്ങളെ സംബന്ധിച്ച് (Public International Law ) മുസ്ലിം കർമ്മശാസ്ത്ര പണ്ഡിതന്മാർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയും ഏറ്റവും ഉന്നതമായ വിധത്തിലത് നിർവഹിക്കുകയും ചെയ്തു. ഹി: 189 ൽ മരണപ്പെട്ട ഇമാം മുഹമ്മദു ബ്നു ഹസനുശ്ശൈബാനിക്ക് ഈ വിഷയത്തിൽ നിരവധി ഗ്രന്ഥങ്ങളുണ്ട്. അദ്ദേഹത്തിൻറെ കിതാബുസ്സിയറിൽ കബീർ (كتاب السير الكبير) ഈ വിഷയത്തിലെ ‘പിതാവായി’ ആധുനിക ശാസ്ത്രജ്ഞന്മാർ പരിഗണിക്കുന്നു.

അന്താരാഷ്ട്ര നിയമങ്ങളെ സംബന്ധിച്ച ഇസ്ലാമിക ശരീഅത്തിന്‍റെ അടിസ്ഥാന ഗ്രന്ഥം പരിശുദ്ധ ക്വുർആൻ തന്നെയാണെന്ന് ഇവിടെ എടുത്തു പറയുകയാണ്. അപ്രകാരം പ്രവാചകന്‍റെ ചര്യയും സ്വഹാബത്തിന്‍റെ ആഥാറുകളും, ഈ നിയമത്തിന്‍റെ മുഖ്യ തത്വങ്ങൾ.

1. മാനവ ഐക്യം ( الوحدة الإنسانية)

ഇസ്ലാമിക ശരീഅത്ത് മനുഷ്യവർഗ്ഗത്തെ ‘മാനവത’ എന്ന ഏകത്വത്തിൽ ഒരു ഉമ്മത്തായി (സമൂഹമായി) കാണുന്നു. വർഗ്ഗങ്ങളും ഗോത്രങ്ങളുമായിട്ടുള്ള അവരുടെ വ്യത്യസ്തത ഭിന്നിക്കുന്നതിനും യുദ്ധത്തിനും വേണ്ടിയല്ല; പരസ്പരം അറിയുന്നതിനും സഹകരിക്കുന്നതിനും സ്നേഹം പൊതുവായി നൽകുന്നതിനും നാശം എന്നേക്കും തടയുന്നതിനും വേണ്ടിയാണെന്ന് ക്വുർആൻ തറപ്പിച്ചു പറയുന്നു.

يَاأَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ (سورة الحجرات - ١٣)

ഹേ മനുഷ്യരെ തീർച്ചയായും നിങ്ങളെ നാം ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു നിങ്ങൾ അന്യോന്യം അറിയുന്നതിന് വേണ്ടി നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു തീർച്ചയായും അല്ലാഹുവിൻറെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയർ നിങ്ങളിൽ ഏറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവനുമാകുന്നു. (49:13)

2. പരസ്പര സഹായം (التعاون)

പരസ്പര സഹായത്തെ ഇസ്ലാമിക ശരീഅത്ത് അടിസ്ഥാനപരമായ പൊതുകാര്യമായി പരിഗണിച്ചിരിക്കുന്നു. പുണ്യ പ്രവർത്തനമെന്ന നിലയിലതിന് പ്രോത്സാഹനം നൽകിയിട്ടുണ്ട്. കുറ്റത്തെയും പാപത്തെയും വിരോധിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ

“പുണ്യത്തിന്‍റെയും ഭക്തിയുടെയും കാര്യത്തിൽ നിങ്ങൾ പരസ്പരം സഹായിക്കുവിൻ; കുറ്റത്തിന്‍റെയും ശത്രുതയും കാര്യത്തിൽ പരസ്പരം സഹായിക്കുകയുമരുത്.” (5:2).

3. വിട്ടുവീഴ്ച (التسامح)

വ്യക്തികളോടും സമൂഹങ്ങളോടും വിനയവും വിട്ടുവീഴ്ചയും (കീഴൊതുക്കമോ നിസ്സഹായാവസ്ഥയോ ആയിട്ടല്ല) ചെയ്യാൻ ശരീഅത്ത് നിർദ്ദേശിക്കുന്നു, അപ്രകാരം തന്നെ നല്ല നിലയിൽ പ്രതിരോധിക്കാനും കൽപ്പിക്കുന്നു.

وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ

“നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു.” (ഫുസ്സിലത്ത്: 34)

4. വിശ്വാസ സ്വാതന്ത്ര്യം (حرية العقيدة وحرية تقرير المصير )

വിശ്വാസ സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ശരീഅത്ത് നിലകൊള്ളുന്നത്. മതത്തിൽ നിർബന്ധം ചെലുത്തുന്നതിനെ വിരോധിച്ചു. لَا إِكْرَاهَ فِي الدِّينِ മതത്തിൽ നിർബന്ധം ചെലുത്തലില്ല. (2:256)

മാത്രമല്ല, ഇസ്ലാമിക രാഷ്ട്രത്തിൽ ജീവിക്കുന്നവർക്കെല്ലാം അത് സംരക്ഷണം നൽകുകയും ചെയ്യുന്നു. പ്രജകളുടെ മതം ഉപേക്ഷിക്കണമെന്ന് നിർബന്ധം ചെലുത്തുന്നുമില്ല.

അപ്രകാരം തന്നെ തന്‍റെ അന്ത്യം ഏതെന്ന് ഉറപ്പിക്കാനുള്ള സ്വാതന്ത്ര്യവും മതം നൽകുന്നു. അതുകൊണ്ടാണ് അല്ലാഹുവിന്‍റെ മാർഗത്തിൽ ധർമ്മ സമരം നടത്തുന്ന യോദ്ധാക്കളോട് ശത്രുവിഭാഗത്തെ ഇസ്ലാമിലേക്ക് ക്ഷണിക്കാനും അതിനു വിസമ്മതിച്ചാൽ ജിസിയ ചുമത്താനും അതും വിസമ്മതിച്ചാൽ യുദ്ധം ചെയ്യാനും കൽപ്പിച്ചത് ആദ്യം തന്നെ യുദ്ധം കൊണ്ട് തുടങ്ങണമെന്നും മതം ആവശ്യപ്പെടുന്നില്ല. അത് അനുവദിക്കുന്നുമില്ല.

5. നീതി (العدل)

ഏതു ഘട്ടത്തിലും - യുദ്ധത്തിലും- സമാധാനത്തിലും നീതി അംഗീകരിക്കാൻ മതം ആവശ്യപ്പെടുന്നു. ഏതൊരാളോടും നീതിയോട് വർത്തിക്കാൻ മതാനുയായിയോട് മതം കൽപ്പിക്കുന്നു.

يَاأَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَى أَنْفُسِكُمْ

“സത്യവിശ്വാസികളെ നിങ്ങൾ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരെ എന്ന നിലയിൽ കണിശമായി നീതി നിലനിർത്തുന്നവർ ആയിരിക്കണം അത് നിങ്ങൾക്ക് തന്നെ എതിരായിരുന്നാൽ പോലും” (അന്നിസാഅ്: 135)

وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَى أَلَّا تَعْدِلُوا اعْدِلُوا هُوَ أَقْرَبُ لِلتَّقْوَى

“ഒരു ജനവിഭാഗത്തോടുള്ള വിദ്വേഷം നീതി ചെയ്യാതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ നിങ്ങൾ നീതി കാണിക്കുവിൻ അതാണ് ഭക്തിയോട് ഏറ്റവും അടുത്തത്” (മാഇദ: 8)

6. പകരത്തിനു പകരം - ഇങ്ങോട്ട് ഇങ്ങിനെ പെരുമാറുന്നുവോ അപ്രകാരം

അങ്ങോട്ടു പ്രവർത്തിക്കുക എന്ന തത്വം ഇസ്ലാമിക ശരീഅത്ത് അംഗീകരിച്ചിട്ടുണ്ട് അത് ലംഘിക്കും എന്ന് നാം ഭയപ്പെടുന്നവരോട് അതിനനുസരിച്ച് പ്രവർത്തിക്കാൻ നമുക്ക് അനുവാദമുണ്ട്. പരസ്പര സഹവർത്തിത്വത്തിന് അടിസ്ഥാന നിയമങ്ങളും തത്വങ്ങളും ഉണ്ടാക്കി തരിക മാത്രമല്ല ഇസ്ലാമിക ശരീഅത്ത് ചെയ്തിട്ടുള്ളത്, അന്താരാഷ്ട്ര നിയമങ്ങളുടെ അന്തസത്തയെന്ന് വിശേഷിപ്പിക്കാവുന്ന ചില നിയമങ്ങളും അതിനോട് അനുബന്ധമായി ഉണ്ടാക്കി തന്നിട്ടുണ്ട്

താഴെ പറയുന്ന ചില കാര്യങ്ങൾ അവയിൽ പെട്ടതാണ്

1. اشخاص القانون الدولي - അന്താരാഷ്ട്ര നിയമങ്ങളിലെ വ്യക്തികൾ

അന്താരാഷ്ട്ര പൊതു നിയമത്തിലെ മുഖ്യ കക്ഷി രാഷ്ട്രമാണ്. ഇസ്ലാമിക ശരീരത്ത് രാഷ്ട്രത്തെ പരിഗണിക്കുകയും അതിന് പ്രധാനമായും മൂന്നായി തിരിക്കുകയും ചെയ്തിട്ടുണ്ട്. ദാറുൽ ഇസ്ലാം, ദാറുൽ ഹർബ്, ദാറുൽ അഹ്ദ്

(دار الاسلام، دار الحرب دار العهد،) എന്നിവയാണവ. ഈ 'ഓരോ വിഭാഗം' പ്രദേശത്തോടും പെരുമാറേണ്ട പെരുമാറ്റ ചട്ടങ്ങൾ നിർണയിക്കുകയും ചെയ്തിട്ടുണ്ട്.

دار الإسلام ഇസ്ലാമിക പ്രദേശം എന്നത്, മുസ്ലിങ്ങൾ ഭരണം നടത്തുന്ന പ്രദേശമാണ്. അവർക്ക് ശക്തിയും പ്രതിരോധശേഷിയുമുണ്ട്. മുസ്ലിങ്ങൾക്ക് ഭരണാധികാരമോ പ്രതിരോധാവകാശമോ ഇല്ലാത്തതും ആ പ്രദേശവുമായി ഒരുവിധ ഉടമ്പടിയുമില്ലാത്തതുമായ പ്രദേശമാണ് دار الحرب (യുദ്ധം അനുവദനീയ പ്രദേശം) കൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ دار العهد (കരാർ നിലവിലുള്ള പ്രദേശം) കൊണ്ട് വിവക്ഷിക്കപ്പെടുന്നത്, മുസ്ലീങ്ങൾക്ക് അധികാരമോ പ്രതിരോധശേഷിയോ ഇല്ലെങ്കിലും, യുദ്ധത്തിനു മുമ്പോ, യുദ്ധത്തിന് ഇടക്കോ യുദ്ധാനന്തരമോ ആ പ്രദേശക്കാരുമായി കരാർ ചെയ്തിട്ടുള്ള പ്രദേശങ്ങളാണ്..

2. നേതൃത്വവും രാഷ്ട്രത്തിലെ പ്രജകളും السيادة ورعايا الدولة

ഇസ്ലാമിക കർമ്മ ശാസ്ത്രത്തിൽ നേതൃത്വം എന്നതിന്‍റെ അർത്ഥം കേന്ദ്രീകരിച്ചിട്ടുള്ളത് മതത്തിന്‍റേയും പ്രദേശത്തിന്‍റെയും അടിസ്ഥാനത്തിലാണ്; പ്രദേശത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമല്ല, ആധുനിക അന്താരാഷ്ട്ര നിയമത്തിലും ഇതു സമ്മതിച്ചിട്ടുണ്ട്. ഈ അടിസ്ഥാനത്തിൽ ഒരു മുസ്ലിം അവൻ എവിടെ താമസിക്കുന്നവനായാലും ഇസ്ലാമിക വിധിവിലക്കുകൾക്ക് അവൻ കീഴൊതുങ്ങേണ്ടവനാണ്. ദാറുൽ ഇസ്ലാമിലെ എല്ലാം മുസ്ലീംകളും അഹ്‍ലു ദ്ദിമ്മത്തും (ഇസ്ലാമിക് രാഷ്ട്രത്തിലെ അമുസ്ലിം പൗരന്മാർ) ഇസ്ലാമിക നിയമങ്ങളുടെ തണലിൽ നിർഭയരായി കഴിയുന്നവരുമായി മുഴുവൻ പൗരന്മാരും ഇസ്ലാമിക നിയമങ്ങൾക്ക് കീഴൊതുങ്ങണം. അപ്പോൾ ഇസ്ലാമിക ശരീഅത്തുമായി പ്രത്യേകം ബന്ധപ്പെട്ട നിയമങ്ങൾ മുസ്ലിംകളിലും അഹ്‍ലു ദ്ദിമ്മത്തുമായി ബന്ധപ്പെട്ട നിയമങ്ങൾ അവരിലും, ഇസ്ലാമിക നിയമങ്ങളുടെ തണലിൽ നിർഭയമായി കഴിയുന്നവരെ ബാധിക്കുന്ന നിയമങ്ങൾ അവരിലും നടപ്പിലാക്കപ്പെടും.

അഹ്‍ലു ദ്ദിമ്മത്തിനും നിർഭയരായി കഴിയുന്നവർക്കും അവരുടെ മതനിയമങ്ങൾ പഠിക്കുവാനും അവരുടെ മതത്തിലെ വ്യക്തി നിയമങ്ങൾ നടപ്പാക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഇസ്ലാമിക ശരീഅത്ത് അനുവദിച്ചിട്ടുണ്ട്.

ദ്ദിമ്മത്തുകാരും, നിർഭയരായി കഴിയുന്നവരും പരസ്പരം അനുവർത്തിക്കേണ്ട നിയമങ്ങളെക്കുറിച്ചും, മുസ്ലിംകളുമായി അവർക്കുള്ള പെരുമാറ്റ ചട്ടങ്ങളെക്കുറിച്ചും - ആ നിയമങ്ങൾ വ്യക്തിപരമാവട്ടെ, സാമ്പത്തികമാവട്ടെ, ശിക്ഷാനടപടികളാവട്ടെ - ഇസ്ലാമിക പണ്ഡിതന്മാർ ഗ്രന്ഥങ്ങളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

3. ഭൂപ്രദേശം (الاقليم)

രാഷ്ട്രത്തിന്‍റെ നേതൃത്വം അംഗീകരിക്കുന്ന രാഷ്ട്രത്തിലെ ഒരു ഖണ്ഡമാണ് ഇഖ്‍ലിം അഥവാ ഭൂപ്രദേശം. ദാറുൽ ഇസ്ലാം, ദാറുൽ ഹർബ്, ദാറുൽ അഹ്ദ് എന്നിങ്ങനെ പ്രദേശങ്ങളെ വേർതിരിച്ച് പ്രസ്താവിച്ചപ്പോൾ ഇഖ്‍ലിം (ഭൂപ്രദേശം) എന്നാൽ എന്തെന്നും ഫിഖ്ഹ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രത്തിലെ ഇഖ്‌ലീമിനാണ് അധികാരവും പ്രതിരോധ അധികാരവും.

4. ഭൂപദേശം ഉണ്ടാകുന്നതും നഷ്ടപ്പെടുന്നതുമായ രീതികൾ طرق اكتساب الاقليم وفقده

അന്താരാഷ്ട്ര ഇഖ്‍ലിം എന്നു പറയുന്നത് സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ഒരു രാഷ്ട്രത്തിന് അതിൻറെ നേതൃത്വം നടപ്പിലാക്കാൻ അനുവദിക്കപ്പെടുന്ന പ്രദേശത്തിനാണ്. രാഷ്ട്രത്തിൻറെ അടിസ്ഥാന ഘടകങ്ങളിലൊന്നുമാണത്. വിവിധ രൂപത്തിലാണ് ഇഖ്‍ലിം രൂപം കൊള്ളുന്നത്. അധികാരം കയ്യടക്കുക, കൂട്ടിച്ചേർക്കുക, അധികാരികൾ ഒഴിഞ്ഞു പോവുക, ചെയ്തു ജയിച്ചടക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ അത് രൂപപ്പെടാം. ഈ ഓരോ മാർഗങ്ങളും എങ്ങിനെയെന്നും അതുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മര്യാദകൾ എന്തൊക്കെയെന്നും കർമശാസ്ത്രജ്ഞന്മാർ വിശകലനം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും ജയിച്ചടക്കുമ്പോഴും (فتح) അധികാരം ഒഴിയുമ്പോഴും (تنازل) സ്വീകരിക്കേണ്ടെ മര്യാദകളെക്കുറിച്ച്. അപ്രകാരം ഇഖ്‍ലിമിന്‍റെ അധികാരം കൈ വരുമ്പോൾ അതുമായി ബന്ധപ്പെട്ട അനന്തരഫലങ്ങൾ എങ്ങിനെ പരിഹരിക്കണമെന്നും വിശദമാക്കപ്പെട്ടിട്ടുണ്ട്. മുസ്ലീങ്ങൾ അധികാരം ഏറ്റെടുക്കുന്ന പ്രദേശങ്ങളെ മൂന്നായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. ശത്രുസേനയെ പരാജയപ്പെടുത്തി മുസ്ലിംകൾ കീഴടക്കിയ പ്രദേശങ്ങള്‍ തന്മൂലം അവിടത്തെ ഭരണകർത്താവ് കൊല്ലപ്പെടുകയോ, ഓടിപ്പോവുകയോ, നാടുകടത്തപ്പെടുകയോ, ചെയ്യുന്ന പ്രദേശമാണവയിലൊന്ന്. ഭയം നിമിത്തം ഭരണകർത്താവ് (ശത്രുവിഭാഗം) ഒഴിഞ്ഞു പോകുന്നതാണ് രണ്ടാമത്തേത്. സന്ധി മുഖേന അധികാരം ലഭിക്കുന്നവയാണ് മൂന്നാമത്തേത്.

നിർബന്ധപൂർവ്വം അധികാരം പിടിച്ചടക്കപ്പെടുന്ന പ്രദേശങ്ങളുമായി സ്വീകരിക്കപ്പെടേണ്ട നിയമങ്ങളെക്കുറിച്ച് ഇമാം അബൂ ഉബൈദ് അൽഖാസിമുബ്നു സലാം (മരണം ഹി: 145) വിശദമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു; ഒരു പ്രദേശത്തെ ആളുകൾ ഇസ്ലാമിലേക്ക് വന്നു. എങ്കിൽ ആ പ്രദേശം അവർക്കുള്ളതാണ്. (അവിടത്തെ അധികാരം അവർക്കാണ്) . ഒരു പ്രദേശം നിശ്ചിത നികുതി അടക്കാം എന്ന കരാറിൽ സന്ധിയായാൽ സന്ധിയിലെ വ്യവസ്ഥകൾക്കനുസരിച്ച് അവർ കഴിയണം. ഇനി ഒരു പ്രദേശം നിർബന്ധപൂർവ്വം കയ്യടക്കപ്പെട്ടാൽ, ആ വിഷയത്തിൽ വിവിധ അഭിപ്രായം ഫുഖഹാക്കൾക്കുണ്ട്. ചിലർ പറയുന്നു; ഗനീമത്ത് സ്വത്ത് ഭാഗിക്കുന്നതുപോലെ അതു ഭാഗിക്കപ്പെടണം. വേറെ ചിലര്‍ പറയുന്നു; ഇമാമിന്‍റെ ഔചിത്യം പോലെ അത് കൈകാര്യം ചെയ്യാവുന്നതാണ്.

എന്നാൽ ചെറുത്തുനിൽപ്പ് കൂടാത്ത നിലയിൽ അധികാരം കൈവരുന്ന പ്രദേശങ്ങൾ ദാറുല്‍ ഇസ്ലാമിലെ വഖ്ഫ് ഭൂമിയായി തീരുന്നു. സന്ധി നിമിത്തം ലഭിക്കുന്ന ഭൂപദേശങ്ങളും ദാറുൽ ഇസ്ലാമിലെ വഖ്ഫ് ആയിട്ടോ, ദാറുൽ അഹ്ദായിട്ടോ മാറ്റപ്പെടണം.

5. ഉടമ്പടി സംബന്ധമായ ഉത്തരവാദിത്വം المسؤولية التعاقدية

ഇതര രാഷ്ട്രങ്ങളുമായി ചെയ്തിട്ടുള്ള കരാറുകളിൽ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകൾ വന്നു പോയാൽ അതിന് ഉത്തരവാദി രാഷ്ട്രമാണ്. ഈ പ്രശ്നവും മുസ്ലിം പണ്ഡിതന്മാർ ചർച്ച ചെയ്തിട്ടുണ്ട്. കരാറുകൾ നിരുപാധികമായി പാലിക്കണമെന്ന് അവർ പറഞ്ഞിട്ടുണ്ട്. എതിർകക്ഷിയും കരാർ പാലിക്കണമെന്ന നിബന്ധന മാത്രമേ അവർ വച്ചിട്ടുള്ളൂ. കരാർ ബന്ധങ്ങളിൽ സമാധാനത്തെ അടിസ്ഥാന ഘടകമായി അവർ പരിഗണിച്ചിരിക്കുന്നു. “നല്ല അയൽപക്കമെന്ന് കരാറുകളെ അവർ നിർവചിച്ചിട്ടുണ്ട്. അപ്രകാരം ശാശ്വത സന്ധിയെയും താൽക്കാലിക സന്ധിയെയും അവർ വിവരിച്ചിട്ടുണ്ട്. ദിമ്മിയ്യികളോടും (ഇസ്ലാമിക ഭരണകൂടത്തിന്‍റെ സംരക്ഷണത്തിൽ കഴിയുന്നവർ) ദിയാറുൽ അഹ്ദിലുള്ളവരോട് (സമാധാന സന്ധിയിലുള്ള പ്രദേശങ്ങൾ) കരാർ ചെയ്യേണ്ടത് എങ്ങിനെയെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. അപ്പുറം തന്നെ സ്ഥിതിഗതികളുടെ മാറ്റം നിമിത്തമോ പുതുതായി നേരിടുന്ന പ്രശ്നങ്ങളാലോ കരാർ ലംഘിക്കേണ്ടി വരുന്നതെങ്ങിനെയെന്നും അപ്പോൾ അനുവർത്തിക്കേണ്ടതെങ്ങിനെയെന്നും അവർ ചർച്ച ചെയ്തിട്ടുണ്ട്.

കരാർ ലംഘിച്ചാലുണ്ടാകുന്ന ഗുണത്തേക്കാളേറെ കരാർ പാലിച്ചാലുണ്ടാകുന്ന ഗുണമാണ് ഏറ്റവുമുത്തമമെന്ന ഫുഖഹാക്കളേറെയും തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ക്വുർആനിക വിരുദ്ധമോ അതിലെ അഹ്കാമുകൾ അനിവാര്യമാക്കുന്നതോ അല്ലാത്ത തരത്തിലുള്ള നിബന്ധന വെച്ച കരാറുകൾക്ക് നിയമസാധുത്വമില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

ആകയാൽ ഉടമ്പടി സംബന്ധമായ ഉത്തരവാദിത്വം രാഷ്ട്രത്തിനുണ്ടെന്നും അതു ലംഘിക്കുന്നത് നേരിട്ടുള്ള യുദ്ധത്തിന് ഇടയാക്കുമെന്നും അവർ വിശദമാക്കിയിട്ടുണ്ട്.

6. തർക്കം തീർക്കാനുള്ള പോംവഴികൾ طرائق فض المنازعات

സമാധാനത്തിനുള്ള മാർഗങ്ങൾ, തർക്കങ്ങൾ തീർക്കുന്നതിനും, സ്നേഹമസൃണ പെരുമാറ്റങ്ങൾക്കും കേസുകൾ കൊടുക്കുന്നതിനും ന്യായവിധികൾ ഉണ്ടാകുന്നതിനുള്ള വഴികൾ ഉൾക്കൊള്ളുന്നു. എന്നാൽ നിർബന്ധം ചെലുത്തി അടിച്ചേൽപ്പിക്കുന്ന മാർഗങ്ങളാവട്ടെ തുല്യത്തിനു തുല്യമായും താൽക്കാലിക കുടിയേറ്റത്തിനും യുദ്ധത്തിലോ അല്ലാത്തപ്പോഴോ സമുദ്രാതിർത്തികൾ ഉപരോധിക്കുന്നതിനുമുള്ള വഴികളാണ് ഉൾക്കൊള്ളുന്നത്.

ഇത്തരം മാർഗങ്ങൾ, പ്രത്യേകിച്ചും ആധുനിക രാഷ്ട്രങ്ങളുടെ രൂപീകരണത്തോടെ സമാധാന മാർഗങ്ങളുമായിട്ടാണ് ബന്ധപ്പെട്ടിട്ടുള്ളത്. പതിനേഴാം നൂറ്റാണ്ടിന്‍റെ പൂർവാർദ്ധത്തിനു മുമ്പ് രാഷ്ട്രങ്ങൾ തമ്മിൽ അനുവർത്തിക്കേണ്ടതിനുള്ള നിയമങ്ങളൊന്നും രൂപീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ വിശുദ്ധ ക്വുര്‍ആനിന്‍റെയും റസൂല്‍ صلى الله عليه وسلم യുടെ ചര്യയുടെയും സ്വഹാബത്തിന്‍റെ നടപടികളുടെയും അടിസ്ഥാനത്തിൽ ഇസ്ലാമിക ശരീഅത്തിലെ പണ്ഡിതന്മാർ ഈ മാർഗ്ഗങ്ങളെ സംബന്ധിച്ച് വളരെ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. ആ ചിന്തകളാണ് പൂർവികരും ആധുനികരുമായ സാമൂഹ്യ ചിന്തകന്മാരിൽ നിന്ന് അവരുടെ ചിന്തകളെ വ്യത്യസ്തമാക്കിയത്.

രാഷ്ട്രബന്ധങ്ങളിൽ മുഖ്യമായി കേന്ദ്രീകരിക്കുന്ന യുദ്ധങ്ങൾ, കരാറുകൾ, ഇസ്ലാമിലേക്കുള്ള പ്രബോധനം എന്നിവകളൊന്നിലും ‘അല്ലാഹുവിന്‍റെ മാർഗത്തിൽ’ അല്ലാതെ യുദ്ധത്തിനു മുസ്ലീംകളെ അഭിമുഖീകരിപ്പിക്കരുതെന്ന് ഇസ്ലാമിക ശരീഅത്ത് നിഷ്കർഷിക്കുന്നു. അതായത് ബഹുദൈവവിശ്വാസികളെ പ്രതിരോധിക്കാനും ഇങ്ങോട്ടാക്രമിക്കുന്നവരെ തടുക്കാനുംവേണ്ടി മാത്രം.

യുദ്ധ രംഗത്ത് അനുവർത്തിക്കേണ്ട നിയമവ്യവസ്ഥകളെ ശരീഅത്തിൽ നിർണയിച്ചിട്ടുണ്ട്. ആക്രമണം ആരംഭിക്കുവാൻ പാടുള്ളതല്ല. യുദ്ധത്തിനിടക്കോ യുദ്ധത്തിനു മുമ്പോ അതിരുകവിയാൻ പാടില്ല. ശത്രുപക്ഷത്തിന്, ഇസ്ലാമിലേക്ക് വരവ്, കരാര്‍ അംഗീകരിക്കൽ, യുദ്ധം ഇതിലേത് വേണമെന്ന് തെരഞ്ഞെടുക്കാൻ അവസരം നൽകാതെ യുദ്ധം തുടങ്ങാവതല്ല. വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തിൽ പങ്കെടുക്കാത്ത പണ്ഡിതന്മാരെയും കൊല്ലുന്നത് വിരോധിച്ചിരിക്കുന്നു. ഇങ്ങോട്ട് യുദ്ധം ചെയ്യാത്തവരെയും യുദ്ധത്തിൽ പങ്കെടുക്കാത്തവരെയും കൊല്ലരുത്. വധം യുദ്ധക്കളത്തിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. യുദ്ധപരമായ അനിവാര്യതകൾ ഇല്ലാതെ നശീകരണം പാടുള്ളതല്ല. തുല്യമായ രീതിയിലും ‘മാന്യത ശ്രേഷ്ഠത’ എന്നീ ഗുണങ്ങളിൽ അധിഷ്ഠിതമായിരിക്കണം പെരുമാറ്റം. മൃതശരീരങ്ങളെ അംഗഭംഗം വരുത്തരുത്. അഭിമാനക്ഷതം വരുത്തരുത്. ശവ ശരീരങ്ങൾ കുഴിച്ചുമൂടണം. മുറിവേറ്റവരെ പീഡിപ്പിക്കരുത്.

യുദ്ധം അവസാനിപ്പിക്കുന്നതിനു മൂന്നു മാർഗ്ഗങ്ങൾ ശരീഅത്ത് നിർണയിക്കുന്നു. ലക്ഷ്യങ്ങൾ നടപ്പിലാക്കുക, സമാധാനത്തിലേക്ക് ക്ഷണിക്കുക, ശാശ്വത സന്ധി ചെയ്യുക എന്നിവയാണവ. ബന്ദികളോട് ഏറ്റവും നല്ല നിലയിൽ വർത്തിക്കാൻ ശരീഅത്ത് ആവശ്യപ്പെടുന്നു. അവരെ ആദരിക്കാനാണ് ശരീഅത്ത് ആവശ്യപ്പെടുന്നത്. മോചനമൂല്യം വാങ്ങിയോ അല്ലാതെയോ അവരെ മോചിപ്പിക്കാൻ ഉടമകൾക്ക് അനുവാദം നൽകിയിട്ടുണ്ട്.

ആഭ്യന്തര പൊതു നിയമങ്ങൾ

ഈ നിയമങ്ങളിലെ; ഭരണഘടന, ഭരണം, കുറ്റകൃത്യം, സാമ്പത്തികം എന്നീ നാല് ഇനങ്ങളെയും കർമശാസ്ത്രജ്ഞന്മാർ സംക്ഷിപ്തമായും വിശദമായും ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ട്.

ഭരണഘടനാ നിയമം: രാഷ്ട്രത്തിലെ ഭരണത്തിന്‍റെ വിധിയെന്തെന്നും പൊതു അധികാരങ്ങളെന്തൊക്കെയെന്നും വിവരിക്കുന്നത് ഭരണഘടനയിലാണ്. അധികാരികൾക്കിടയിൽ അധികാരത്തെ ഭരണഘടന പങ്കുവെച്ചിട്ടുണ്ട്. അധികാരികൾ തമ്മിലുള്ള പരസ്പര സഹായവും ബന്ധവും നിർവചിക്കപ്പെട്ടിട്ടുണ്ട്. പൊതുസ്വാതന്ത്ര്യം, വ്യക്തികൾക്ക് രാഷ്ട്രത്തോടുള്ള കടപ്പാടുകൾ എല്ലാം ഭരണഘടനയിൽ വിവരിച്ചിട്ടുണ്ട്. ഇമാമത്ത്, ഖിലാഫത്ത്, ഭരണകർത്താക്കളും അവർക്കുണ്ടാവേണ്ട നിബന്ധനകളും ജനങ്ങൾക്ക് അവരോടുള്ള കടമകൾ എന്നീ അധ്യായങ്ങളിലും; നീതി, സമത്വം, കൂടിയാലോചന എന്നീ അധ്യായങ്ങളിലുമായിട്ടാണ് ഫുഖഹാക്കൾ ഈ വിഷയങ്ങൾ ചർച്ച ചെയ്തിട്ടുള്ളത്.

ഭരണ നിയമം: ഭരണകർത്താക്കൾ അവരിൽ നിക്ഷിപ്തമായ ചുമതലകൾ നിർവഹിക്കേണ്ടതെങ്ങിനെയെന്ന നിയമങ്ങൾ വിവരിക്കുന്നത് ഈ വകുപ്പിലാണ്. “സിയാസത്തു ശറഇയ്യ അൽ അഹ്കാമു സ്സുൽത്വാനിയ” എന്നീ തലക്കെട്ടുകളിലാണ് ഫിഖ്ഹ് ഗ്രന്ഥങ്ങൾ ഈ വിഷയം ചർച്ച ചെയ്തിട്ടുള്ളത്. സ്വതന്ത്ര ഗ്രന്ഥങ്ങളായും ഈ വിഷയത്തിൽ പണ്ഡിതന്മാർ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ഇബ്നു തൈമിയ്യയുടെ “സിയാസത്തു ശറഇയ്യ” അബൂ യഅ് ലയുടെ “അൽ അഹ്‌കാമു സ്സുൽത്വാനിയ്യ”, മാവർദിയുടെ “അൽ അഹ്‌കാമു സ്സുൽത്വാനിയ്യ എന്നിവ അവക്കുദാഹരണങ്ങളാണ്.

കുറ്റകൃത്യ നിയമങ്ങൾ:

الحدود والتعزير وقطاع الطريق والجنايات (കുറ്റകൃത്യങ്ങൾ കൊള്ള ശിക്ഷാ നടപടികൾ) എന്നീ തലക്കെട്ടുകളിലായിട്ടാണ് ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ഈ വിഷയം ചർച്ച ചെയ്യുന്നത്. കുറ്റകൃത്യങ്ങളുടെ ഇനങ്ങൾ, അവയ്ക്ക് ശറഅ് നിശ്ചയിച്ച ശിക്ഷകൾ, വിധികർത്താവിന്‍റെ തീരുമാനത്തിന് വിട്ടുകൊടുത്ത കാര്യങ്ങൾ എന്നിവ ഈ അധ്യായങ്ങളിൽ ചർച്ച ചെയ്യുന്നു.

സാമ്പത്തിക നിയമങ്ങൾ:

ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ സക്കാത്ത് നികുതികൾ, ചുങ്കം, ജിസിയ, നിധി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നിടങ്ങളിലാണ് ഈ വിഷയം വിവരിക്കപ്പെട്ടിട്ടുള്ളത്. അബു യൂസുഫിന്‍റെ കിതാബുൽ ഖറാജ് പോലെ ഈ വിഷയത്തിൽ സ്വതന്ത്ര ഗ്രന്ഥങ്ങളുമുണ്ട്. ഗവൺമെൻറ് ട്രഷറി (ബൈത്തുൽമാൽ) രൂപീകരിക്കേണ്ടതെങ്ങിനെ; ധന വിനിയോഗം നടത്തേണ്ടതെങ്ങിനെ തുടങ്ങിയ കാര്യങ്ങൾ ഈ ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

പ്രത്യേക നിയമം

വ്യക്തി നിയമങ്ങൾ ഉൾക്കൊള്ളുന്ന സിവിൽ നിയമം ഇസ്ലാമിക ഫിഖ്ഹിലെ മുആമലാത്ത് (ഇടപാടുകൾ) എന്ന വിഭാഗത്തിലെ ഒരിനമാണ്. വ്യക്തിഗത നിയമങ്ങൾ മുഴുവൻ ഈ വകുപ്പിൽ ചർച്ച ചെയ്യുന്നു.

വാണിജ്യ നിയമം (Commercial Law)

കർമ്മ ശാസ്ത്രജ്ഞന്മാർ അവരുടെ കാലത്ത് ഈ വിഷയത്തിൽ ആവശ്യമായ കൂറുകച്ചവടം, ഊഹക്കച്ചവടം പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. പിന്നെ ആ കച്ചവട രംഗത്തെ 'ഉർഫ്' (നടപ്പുകൾ) കളെ നിയമങ്ങളായി നിശ്ചയിച്ചു. കാരണം അന്ന് ഇന്നത്തെപ്പോലെ കച്ചവടം വിപുലപ്പെടുകയോ അതിൻറെ രൂപങ്ങൾ കെട്ടിക്കുടുക്കപ്പെടുകയോ ചെയ്തിരുന്നില്ല; വളരെ ലളിതവും സരളവും ആയിരുന്നു.

അവസാനമായി വ്യവഹാര നിയമം(Law Procedures) നെയും നാം കാണുന്നു. സിവിൽ നിയമങ്ങളും വാണിജ്യ നിയമങ്ങളും നടപ്പിൽ വരുത്തുന്ന നടപടിക്രമങ്ങളുടെയും പ്രവർത്തനരീതികളുടെയും അടിസ്ഥാനങ്ങളാണ് ഇതിൽ വിവരിക്കുന്നത്. കേസുകൾ കൊടുക്കുന്നത് മുതൽ വിധി നടപ്പാക്കുന്നത് വരെയുള്ള നടപടിക്രമങ്ങൾ ഇതിൽ ചർച്ച ചെയ്യപ്പെടുന്നു. കേസ്, വിധി, സാക്ഷി എന്നീ അധ്യായങ്ങളിലാണ് ഫുഖഹാക്കൾ ഇത് ചർച്ച ചെയ്യുന്നത്. കേസ് സമർപ്പിക്കേണ്ടതെങ്ങിനെയെന്നും വിധി പ്രസ്താവിക്കുന്നത് വരെ സ്വീകരിക്കേണ്ട നിയമനടപടികൾ എന്തൊക്കെയെന്നും സ്വീകരിക്കപ്പെടുന്ന ശരിയായ കേസ് ഏതൊക്കെയെന്നും തള്ളപ്പെടുന്ന ശരിയല്ലാത്ത കേസുകൾ എന്തൊക്കെയെന്നും ഇതിൽ ചർച്ച ചെയ്തിട്ടുണ്ട്.


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ