ഫിഖ്ഹ് സാങ്കേതിക അർത്ഥത്തിൽ

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍

Last Update 2022 July 04, 5 Dhuʻl-Hijjah, 1443 AH

ഒന്നാം ഘട്ടത്തിലെ ആളുകൾ നൽകിയ വിവക്ഷ

അറബികൾ അറിവ് ( (علمഗ്രഹിക്കൽ(فهم ) എന്ന അർത്ഥത്തിൽ ഫിഖ്ഹ് (فقه) എന്ന പദം ഉപയോഗിക്കുന്നു എന്ന് നാം വിവരിച്ചു കഴിഞ്ഞു. അതിന്‍ ഇന്ന അറിവ്, ഇന്ന വാചകം എന്ന് അവർ വ്യത്യാസപ്പെടുത്തിയിട്ടില്ല. ഒരു അറിവ് മനസ്സിലാക്കിയവൻ ആ അറിവിൽ ഫഖീഹാണ്. ധാരാളം അറിവുകൾ നേടിയവൻ അറബികളിലെ ഫഖീഹും ആലിമുമാണ്. ഇസ്ലാമിൻറെ ആഗമാനന്തരം ഫിഖ്ഹിനു വന്ന ഇതര അറിവുകളെ കൂടാതെ മതവിജ്ഞാനത്തിന് ശ്രേഷ്ഠതയും പ്രത്യേകതയും ഉണ്ടായതിനാൽ ആ അറിവിന് ഉപയോഗിച്ചു തുടങ്ങി. (ലിസാനുൽ അറബ് 2/1119; ബസ്വാഇറു ദവി ത്തംയീസ് 4/210)

അപ്പോൾ ഒന്നാംഘട്ടത്തിലെ പണ്ഡിതന്മാർ എന്നു പറഞ്ഞാൽ അവർ ഉദ്ദേശിച്ചിരുന്നത് മതവിജ്ഞാനം മാത്രമായിരുന്നു. അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലും റസൂൽ صلى الله عليه وسلم യുടെ സുന്നത്തിലുമാണ് അടങ്ങിയിരുന്നത്. നബി صلى الله عليه وسلم ഇപ്രകാരം പറഞ്ഞതായി നമുക്ക് കാണാം.

وعَنْ زَيْدِ بْنِ ثَابِتٍ رضي الله عنه قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ نَضَّرَ اللَّهُ امْرَأً سَمِعَ مِنَّا حَدِيثًا فَحَفِظَهُ حَتَّى يُبَلِّغَهُ فَرُبَّ حَامِلِ فِقْهٍ إِلَى مَنْ هُوَ أَفْقَهُ مِنْهُ وَرُبَّ حَامِلِ فِقْهٍ لَيْسَ بِفَقِيهٍ

“നമ്മിൽ നിന്നും ഒരു ഹദീഥ് കേട്ട് അതു മറ്റുള്ളവർക്ക് എത്തിക്കുമാറ് അതിനെ മ:നപാഠമാക്കിയവനെ അല്ലാഹു പ്രോജ്ജ്വലനാക്കട്ടെ! എത്ര ഫിഖ്ഹ് വാഹകരാണ് അവന്‍റെയത്ര ഫിഖ്ഹ് നേടിയവൻ കുറവാണ്. എത്ര ഫിഖ്ഹ് വാഹകരാണ് അവനൊരു ഫഖീഹ് അല്ല താനും”. (അബൂദാവൂദ് ഇബ്നു മാജ)

നബി صلى الله عليه وسلم യുടെ ഈ വചനത്തിലെ ഫിഖ്ഹ് എന്നതിന്റെ വിവക്ഷ പ്രവാചക വചനങ്ങളാണ്. ഉദ്ധൃത ഹദീഥിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഫഖീഹ് മത വിഷയങ്ങളിൽ ഉൾക്കാഴ്ചയുള്ളവനാണെന്ന് മനസ്സിലാക്കാം. നസ്സുകളുടെ അർത്ഥവ്യാപ്തിയും ആ നസ്സിലെ മതവിധികളും അതിലടങ്ങിയ ഗുണപാഠങ്ങളും അതുപ്രകാരം ജീവിക്കുന്നവനുള്ള നേട്ടങ്ങളുമെല്ലാം അറിയുന്നവനായിരിക്കുമവന്‍.

رُبَّ حَامِلِ فِقْهٍ إِلَى مَنْ هُوَ أَفْقَهُ مِنْهُ وَرُبَّ حَامِلِ فِقْهٍ لَيْسَ بِفَقِيهٍ

എന്ന വാക്യം കൊണ്ട് അതാണ് പ്രവാചകൻ ഉദ്ദേശിച്ചത്. അഫ്ഖഹു മിൻഹു എന്നതു കൊണ്ടുദ്ദേശിച്ചത് അല്ലാഹുവിൻറെ ഉദ്ദേശം മനസ്സിലാക്കുന്നതിനും വിധികളും ശരീഅത്ത് നിയമങ്ങളും അറിയാൻ ഏറ്റവും കഴിവുള്ളവൻ എന്നുമാണ്. "ലൈസ ബിഫഖീഹിൻ" എന്ന വാക്യം കൊണ്ട് ഉദ്ദേശിച്ചത്, ആ നസ്സിൽ അടങ്ങിയ മതവിധികളും അറിവുകളും ഗ്രഹിച്ചെടുക്കാനുള്ള കഴിവ് അവനിലില്ല എന്നാണ്.

സ്വഹാബികളിലെയും താബിഉകളിലെയും ഫുഖഹാക്കൾ പ്രശസ്തരായിരുന്നു. ഹവാസിൻ ഗോത്രത്തിൽ നിന്ന് മുസ്ലിംകൾ കൈവരിച്ച സമരാർജ്ജിത സമ്പത്തിന്‍റെ വിഷയത്തിൽ അനസ് ബ്നു മാലിക് رضي الله عنه വിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം “നബി صلى الله عليه وسلم അത് ഖുറൈശികളിൽ പെട്ട ചിലർക്ക് വീതിച്ചു കൊടുത്തു. അപ്പോൾ ചില അൻസാറുകൾ നബി صلى الله عليه وسلم യെ ആക്ഷേപിച്ചു. അവർ പറഞ്ഞ വാക്കുകൾ അറിഞ്ഞു. ആ സമയത്ത് റസൂൽ صلى الله عليه وسلم യെ വിളിച്ചുവരുത്തി ഇപ്രകാരം പറഞ്ഞു,

مَا كَانَ حَدِيثٌ بَلَغَنِي عَنْكُمْ ؟ قَالَ لَهُ فُقَهَاؤُهُمْ : فَأَمَّا ذَوُو آرَائِنَا يَا رَسُولَ اللهِ ، فَلَمْ يَقُولُوا شَيْئًا (رواه البخاري انظر فتح الباري ٦/٢٥١)

“നിങ്ങളെക്കുറിച്ച് ഞാൻ കേട്ടതെന്താണ്? അപ്പോൾ അവരിലെ ഫുഖഹാക്കൾ (ജ്ഞാനികൾ) പറഞ്ഞു: "എന്നാൽ അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങളുടെ കൂട്ടത്തിലെ മഹാന്മാർ ഒന്നും പറഞ്ഞിട്ടില്ല ”

ഉമറുൽ ഫാറൂഖ് رضي الله عنه ഒരു സുപ്രധാന കാര്യത്തെക്കുറിച്ച് ഹജ്ജ് വേളയിൽ പ്രസംഗിക്കാൻ മുതിർന്നപ്പോൾ അബ്ദുറഹ്മാനു ബ്നു ഔഫ് رضي الله عنه പറയുകയുണ്ടായി "ഹജ്ജ് വേളയിൽ ആളുകൾ കൂടുന്നയിടത്തെല്ലാം സാധാരണക്കാരും ഇടയന്മാരും ഒക്കെ ഒന്നിച്ചു കൂടും. താങ്കൾ മദീനയിൽ എത്തുന്നത് വരെ കാത്തിരിക്കണമെന്നാണ് എൻറെ അഭിപ്രായം അതായത് അറിവുള്ളവരോടൊപ്പം. (أهل الفقه ) അവസരം ലഭിക്കുന്നതുവരെ" (ബുഖാരി; ഫത്ഹുൽ ബാരി 7/267)

ഇമാം സുഹ്‍രിയിൽ നിന്ന് അഹ്‍മദു ബ്നു ഹമ്പൽ തന്‍റെ മുസ്നദിൽ റിപ്പോർട്ട് ചെയ്യുന്നു,

أَخْبَرَنِي رَجُلٌ مِنَ الأَنْصَارِ ، مِنْ أَهْلِ الْفِقْهِ (١/٦)

അൻസാറുകളിൽ പെട്ട മതപണ്ഡിതനായ ഒരാൾ എന്നോട് പറഞ്ഞു... (അഹ് മദ് 1/6(

മദീനയിലെ പ്രമുഖ താബിഉകളായ സഈദ് ബ്നുൽ മുസ്വയ്യബ് رحمه الله പോലെയുള്ളവരെയും അനസ് ബ്നു മാലിക് رضي الله عنه വിനെപ്പോലുള്ള ചെറുപ്രായക്കാരായ സ്വഹാബികളെയും (സിഗാറുസ്സ്വഹാബ) കാണാൻ അവസരം ലഭിച്ച യഹ്‍യ ബ്നു സഈദ് رحمه الله പറയുകയുണ്ടായി:

مَا أَدْرَكْتُ فُقَهَاءَ أَرْضِنَا إِلَّا يُسَلِّمُونَ فِي كُلِّ اثْنَتَيْنِ مِنَ النَّهَارِ ( فتح الباري ٣/ ٤٨ (

“നമ്മുടെ പ്രദേശത്തെ മതപണ്ഡിതന്മാരിൽ നിന്ന് നാം കണ്ടുമുട്ടിയവരെല്ലാം പകൽ നമസ്കാരത്തിൽ (സുന്നത്ത് നമസ്കാരങ്ങളിൽ) എല്ലാ രണ്ടു റകഅത്ത് കഴിയുമ്പോഴും സലാം വീട്ടിയിരുന്നു.” (ഫത്ഹുല്‍ ബാരി 3/48)

ഇമാം സുഹ്‍രി പറയുന്നു: നായ വെള്ള പാത്രത്തിൽ തലയിട്ടാൽ വേറെ വെള്ളമില്ലെങ്കിൽ അതുകൊണ്ട് വുളു എടുക്കാം. സുഫ്‍യാൻ പറഞ്ഞു: هذا الفقه بعينه (ഈ ഫിഖ്ഹ് മതജ്ഞാനം) അതിൻറെ യഥാർത്ഥ സ്ഥിതിയാണ്. അല്ലാഹു പറഞ്ഞുവല്ലോ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا നിങ്ങൾക്കു വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ പ്രതലത്തെ തേടുകയെന്ന്. ഇത് വെള്ളം തന്നെയാണല്ലോ)

(ഈ മസ്‍അലയിൽ കർമ്മ ശാസ്ത്ര പണ്ഡിതന്മാർക്ക് ഭിന്നതയുണ്ട്. നാം ഇവിടെ മസ്അല ചർച്ച ചെയ്യുകയല്ല. ഫിഖ്ഹ് എന്ന പദത്തിൻറെ അർത്ഥം വിശദീകരിച്ചു പഠിക്കുകയാണ്: വിവർത്തകൻ)

അപ്പോൾ ഫിഖ്ഹ്, ഫുഖഹാഅ് എന്നീ പദങ്ങൾ ഹദീസുകളിലും സ്വഹാബികളുടെയും താബിഉകളുടെയും നാവുകളിൽ വരുന്നത് അല്ലാഹുവിൻറെ മതത്തിൽ ഉൾക്കാഴ്ചയോടെ ജ്ഞാനം നേടിയവരെക്കുറിച്ചും അല്ലാഹുവിൻറെ കിത്താബിൽ നിന്നും പ്രവാചകചര്യയിൽ നിന്നും മതജ്ഞാനം നേടിയവരെക്കുറിച്ചും പ്രസ്താവിക്കാൻ വേണ്ടിയാണ്. അന്നത്തെ ഫുഖഹാക്കളുടെ ലക്ഷണങ്ങളും അടയാളങ്ങളും വ്യക്തമാണ്. അവരുടെ ലക്ഷണമായി റസൂലുള്ളാഹി صلى الله عليه وسلم പറയുകയുണ്ടായി.

عَنْ أَبِي الدَّرْدَاءِ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ مِنْ فِقْهِ الرَّجُلِ رِفْقُهُ فِي مَعِيشَتِهِ

“ഒരു വ്യക്തിയുടെ മതവിജ്ഞാനത്തിന്‍റെ ലക്ഷണമാണ് അവന്‍റെ ലളിതജീവിതം” (അഹ് മദ് 5/194)

مِنْ فِقْهِ الرَّجُلِ، أَنْ يَقُولَ لِمَا لَا يَعْلَمُ: اللهُ أَعْلَمُ (مسلم: كتاب المنافقين واحمد في مسنده : ١/٣٨١ )

ഒരു വ്യക്തി മതജ്ഞാനം നേടിയിട്ടുണ്ടെന്നതിന്‍റെ ലക്ഷണമാണ് തനിക്ക് അറിയാത്തതിനെക്കുറിച്ച് “അല്ലാഹുവിനറിയാം” എന്നു പറയുന്നത്. (മുസ്ലിം, അഹ് മദ്)

ഒരാളുടെ ദീർഘമായ നമസ്കാരവും ചുരുങ്ങിയ ഖുതുബയും അദ്ദേഹത്തിൻറെ പാണ്ഡിത്യത്തിന്റെ ലക്ഷണമാണ്. (മുസ്ലിം, ദാരിമി അഹ് മദ്).

സ്വഹാബികളിലെ ക്വുറാഉകളായ, ഫത്‍വ പ്രാപ്തരായവര്‍ക്കാണ് ഫഖീഹ് എന്നു പറയുകയെന്ന് ഇബ്നു ഖൽദൂൻ അഭിപ്രായപ്പെട്ടത് (മുഖദ്ദിമ 2/1011) ശരിയല്ലെന്ന് മുകളിൽ പറഞ്ഞ വിവരത്തിൽ നിന്ന് വ്യക്തമായി.

ഇബ്നു ഖൽദൂൻ പറഞ്ഞത് ശരിയല്ലെന്നതിന് താഴെപ്പറയുന്ന തെളിവുകൾ കൂടിയുണ്ട്. അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه ക്വുറാഅ് എന്ന പദം ഫുഖഹാഅ് എന്നതിന്‍റെ വിപരീതമായി ഉപയോഗിച്ചുകൊണ്ട് പറഞ്ഞു,

إِنَّكَ فِي زَمَانٍ كَثِيرٌ فُقَهَاؤُهُ، قَلِيلٌ قُرَّاؤُهُ، تُحْفَظُ فِيهِ حُدُودُ الْقُرْآنِ وَتُضَيَّعُ حُرُوفُهُ، قَلِيلٌ مَنْ يَسْأَلُ، كَثِيرٌ مَنْ يُعْطِي، يُطِيلُونَ الصَّلَاةَ وَيُقْصِرُونَ فِيهِ الْخُطْبَةَ، يُبَدُّونَ فِيهِ أَعْمَالَهُمْ قَبْلَ أَهْوَائِهِمْ. وَسَيَأْتِي عَلَى النَّاسِ زَمَانٌ قَلِيلٌ فُقَهَاؤُهُ، كَثِيرٌ قُرَّاؤُهُ، تُحْفَظُ فِيهِ حُرُوفُ الْقُرْآنِ، وَتُضَيَّعُ حُدُودُهُ، كَثِيرٌ مَنْ يَسْأَلُ، قَلِيلٌ مَنْ يُعْطِي، يُطِيلُونَ فِيهِ الْخُطْبَةَ، وَيُقْصِرُونَ الصَّلَاةَ، يُبَدُّونَ فِيهِ أَهْوَاءَهُمْ قَبْلَ أَعْمَالِهِمْ ( مالك فِي الْمُوَطَّأ حديث رقم ٩١ ص : ١٢٤)

“ഫുഖഹാക്കള്‍ ധാരാളമുള്ള ക്വുറാഉകള്‍ കുറഞ്ഞ ഒരു കാലഘട്ടത്തിലാണ് നീ ഇപ്പോൾ. ക്വുർആൻ നിർണയിച്ച അതിർവരമ്പുകൾ ഇന്നു പാലിക്കപ്പെടുന്നു. അതിലെ അക്ഷരങ്ങള്‍ക്ക് പിറകെ ആരും പോകുന്നില്ല. ചോദിക്കുന്നവർ ഇന്ന് കുറവാണ്. കൊടുക്കുവാൻ ധാരാളം പേരുമുണ്ട്. അവർ ഈ കാലത്ത് നമസ്കാരം ദീർഘിപ്പിക്കുന്നു. പ്രസംഗം ചുരുക്കുന്നു. ദേഹേച്ഛകൾക്ക് മുമ്പെ അവർ പ്രവർത്തനങ്ങളെ കാഴ്ചവെക്കുന്നു. ഇനി ജനങ്ങളിൽ ഒരു കാലം വരാനിരിക്കുന്നു: അന്ന് ഫുഖഹാക്കൾ കുറയും. ക്വുറാഉകള്‍ കൂടും. അന്ന് ക്വുർആനിലെ അക്ഷരങ്ങൾ സംരക്ഷിക്കപ്പെടും. അതിലെ നിയമാതിര്‍ത്തികളെ പാഴാക്കും. ചോദിക്കുന്നവര്‍ ധാരാളമുണ്ടാകും കൊടുക്കുന്നവർ കുറയും. പ്രസംഗങ്ങൾ സുദീർഘമായിരിക്കും. നമസ്കാരങ്ങൾ ചുരുങ്ങും. പ്രവർത്തിക്കു മുമ്പെ ഇച്ഛകളെ പ്രകടമാക്കും.” (മുവത്വ ഹദീഥ് നമ്പര്‍ 91, പേ: 124)

അല്ലാഹുവിൻറെ കിതാബും പ്രവാചകന്‍റെ സുന്നത്തും നന്നായി മനസ്സിലാക്കിയ സ്വഹാബികൾക്കാണ് ഫുഖഹാഅ് എന്നു പറയുക; കേവലം വാക്യങ്ങൾ ഉരുവിട്ട് മ:നപ്പാഠമാക്കിയവർക്കല്ലെന്ന് അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه വിന്‍റെ വാക്കുകളിൽ നിന്ന് നമുക്ക് അനായാസം ഗ്രഹിക്കാം. വാക്യങ്ങളെ ഹൃദിസ്ഥമാക്കല്‍ ഒരു വ്യക്തിയെ ഫഖീഹാക്കുന്നില്ല. (ക്വുർആൻ മ:നപ്പാഠമാക്കിയ സ്വഹാബിമാരെ കുറിച്ച് ക്വുറാഅ് എന്ന് പ്രയോഗിച്ചതായി ഹദീഥുകളിൽ കാണാം. അവര്‍ ക്വുര്‍റാഉകളും ഫുഖഹാക്കളുമായിരുന്നു. അതിനാൽ അവരെക്കുറിച്ച് ഫഖീഹെന്നും ഖാരിഅ് എന്നു പറയാം: വിവർത്തകൻ)

ആദ്യകാലഘട്ടത്തിൽ മതത്തിൻറെ മുഴുവൻ കാര്യങ്ങളും അറിയുന്നതിന് ഫിഖ്ഹ് എന്ന് പറഞ്ഞിരുന്നു. ഫുറൂആയ (ശാഖാപരം) കാര്യങ്ങൾ അറിയുന്നതിനേക്കാൾ ഉപരി ഉസൂലിയായ (അടിസ്ഥാനപരമായ) കാര്യങ്ങൾ അറിയുന്നവർക്കാണ് അന്ന് ഫഖീഹ് എന്നു പറഞ്ഞിരുന്നത്. അതായത് ശാരീരിക പ്രവർത്തനങ്ങളേക്കാള്‍ മാനസികമായ പ്രവർത്തനങ്ങൾ അറിയുന്നതിന്. അതുകൊണ്ടാണ് വിശ്വാസകാര്യത്തിൽ ഇമാം അബു ഹനീഫ രചിച്ച കൊച്ചു പുസ്തകത്തിന് “അല്‍ ഫിഖ്ഹുല്‍ അക്ബർ” എന്നു പേരിട്ടത്. ആ കാലഘട്ടത്തിൽ ഇൽമുൽ അഖീദയും ഫിഖ്ഹില്‍ ഉൾപ്പെട്ടിരുന്നുവെന്നർത്ഥം. അപ്രകാരം സ്വഭാവ വിജ്ഞാനങ്ങൾ, കര്‍മശാസ്ത്രങ്ങള്‍ എല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. ഉബൈദുല്ലാഹി ബ്നു മസ്ഊദ് ഈ വസ്തുത വ്യക്തമാക്കുന്നത് കാണാം.

اسم الفقه في العصر الأول كان مطلقا على علم الآخرة ومعرفة دقائق النفوس والاطلاع على الآخرة وحقارة الدنيا، ولست أقول أن الفقه لم يكن متناولا أولا الفتاوى والأحكام الظاهرة . (كتاب التوضيح على التنفيح لصدر الشريعة : ١/ ٧٨، والغزالي في إحياء علوم الدين ١/٣٦)

ഫിഖ്ഹ് എന്ന് നാമം ആദ്യകാലത്ത് പരലോക സംബന്ധമായ കാര്യങ്ങൾ അറിയുന്നതിനും ആത്മീയമായ സൂക്ഷ്മ ജ്ഞാനങ്ങൾക്കും ആഖിറത്തിനെക്കുറിച്ച് പഠിക്കുന്നതിനും ഭൗതിക ലോകത്തിലെ നിസ്സാര കാര്യങ്ങൾക്കുമാണ് ഉപയോഗിച്ചിരുന്നത്. ഫിഖ്ഹ് ഫത്‍വകൾക്കും ബാഹ്യമായ മതവിധികൾക്കും ഉപയോഗിച്ചിട്ടില്ല എന്ന് ഞാൻ പറയുന്നില്ല. (തൗളീഹ്: 1/78 ഇഹ് യാഅ് 1/32)

ഇബ്നുല്‍ ആബിദീന്‍ പറഞ്ഞു,

المراد بهم العالمون بأحكام الله تعالى اعتقادًا وعملًا؛ لأن تسمية علم الفروع فقهًا تسمية حادثة،

“ഫുഖഹാഅ് എന്നതുകൊണ്ടു വിവക്ഷ കർമ്മപരമായും വിശ്വാസപരമായും അല്ലാഹുവിന്‍റെ വിധികൾ എന്തെന്ന് അറിയുന്നവരെന്നാണ്. കാരണം, ശാഖാപരമായ (കർമ്മപരമായ) അറിവിന് മാത്രം ഫിഖ്ഹ് എന്നു പറയുന്നത് പുതിയ സമ്പ്രദായമാണ്” .

ഇമാം ഹസനുൽ ബസരിയുടെ വാക്കുകൾ ഇതിന്‍ ശക്തിപകരുന്നു. അദ്ദേഹം പറഞ്ഞു,

إِنَّمَا الْفَقِيهُ الْمُعْرِضُ عَنِ الدُّنْيَا، الرَّاغِبُ فِي الْآخِرَةِ، الْبَصِيرُ بِدِينِهِ، الْمُدَاوِمُ عَلَى عِبَادَةِ رَبِّهِ، الْوَرِعُ الْكَافُّ عَنْ أَعْرَاضِ الْمُسْلِمِينَ، الْعَفِيفُ عَنْ أَمْوَالِهِمْ، النَّاصِحُ لِجَمَاعَتِهِمْ. (حاشية ابن العابدين ١/٦٢ ، ١/٣٣)

“തീർച്ചയായും ഫഖീഹ് എന്നു പറഞ്ഞാൽ ഐഹികമായ (കാര്യങ്ങളിൽ നിന്ന്) ഒഴിയുന്നവനും, പരലോക (കാര്യങ്ങളിൽ) താല്പര്യമുള്ളവനും തന്‍റെ മതകാര്യങ്ങളിൽ ഉൾക്കാഴ്ചയുള്ളവനും, തന്‍റെ റബ്ബിന് ആരാധന അർപ്പിക്കുന്നതിൽ നൈരന്തര്യം പുലർത്തുന്നവനും സൂക്ഷ്മത പുലർത്തുന്നവനും മുസ്ലീംകളുടെ അഭിമാനത്തിൽ ക്ഷതമേൽപ്പിക്കാത്തവനും അവരുടെ ധനം അന്യായമായി (തിന്നുപോകുന്നത്) സൂക്ഷിക്കുന്നവനും അവരുടെ സംഘത്തിന് ഗുണകാംക്ഷിയുമായിരിക്കും”.


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ