കർമശാസ്ത്ര വിഷയങ്ങളുടെ വിഭാഗങ്ങൾ

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2022 July 04, 5 Dhuʻl-Hijjah, 1443 AH

കർമ്മശാസ്ത്ര പണ്ഡിതന്മാർ ഇസ്ലാമിക നിയമങ്ങളെ ബൃഹത് ഗ്രന്ഥങ്ങളിൽ ക്രോഡീകരിച്ചപ്പോൾ 'ഫിഖ്ഹ് ഗ്രന്ഥങ്ങൾ' എന്ന് അവയ്ക്ക് നാമകരണം ചെയ്ത് വിഷയങ്ങളെ വിഭജിച്ച് രണ്ടു പ്രധാന ഭാഗങ്ങളാക്കി. ഇബാദാത്ത് (ആരാധനാ വിഷയങ്ങൾ) മുആമലാത്ത് (ഇടപാടുകൾ) എന്നിവയാണ് ആ വിഭാഗങ്ങൾ.

ആരാധനാ വിഷയങ്ങൾ (قسم العبادات) 

ഈ വിഭാഗത്തിൽ അവർ ഉൾപ്പെടുത്തിയ മുഖ്യ വിഷയങ്ങൾ ഇവയാണ്.

1. ശുദ്ധി (طهارة) , വെള്ളം, മാലിന്യങ്ങൾ (نجاسات), അംഗശുദ്ധി (وضوء), കുളി (الغسل), തയമ്മും (التيمم), ആർത്തവം (الحيض), പ്രസവരക്തം (النفاس) തുടങ്ങിയ വിഷയങ്ങളാണ് ഇതിൽ ചർച്ച ചെയ്യപ്പെടുക.

2. നമസ്കാരം الصلاة)),

3. സകാത്ത് (الزكاة),

4. നോമ്പ് (الصيام),

5. ഭജനമിരിക്കൽ (الإعتكاف),

6. മയ്യിത്ത് സംസ്കരണ നിയമങ്ങൾ (الجنائز),

7. ഹജ്ജും ഉംറയും (الحج والعمرة),

8. പള്ളികളും അവയുടെ ശ്രേഷ്ഠതകളും അവയുമായി ബന്ധപ്പെട്ട വിധികളും (المسجد وفضلها واحكامها) ,

9. ശപഥവും നേർച്ചയും (الأيمان والنذور) ,

10. ധർമസമരം (الجهاد),

11. ഭക്ഷണവും പാനീയവും (الأطعمة والأشربة),

12. വേട്ടയും അറവു മൃഗങ്ങളും (الصيد والذبائح)

ചില ഫുഖഹാക്കൾ അവസാനം പറഞ്ഞ മൂന്നെണ്ണത്തെ ‘ഇടപാടുകളി’ലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇടപാടുകൾ (قسم المعاملات)

ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയ പ്രധാന വിഷയങ്ങൾ ഇവയാണ്.

1. വിവാഹവും ത്വലാഖും (الزواج والطلاق) ,

2. ശിക്ഷാനടപടികൾ العقوبات الحدود والقصاص والتعزير)) ,

3. കച്ചവടം (البيوع),

4. കടം (القرض),

5. പണയം (الرهن),

6,7 കൃഷിയും ജലസേചനവും (المسافة والمزارعة )

8. വാടക (الإجارة ),

9. കൈമാറ്റ പത്രം (الحوالة ) ,

10. വിലക്കെടുക്കാനുള്ള മുന്നവകാശം (الشفعة),

11. ഏജൻസി (وكالة),

12. നിക്ഷേപം(الوديعة) ,

13. കവർച്ച (الغصب)

14. വീണുകിട്ടിയ ധനം (اللقيط),

15. വായ്പ (عارية )

16. സംരക്ഷണം ഏറ്റെടുക്കൽ (الكفالة) ,

17. ശമ്പളം, കൂലി (الجعالة) ,

18. കമ്പനികൾ (الشركات) ,

19. നീതിന്യായം (القضاء) ,

20. ധനം വഖ്ഫ് ചെയ്യൽ, (الأوقاف)

21. ദാനം (الهبة) ,

22. കൈമാറ്റാ അധികാര നിരോധം (الحجر),

23. വിൽപത്രം(الوصية) ,

24. അനന്തരാവകാശ നിയമങ്ങൾ (الفرائض) .

ഫിഖ്ഹിനെ മൂന്നാക്കി ഭാഗിച്ചവരുണ്ട്. ഇബ്നു ആബിദീൻ അങ്ങിനെയാണ് ചെയ്തത്. ഇബാദാത്ത്, ഇടപാടുകൾ, ശിക്ഷാ നടപടികൾ എന്നിങ്ങനെ അദ്ദേഹം ഫിഖ്ഹിനെ മൂന്നാക്കി തിരിച്ചു. ഇബാദാത്തുകളെ നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ്, ജിഹാദ് എന്നിങ്ങനെ അഞ്ചാക്കി അദ്ദേഹം എണ്ണി.

ഇടപാടുകളെയും അദ്ദേഹം അഞ്ചാക്കി എണ്ണി; സാമ്പത്തിക വിഷയങ്ങൾ, വിവാഹവും ബന്ധപ്പെട്ട വിഷയങ്ങളും, തർക്കവും വിധികളും, അനന്തരാവകാശ നിയമങ്ങൾ ഇങ്ങിനെയാണ് അദ്ദേഹം അഞ്ചു വിഭാഗമാക്കിത്തിരിച്ചത്.

ശിക്ഷാവിധികളേയും അദ്ദേഹം അഞ്ചാക്കി എണ്ണി; പ്രതികാര ശിക്ഷകൾ, മോഷണത്തിനുള്ള ശിക്ഷ, വ്യഭിചാരത്തിനുള്ള ശിക്ഷ, വ്യഭിചാര ആരോപണത്തിനുള്ള ശിക്ഷ, മുർതദ്ദിനുള്ള (മതഭ്രഷ്ടൻ) ശിക്ഷ എന്നിവയാണവ.

ഇമാം ശാഫിഈയുടെ അനുയായികൾ ഫിഖ്ഹിനെ നാലു വിഭാഗമാക്കിത്തിരിച്ചു. അവർ പറയുന്നു; ശറഇയ്യായ വിധികൾ ഒന്നുകിൽ പരലോകവുമായി ബന്ധപ്പെട്ടവയാണ്. ഇബാദാത്തുകൾ അതിൽപ്പെടുന്നു. അല്ലെങ്കിൽ ഭൗതിക കാര്യങ്ങളിൽപ്പെട്ടവയായിരിക്കും. ഇടപാടുകൾ, വിവാഹനിയമങ്ങൾ, ശിക്ഷാ നടപടികൾ എന്നിവ അതിൽപ്പെട്ടവയാണ്.

ഇബ്നു ജൗസി അൽമാലികി “ഖവാനീനുൽ അഹ്കാമിശ്ശറഇയ്യ വമസാഇലുൽ ഫുറൂഇൽ ഫിഖ്ഹിയ്യ” എന്ന ഗ്രന്ഥത്തിൽ ഫിഖ്ഹിനെ രണ്ടു ഭാഗമാക്കിയിരിക്കുന്നു. ഒന്ന് ഇബാദത്തും മറ്റേത് മുആമലാത്തും. ഓരോ വിഭാഗവും പത്തു ഗ്രന്ഥങ്ങളും നൂറ് അധ്യായങ്ങളുമാക്കിയിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിന്‍റെയടുക്കൽ ഫിഖ്ഹ് ഇരുപത് ഗ്രന്ഥങ്ങളും ഇരുന്നൂറ് അധ്യായങ്ങളിലുമായിട്ടാണ്. ഒന്നാമത്തെ വിഭാഗത്തിൽ കിതാബു ത്ത്വഹാറാത്ത് കിതാബു സ്സ്വലാത്ത്, കിതാബുൽ ജനാഇസ്, കിതാബുസ്സകാത്ത്, കിതാബു സ്സ്വവ്മ്, കിതാബുൽ ഹജ്ജ്, കിതാബുൽ ജിഹാദ് കിതാബുൽ അയ്മാനു വന്നുദൂർ, കിതാബുല്‍ അത്വ്ഇമത്തി വല്‍ അശ്‍രിബ: വസ്സ്വയ്ദ് വദ്ദബാഇഹ്, കിതാബു ള്ള്വഹായ വല്‍ അഖീഖ വല്‍ ഖിതാന്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

രണ്ടാമത്തെ വിഭാഗത്തിൽ നികാഹ്, ത്വലാഖ്, കച്ചവടം, കരാറുകൾ, വിധികളും സാക്ഷ്യങ്ങളും, നീതിന്യായം, കുറ്റകൃത്യങ്ങളും ശിക്ഷാനടപടികളും, ദാനധർമ്മങ്ങൾ അടിമമോചനം, അനന്തരാവകാശ നിയമങ്ങളും വസിയ്യത്തുകളും എന്നീ വിഷയങ്ങളാണ്. ഇവക്കു പുറമെ കിതാബുൽ ജാമിഅ് എന്നപേരിൽ ഇരുപത് അധ്യായങ്ങൾ ചേർത്തി ഈ ഗ്രന്ഥം അവസാനിപ്പിച്ചിരിക്കുന്നു.

ഇബാദാത്തുകളും മുആമലാത്തുകളും

പൊതുവെ ഫുഖഹാക്കളെല്ലാം ശറഇയ്യായ വിധികളെ ഇബാദാത്ത് (ആരാധനാകർമ്മങ്ങൾ), മുആമലാത്ത്(ഇടപാടുകൾ), എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. അങ്ങിനെ വേർതിരിക്കാൻ അവർ കണ്ട വ്യത്യാസം ഇവയാണ്.

ഒന്ന്. ഇബാദാത്ത് മുആമലാത്ത് എന്നിവയുടെ അടിസ്ഥാന ലക്ഷ്യങ്ങളുടെ വ്യത്യാസം. ശറഈ വിധികളുടെ പ്രഥമ ലക്ഷ്യം അല്ലാഹുവിലേക്കുള്ള അടുപ്പം തേടലും അവനു നന്ദി പ്രകടിപ്പിക്കലുമായതിനാൽ ആ ഗണത്തിൽപ്പെട്ട വിഷയങ്ങളെ ഇബാദത്തുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നമസ്കാരം, സക്കാത്ത്, വ്രതം, ഹജ്ജ് എന്നിങ്ങനെയുള്ള വിഷയങ്ങളാണ് അവ. ഭൗതികമായ നന്മയുടെ സാക്ഷാത്കാരമോ രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിൻറെ വ്യവസ്ഥയോ ആണ് ലക്ഷ്യമെങ്കിൽ അത്തരം വിഷയങ്ങളെ ഇടപാടുകള്‍ (മുആമലാത്ത്) എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

രണ്ട്. ഇബാദത്തുകളുടെ അടിസ്ഥാനം ബുദ്ധിക്ക് ആശയം ഗ്രഹിക്കാൻ കഴിയാത്തവയാണെന്ന് ഫുഖഹാക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ശറഇല്‍ വിധി രൂപത്തിലോ നിരോധത്തിലോ വന്നതിന്‍റെ താല്പര്യം അല്ലാഹുവിന് മാത്രമേ അറിയൂ. അത്തരം വിഷയങ്ങൾ ആരാധനയിൽ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നതിന് ഏറ്റവും വലിയ തെളിവ് അവ ബുദ്ധിക്ക് മനസ്സിലാക്കാനോ, കണ്ടെത്താനോ കഴിയാത്തവയാണെന്നതു തന്നെയാണ്. ഇനി അത്തരം വിഷയങ്ങളുടെ പൊരുൾ നമുക്കറിയാം കഴിഞ്ഞാൽ തന്നെ മൊത്തത്തിലല്ലാതെ വിശദമായി അറിയാൻ കഴിയില്ല.

എന്നാൽ ആചാരങ്ങളുടെ സ്ഥിതി അതല്ല, അതിന്‍റെ അടിസ്ഥാനം അവയുടെ പൊരുൾ ബുദ്ധിക്ക് കണ്ടെത്താൻ കഴിയുമെന്നതാണ്. അതുകൊണ്ടുതന്നെയാണ് അത്തരത്തിൽപ്പെട്ട വിഷയങ്ങളുടെ വിധികൾ കണ്ടെത്താൻ പ്രവാചകന്മാരുടെ ഇടവേളകാലത്ത് ബുദ്ധിമാൻമാർ ശ്രമിച്ചത്. അങ്ങനെ അവർക്ക് ധാരാളം ശരികൾ കണ്ടെത്താൻ കഴിഞ്ഞു. അവർ കണ്ടെത്തിയ പലതിനെയും പിന്നീട് ഇസ്ലാം അംഗീകരിക്കുകയാണ് ചെയ്തത്.

തശ്‍രീഇന്‍റെ രീതിയും ഈ മാർഗ്ഗത്തിലേക്ക് നമുക്ക് വഴി കാണിക്കുന്നു. അവർ ഓരോന്നിന്‍റെ വിശദീകരണം പറയാതെ പൊതുവായ ഒരടിത്തറ പാകുകയാണ് ചെയ്തത്. തദടിസ്ഥാനത്തിൽ ഏതു ചുറ്റുപാടിലും ഏതുകാലത്തും മതവിധികൾ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇബാദാത്തുകളുടെ സ്ഥിതി അതല്ല. ക്വുർആൻ ആ വിഷയങ്ങളിൽ മൊത്തത്തിൽ കാര്യങ്ങൾ പറഞ്ഞു. പ്രവാചകൻ ആവശ്യമായ വിശദീകരണങ്ങൾ നൽകുകയും ചെയ്തു.

മൂന്ന്. ഇബാദാത്തുകളിൽ ഇത് അല്ലാഹുവിന്‍റെ പക്കൽ നിന്നുള്ള കല്പനയാണെന്ന അറിവുണ്ടായിരിക്കൽ അത് തക്‍ലീഫിന്‍റെ നിബന്ധനയാണ്. അതായത് മുകല്ലഫായ അടിമ കർമ്മങ്ങൾ ചെയ്യുമ്പോൾ അല്ലാഹുവിന്‍റെ പ്രതിഫലവും അവനിലേക്കുള്ള സാമീപ്യവും ലക്ഷ്യം വെക്കേണ്ടതാണ്. താൻ ചെയ്യുന്ന അനുഷ്ഠാനകർമ്മങ്ങൾ അല്ലാഹുവിന്‍റെ പക്കൽ നിന്നുള്ള കല്പനയാണെന്ന ബോധമുണ്ടാകുമ്പോഴേ ഈ നിയ്യത്ത് സാധ്യമാവുകൂ. എന്നാൽ ഇടപാടുകളിൽ ഈ വിധമുള്ള നിയ്യത്ത് ആ പ്രവർത്തി ശരിയാകാൻ ആവശ്യമില്ല. പക്ഷേ നിയ്യത്തു കൂടാതെ അല്ലാഹുവിന്‍റെ അടുക്കൽ അതിനു പ്രതിഫലമില്ല. തിരിച്ചുകൊടുക്കുക, കടം വീട്ടുക, കവർന്നെടുത്തത് മടക്കി കൊടുക്കുക, ഭാര്യയ്ക്ക് ചെലവിന് കൊടുക്കുക തുടങ്ങിയ കാര്യങ്ങൾ ഉദാഹരണം. ഭരണാധികാരികളെ ഭയന്ന് ഇവകൾ ഒരാൾ ചെയ്താൽ ആ പ്രവർത്തി അംഗീകരിക്കപ്പെടും; അവൻ ബാധ്യതയിൽ നിന്ന് ഒഴിവാകുകയും ചെയ്യും. നിയ്യത്തില്ലാത്തതിനാൽ പ്രവർത്തി ശരിയായിട്ടില്ലെന്ന് പറഞ്ഞു പരലോകത്ത് അവൻ കുറ്റക്കാരനാവുകയുമില്ല. കാരണം അവന്‍റെ ബാധ്യത അവൻ നിറവേറ്റി. എന്നാൽ സദുദ്ദേശം ഇല്ലാത്തതിനാൽ ആ കർമ്മങ്ങൾക്ക് പരലോകത്ത് അവന് പ്രതിഫലം ലഭിക്കുകയില്ല.


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ