നിർമ്മിത നിയമങ്ങളുടെ വകുപ്പുകളും ഫിഖ്ഹ് നിയമ വകുപ്പുകളും എന്തുകൊണ്ട് വ്യത്യസ്തമായി ?

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2022 July 04, 5 Dhuʻl-Hijjah, 1443 AH

ആധുനികകാലത്തെ നിർമ്മിത നിയമങ്ങളുടെ വക്താക്കൾ അധ്യായങ്ങൾ തിരിച്ചതുപോലെ പൂർവ്വകാല ഫിഖ്ഹ് പണ്ഡിതന്മാർ വിഷയങ്ങൾ അധ്യായം തിരിച്ച് വിവരിക്കാൻ ശ്രദ്ധിച്ചില്ല. അതിന് പ്രധാന കാരണം അവരുടെ വീക്ഷണത്തിൽ അതിന് ആവശ്യമില്ലയെന്നതു തന്നെയായിരുന്നു. ഉദാഹരണമായി അവരുടെ പക്കൽ കേസുകളെല്ലാം ഒന്നുതന്നെയായിരുന്നു. അതിനെ (സിവിലെന്നോ, ക്രിമിനലെന്നോ) വേർതിരിച്ചിരുന്നില്ല. അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുവാൻ വിവിധ നടപടികളും ഉണ്ടായിരുന്നില്ല. വിധി ഒന്ന്, നടപടികൾ ഒന്ന്, ഒരു ജഡ്ജിയുടെ അടുത്തേക്കുതന്നെ എല്ലാവിധ കേസുകളും സമർപ്പിക്കപ്പെടുന്നു; തന്‍റെയടുക്കൽ എത്തുന്ന എല്ലാ കേസുകളും, കൊലക്കേസുകളും, വസ്തു കേസുകളും ഒക്കെ അതിൽ ഉൾപ്പെട്ടിരുന്നു.

ഇസ്ലാമിക് ശരീഅത്ത് നിർമ്മിത നിയമത്തെക്കാൾ വിശാലം

الشريعة الإسلامية أوسع من القانون

മുസ്ലിംകൾ വിധി തേടുന്ന നിയമം ഇസ്ലാമിക ശരീഅത്തും അതിൽ നിന്ന് രൂപം കൊള്ളുന്ന കർമശാസ്ത്രവും ആകുന്നു (فقه). എന്നാൽ ഇസ്ലാമിക ശരീഅത്ത് പാശ്ചാത്യർ (നിയമം) എന്നു പറയുന്നതിനേക്കാൾ എത്രയോ വിശാലവും വസ്തുതകൾ ഉൾക്കൊള്ളുന്നവയുമാണ്. ആധുനിക നിർമ്മിത നിയമങ്ങൾ ചർച്ച ചെയ്യുന്ന വിഷയങ്ങളും ഈ വിഷയങ്ങളിൽ ഉൾപ്പെടാത്ത വിഷയങ്ങളും ഇസ്ലാമിക നിയമം ഉൾക്കൊള്ളുന്നു. അതുകൊണ്ടാണ് ഓറിയന്‍റലിസ്റ്റ് 'നാലിനോ' ഇങ്ങനെ പറഞ്ഞത്: ‘ഫിഖ്ഹ്’ എന്ന പദത്തിന് സമാനമായി ഒരു പദം പാശ്ചാത്യൻ ഭാഷകളിൽ കാണപ്പെടുന്നില്ല. അതിന് കാരണമായി അദ്ദേഹം പറഞ്ഞത്, ഇസ്ലാമിക ശരീഅത്തിലെ ' ഫിഖ്ഹ് ' കൊണ്ട് ഉദ്ദേശിക്കുന്നത്; ഒരു മുസ്ലിമിന് തന്‍റെ റബ്ബുമായും താനുമായും തന്‍റെ വർഗ്ഗത്തിലെ ഇതര വ്യക്തികളുമായുള്ള ബന്ധത്തെ വിവരിക്കുന്ന ശരീഅത്താണ്. പിന്നെ അദ്ദേഹം പറയുന്നു: പാശ്ചാത്യരുടെയടുക്കൽ ‘ഖാനൂൻ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതിനേക്കാൾ എത്രയോ കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഫിഖ്ഹ്. അദ്ദേഹം പറയുന്നു: 'ഇബാദത്തുകൾ- നമ്മുടെ പക്കൽ പൊതു അവകാശങ്ങൾ എന്നു പറയുന്ന നികുതി നിയമം, സക്കാത്ത്, ഖനി നിയമങ്ങൾ, വ്യക്തി നിയമങ്ങൾ, അനന്തരാവകാശ നിയമങ്ങൾ, സാമ്പത്തിക അവകാശങ്ങൾ, (വഖ്ഫുകൾ അതിലുൾപ്പെടുന്നു.) ഖാളിയുടെ മര്യാദകൾ, കുറ്റകൃത്യങ്ങളും, ശിക്ഷാ നടപടികളും, രാഷ്ട്ര നിയമങ്ങളും യുദ്ധരംഗത്തും സമാധാന രംഗത്തും- അതിൽ ഉൾപ്പെടുന്നു. അദ്ദേഹം തുടർന്നു പറയുന്നു: 'ഇസ്ലാമിക ഫിഖ്ഹിൽ പാശ്ചാത്യരുടെ വീക്ഷണത്തിലെ മതപരമായ മസ്അലകളായ ശപഥം, നേർച്ച, സാധാരണ അറവ്, ദൈവ സാമിപ്യത്തിനുള്ള വലിയ അറവുകൾ, ഭക്ഷിക്കാൻ കൊള്ളുന്നവ, കൊള്ളാത്തവ എന്നിവയുടെ മസ്അലകൾ വസ്ത്രം, അലങ്കാരം തുടങ്ങിയ കാര്യങ്ങളെല്ലാം ഉൾപ്പെടുന്നു.’

(كتاب هل للقانون الروماني تاثير على الفقه الإسلامي ص: ١١ )

ഇത്രയും വിശാലമായ നിയമങ്ങളും വിഷയങ്ങളും ഇസ്ലാമിക ശരീരത്തിൽ കാണപ്പെടുന്നതിനാൽ, നിയമങ്ങളിൽ പഠനം നടത്തുന്നവർ ഇസ്ലാമിക ശരീഅത്തിനെ വിലകുറച്ചു കാണാറുണ്ട്, പാശ്ചാത്യൻ നിയമങ്ങളെ ഇതര നിയമങ്ങളുടെ അളവുകോലായി കണ്ടതാണ് അവർക്ക് പറ്റിയ വലിയ അബദ്ധം. ഇസ്ലാമിക നിയമങ്ങളിൽ അവർ ദർശിച്ച ആ കുറവുതന്നെയാണ് ഇസ്ലാമിക ശരീഅത്തിന്‍റെ പൂർണ്ണതയുടെ പൊരുളും മേന്മയും. അതായത് ഇസ്ലാമിക ശരീഅത്ത് മുസ്ലിം വ്യക്തിക്കും, മുസ്ലിം സമൂഹത്തിനും ഒരേ വീഥിയിലൂടെ സഞ്ചരിക്കാൻ വഴിയൊരുക്കിയിരിക്കുന്നു. അവിടെ പ്രതിബന്ധങ്ങളോ തടസ്സങ്ങളോ ഇല്ല. അതിന്‍റെ അംശങ്ങളും ഛേദങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നില്ല. മുസ്ലിം അവന്‍റെ എല്ലാ കാര്യത്തിലും പ്രവർത്തനത്തിലും തന്‍റെ റബ്ബിന് കീഴൊതുങ്ങുന്നു. 'ഇസ്ലാമിക് കർമശാസ്ത്രത്തിന്‍റെ രൂപീകരണവും അതിന്‍റെ മൂല സ്രോതസ്സും' എന്ന ഗ്രന്ഥത്തിൽ ഫ്രഞ്ച് ഓറിയന്‍റലിസ്റ്റായ 'ബോസ്ക‘ അത് സമ്മതിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ‘ഇസ്ലാമിക നിയമം വിശ്വാസിയുടെ ജീവിതത്തിന്‍റെ എല്ലാ മേഖലയും സ്പർശിക്കുന്നു. വിസർജ്ജനാനന്തര ശുചീകരണം മുതൽ ജിഹാദിന്‍റെയും യുദ്ധത്തിന്‍റെയും സകാത്തിന്‍റെയും അടിസ്ഥാനങ്ങൾ അതിൽ ചർച്ച ചെയ്യപ്പെടുന്നു. അങ്ങിനെ വൈവാഹിക നിയമങ്ങൾ, കച്ചവട നിയമങ്ങൾ, വസ്വിയ്യത്തുകൾ തുടങ്ങി എല്ലാമെല്ലാം.’

( كتاب هل للقانون الروماني تأثير على الفقه الإسلامي ص: ٦٨)

ഇസ്ലാമിക ശരീഅത്തിന്‍റെ ഈ മേന്മകൾ തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാലാണ് ‘നാലീനോ’ പറഞ്ഞതുപോലെ പാശ്ചാത്യൻ പണ്ഡിതന്മാരെ അബദ്ധജടിലമായ പ്രസ്താവനകൾ ഇറക്കാൻ പ്രേരിപ്പിച്ചത്.


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ