സ്വഹാബികളുടെ ക്വുർആൻ ക്രോഡീകരണം

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2023 March 14, 22 Shaʻban, 1444 AH

വിശുദ്ധ ക്വുർആൻ മനഃപ്പാഠമാക്കപ്പെട്ടതും, രേഖപ്പെടുത്തപ്പെട്ടതുമായ അവസ്ഥയിലാണ് നബി صلى الله عليه وسلم ഈ ലോകത്തോട് വിടവാങ്ങിയത്. ചിലർ ക്വുർആൻ മുഴുവനും വേറെ ചിലർ ഭാഗികമായും മനഃപ്പാഠമാക്കിയിരുന്നു. രേഖപ്പെടുത്തപ്പെട്ടത് തോലിലും എല്ലിലും പനയോലകളിലുമായിരുന്നു. നബി صلى الله عليه وسلم യുടെ എഴുത്തുകാരായ മഹാന്മാരായിരുന്നു അത് നിർവഹിച്ചത് ഇന്ന് മുസ്ഹഫിൽ കാണപ്പെടുന്ന ക്രമമനുസരിച്ചായിരുന്നില്ല ലിഖിതം. കാരണം ക്വുർആൻ സന്ദർഭമനുസരിച്ചായിരുന്നുവല്ലോ അവതരിച്ചിരുന്നത്.

മനഃപ്പാഠമാക്കിയവരുടെ മരണം കാരണം ക്വുർആൻ നഷ്ടപ്പെട്ടുപോകുമോയെന്ന് സ്വഹാബത്ത് ഭയപ്പെട്ടു. ഉമറുബ്നുൽ ഖത്വാബ് رضي الله عنه വിന്‍റെ നിർദ്ദേശപ്രകാരം ക്വുർആൻ ഒറ്റ ഗ്രന്ഥത്തിലായി ക്രോഡീകരിക്കാൻ അബൂബക്കർ رضي الله عنه തീരുമാനിച്ചു. നേരിട്ട് കേട്ട് മനഃപ്പാഠമാക്കിയവരില്‍നിന്ന് പരിശോധിച്ചുകൊണ്ടാണവർ ആ മഹത്തായ കൃത്യം നിറവേറ്റിയത്. അവരുടെ പ്രധാന അവലംബം പ്രവാചകന്‍റെ എഴുത്തുകാരായിരുന്നു.

അബൂബക്കർ رضي الله عنه വിന്‍റെ ഖിലാഫത്ത് കാലത്തുണ്ടായ ഈ ക്രോഡീകരണത്തെ സംബന്ധിച്ച് സൈദു ബ്നു ഥാബിത് رضي الله عنه പറയുന്നതിങ്ങിനെ:

യമാമ യുദ്ധം സംഭവിച്ച ശേഷം അബൂബക്കർ رضي الله عنه എന്നെ വിളിച്ചുവരുത്തി. അവിടെ ചെന്നപ്പോൾ ഉമർ رضي الله عنه വും ഉണ്ട് അവിടെ. അബൂബക്കർ رضي الله عنه പറഞ്ഞു യമാമഃ യുദ്ധ ശേഷം ഉമർ رضي الله عنه എന്‍റെ അടുത്തു വന്നു പറഞ്ഞു: യുദ്ധം ശക്തമായിരുന്നു. ക്വുർആൻ അറിയുന്നവർ ഏറെ മരണപ്പെട്ടു. ഇനിയും ഇത്തരം സംഘട്ടനങ്ങൾ ഉണ്ടായാൽ ക്വുർആൻ മനഃപ്പാഠമാക്കിയവർ മരണപ്പെടുകയും ക്വുർആൻ നഷ്ടപ്പെടുകയും ചെയ്യുമോയെന്ന് ഞാൻ ഭയപ്പെടുന്നു. അതിനാൽ ക്വുർആൻ ക്രോഡീകരിച്ചു വെക്കണമെന്നാണ് എൻറെ അഭിപ്രായം. അപ്പോൾ ഉമര്‍ رضي الله عنه വിനോട് ഞാൻ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ചെയ്തിട്ടില്ലാത്ത ഒരു കാര്യം ഞാൻ എങ്ങിനെ ചെയ്യും? അപ്പോള്‍ ഉമര്‍ رضي الله عنه പറഞ്ഞു: ‘ തീർച്ചയായും അത് നല്ല കാര്യമാണ്. ഉമര്‍ വീണ്ടും വീണ്ടും ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരുന്നു. അങ്ങനെ എന്‍റെ മനസ്സിലും ഉമറിന്‍റെ അഭിപ്രായം ശരിയാണെന്ന് അല്ലാഹു തോന്നിപ്പിച്ചു. സൈദ് رضي الله عنه പറയുന്നു: അബൂബക്കർ رضي الله عنه എന്നോട് പറഞ്ഞു; ‘താങ്കൾ ബുദ്ധിമാനായ യുവാവാണ്. താങ്കളെക്കുറിച്ച് നമുക്ക് ഉത്തമ വിശ്വാസമുണ്ട്. താങ്കൾ റസൂൽ صلى الله عليه وسلم യുടെ എഴുത്തുകാരനായിരുന്നുവല്ലോ അതിനാൽ ക്വുർആൻ പരിശോധിച്ചു ക്രോഡീകരിച്ചു തരിക’. അദ്ദേഹം പറയുന്നു; ഒരു പർവ്വതം തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനാണ് എന്നോട് കൽപ്പിച്ചിരുന്നതെങ്കില്‍, അതായിരിക്കും ക്വുർആൻ ക്രോഡീകരിക്കുന്നതിനേക്കാൾ എനിക്ക് പ്രയാസരഹിതമായ കാര്യം. സൈദ് رضي الله عنه പറയുന്നു: ഞാൻ ചോദിച്ചു; റസൂൽ صلى الله عليه وسلم ചെയ്തിട്ടില്ലാത്ത ഒരു കാര്യം നിങ്ങൾ എങ്ങിനെ ചെയ്യും? അബൂബക്കർ رضي الله عنه പറഞ്ഞു: തീർച്ചയായും അത് ഉത്തമമായ ഒരു കാര്യമാണ്. അബൂബക്കർ رضي الله عنه എന്നോട് അത് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. അങ്ങിനെ അബൂബക്കറിന്‍റെയും ഉമറിന്‍റെയും മനസ്സിന് അല്ലാഹു വിശാലപ്പെടുത്തിയ ആ കാര്യത്തിന് എന്‍റെ മനസ്സിനെയും വിശാലപ്പെടുത്തി. അങ്ങിനെ ഞാൻ ആ കാര്യം നിർവഹിച്ചു. ആ സമയത്ത് സൂറഃ തൗബയിലെ അവസാനത്തിലെ

لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ (١٢٨)

എന്നതു മുതൽ ആ സൂറത്ത് (സൂറഃ തൗബ) അവസാനിക്കുന്നതു വരെയുള്ള വചനങ്ങൾ അബൂ ഖുസൈമത്തിൽ അൻസാരി رضي الله عنه വിന്‍റെ പക്കൽ നിന്നു മാത്രമാണ് എനിക്ക് കണ്ടെത്താൻ കഴിഞ്ഞത്. എഴുതിത്തീർത്ത ക്വുർആൻ പ്രതി അബൂബക്കർ رضي الله عنه മരണപ്പെടുന്നതുവരെ അദ്ദേഹത്തിൻറെ കൈവശമായിരുന്നു. പിന്നീട് ഉമർ رضي الله عنه വിന്‍റെ പക്കലും ശേഷം ഹഫ്സ رضي الله عنها യുടെ പക്കലും സൂക്ഷിച്ചു.

അബൂ ഖുസൈമത്ത് رضي الله عنه വിന്‍റെ അടുക്കല്‍ മാത്രം കണ്ടെത്തി എന്നു പറഞ്ഞതിന്‍റെ താല്പര്യം അത് മുതവാതിർ (പ്രചുരപ്രചാരത്തിലുള്ളത്) ആയിരുന്നില്ല എന്നല്ല, പ്രവാചകനിൽ നിന്ന് നേരിട്ട് കേട്ടത് അദ്ദേഹം മാത്രമായിരുന്നുവെന്ന് മാത്രമാണ്. കാരണം പലപ്പോഴും സ്വഹാബിമാർ യുദ്ധത്തിനും കച്ചവടത്തിനുമായി നബിയിൽനിന്ന് വിട്ടു താമസിക്കേണ്ടിവന്നിട്ടുണ്ടെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. സ്വഹാബികളിൽ ക്വുർആൻ പൂർണമായും മനഃപാഠമാക്കിയവർ എത്രയോ പേരുണ്ടായിരുന്നു! സൂറഃ തൗബയിലെ അവസാനവാക്യങ്ങളും അവർക്കറിയാമായിരുന്നു. പക്ഷേ പ്രവാചകനിൽ നിന്നല്ലാതെ അവർ പരസ്പരം കേട്ടു പഠിച്ചതായിരുന്നുവെന്ന് മാത്രം. സൈദു ബ്നു ഥാബിത് رضي الله عنه വും ക്വുർആൻ മുഴുവൻ ഹൃദിസ്ഥമാക്കിയവനായിരുന്നുവല്ലോ.

മറ്റൊരു വചനം സൈദു ബ്നു ഥാബിത് رضي الله عنه തനിക്കറിയാമെന്ന് വ്യക്തമാക്കിപ്പറഞ്ഞത് ബുഖാരി ഇബ്നു ശിഹാബിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിപ്രകാരമാണ്. ഇബ്നു ശിഹാബ് പറയുന്നു: സൈദു ബ്നു ഥാബിത് പറഞ്ഞു കേട്ടതായി ഖാരിജത്ത്ബ്നു സൈദ് എന്നോട് പറഞ്ഞു: ഞങ്ങൾ മുസ്ഹഫ് പകർത്തിയപ്പോൾ അഹ്സാബ് സൂറത്തിലെ ഒരു ആയത്ത് എനിക്ക് നഷ്ടപ്പെട്ടു. നബി صلى الله عليه وسلم അത് പാരായണം ചെയ്യുന്നത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങിനെ അതറിയിച്ചപ്പോൾ ഖുസൈമത്ത്ബ്നു ഥാബിതുൽ അൻസ്വാരിയുടെ പക്കൽ അത് കണ്ടെത്തി. ആ വചനം ഇപ്രകാരമാണ്.

مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ (سورة الأحزاب ٢٣)

സൂറഃ തൗബയിലെ വചനം അറിഞ്ഞ അബൂ ഖുസൈമത്തുൽ അൻസ്വാരിയും, അഹ്സാബ് സൂറത്തിലെ വചനം അറിഞ്ഞ ഖുസൈമത്ത് ബ്നു ഥാബിതുൽ അൻസ്വാരിയും രണ്ടു വ്യക്തികളാണ് (ഫത്ഹുൽ ബാരി 9/15)

മുസ്ഹഫിൽ സ്വഹാബത്തിന്‍റെ ഐക്യദാർഢ്യത

അബൂബക്കർ رضي الله عنه വിന്‍റെ കാലത്തെ ഈ ക്വുർആൻ ക്രോഡീകരണം മഹത്തായ ഒരു സംഭവമായിരുന്നു. അത് മുഖേന അല്ലാഹു അവന്‍റെ ഗ്രന്ഥം പാഴായി പോകാതെ കാത്തുരക്ഷിച്ചു. അതായത് ക്വുർആനിൽ ഈ സമുദായം ഭിന്നിക്കുന്നതിൽ നിന്ന്. പക്ഷേ ചെറുതല്ലാത്ത ഒരു അപകടം പിന്നെയും ബാക്കിയായി. അതെന്തന്നാൽ എഴുതപ്പെട്ട ക്വുർആൻ മദീനയിലെ ഒരു വീട്ടിലാണ് സൂക്ഷിച്ചിരുന്നത് എന്നതിനാൽ അന്നത്തെ മുസ്ലിം ലോകം ആശ്രയിച്ചിരുന്നതും ജന മനസ്സുകളിലെ ക്വുർആനിനെ തന്നെയായിരുന്നു.

ഖലീഫ ഉഥ്മാനുബ്നു അഫ്ഫാൻ رضي الله عنه വിന്‍റെ ഖിലാഫത്ത് കാലത്ത് ഈ അപകടം കൺമുമ്പിൽ പ്രതിബിംബിച്ചുകണ്ടു. ക്വുർആൻ പാരായണത്തിൽ ജനങ്ങൾ ഭിന്നിച്ചുതുടങ്ങി. ഈ സമയത്ത് ചില സ്വഹാബിമാർ ഭയചകിതരായി ഖലീഫയുടെ അടുത്ത് ചെന്ന് ജൂത ക്രൈസ്തവ സമൂഹത്തിനു ഭവിച്ച ആപത്ത് മുസ്ലിംകളെയും ബാധിക്കുമെന്ന് ഉത്കണ്ഠപ്പെട്ടു. ഈ സമയത്ത് അബൂബക്കർ رضي الله عنه വിന്‍റെ ഖിലാഫത്ത് കാലത്ത് ക്രോഡീകരിച്ച പ്രതിയിൽ നിന്ന് കോപ്പികൾ പകർത്തിയെടുക്കാൻ ഖലീഫ ഒരു സംഘം സ്വഹാബികളെ ചുമതലപ്പെടുത്തി. പകർത്തിയെഴുതപ്പെട്ട കോപ്പികൾ പ്രധാനപ്പെട്ട പട്ടണങ്ങളിലേക്ക് അയച്ചുകൊടുത്തു. ഈ പ്രതികളെല്ലാതെ താന്താങ്ങളുടെ കൈവശമുള്ള ലിഖിതങ്ങൾ കരിച്ചുകളയുവാനും ഖലീഫ ഉത്തരവിട്ടു. പിന്നീട് ഈ പ്രതികൾ അവലംബ ഗ്രന്ഥങ്ങളായിത്തീർന്നു. അങ്ങനെ തുടക്കത്തിൽ തന്നെ ഈ തർക്കം ഇല്ലാതാക്കി.

അബു ഖിലാബായുടെ സനദിലൂടെ അബുദാവൂദ് ഉദ്ധരിക്കുന്നു: ഉഥ്മാന്‍ رضي الله عنه വിന്‍റെ ഖിലാഫത്ത് കാലത്ത് ഒരു അധ്യാപകൻ ഒരു പാരായണ രീതി പഠിപ്പിക്കുമ്പോൾ മറ്റൊരാൾ വേറെ പാരായണം പഠിപ്പിച്ചിരുന്നു. ഈ അധ്യാപകർ പരസ്പരം ഭിന്നിച്ചിരുന്നു. ചിലർ പരസ്പരം ‘കാഫിറാക്കുക’ പോലും ചെയ്തു. ഈ വിവരം ഉഥ്മാന്‍ رضي الله عنه വിന്‍റെയടുക്കലെത്തി. അപ്പോൾ അദ്ദേഹം പ്രസംഗിച്ചുകൊണ്ട് പറഞ്ഞു: ‘നിങ്ങൾ എന്‍റെയടുക്കൽ ഭിന്നിച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ അകലങ്ങളിലെ ആളുകളാണ് കൂടുതൽ ഭിന്നിക്കുന്നത്.

ഖലീഫ പറഞ്ഞത് വാസ്തവമായിരുന്നു. മദീന മുനവ്വറയിൽ നിന്ന് കൂടുതൽ വിദൂരതയിലുള്ള പ്രദേശങ്ങളിലുള്ളവരാണ് ക്വുർആൻ പാരായണത്തിൽ ഭിന്നിച്ചുപോയത്. ഇമാം ബുഖാരി അനസ് ബ്നു മാലിക് رضي الله عنه വിൽ നിന്ന് നിവേദനം ചെയ്യുന്നു, ഇറാഖ് പ്രദേശക്കാരുടെ കൂടെ ആസർബൈജാൻ, അർമേനിയ തുടങ്ങിയ പ്രദേശങ്ങൾ ജയിച്ചടക്കുവാൻ ഹുദൈഫത്തുബ്നുൽ യമാനി رضي الله عنه സിറിയക്കാരോട് യുദ്ധം ചെയ്യുമ്പോൾ അവിടുത്തുകാര്‍ തെറ്റായി ക്വുർആൻ പാരായണം ചെയ്യുന്നത് ഉഥ്മാന്‍ رضي الله عنه വിന്‍റെ ശ്രദ്ധയിൽപ്പെടുത്തി പറഞ്ഞു: അമീറുൽ മുഅ്മിനീൻ, ജൂത ക്രൈസ്തവര്‍ അവരുടെ ഗ്രന്ഥത്തിൽ പിഴച്ചതുപോലെ ഈ സമുദായത്തിനും പിഴവ് വരുന്നതിനു മുമ്പെ അവരെ രക്ഷിക്കണം. ആ സമയത്ത് ഉഥ്മാന്‍ رضي الله عنه ഹഫ്സ رضي الله عنها യുടെ അടുത്തേക്ക് കൈവശമുള്ള ക്വുർആൻപ്രതി കൊടുത്തയക്കാൻ പറഞ്ഞ് ഒരാളെ അയച്ചു. അങ്ങനെ സൈദുബ്നു ഥാബിത്, അബ്ദുല്ലാഹിബ്നു സുബൈർ, സഈദുബ്നുല്‍ ആസ്വ്, അബ്‌ദുറഹ്‌മാനുബ്നുൽ ഹാരിഥ് رضي الله عنهم എന്നിവരോട് അതിൽനിന്ന് പകർത്തിയെഴുതുവാൻ ആവശ്യപ്പെട്ടു . ക്വുറൈശികളായ മൂന്നുപേരോട് ഉഥ്മാൻ رضي الله عنه പറഞ്ഞു: നിങ്ങൾ ക്വുർആനിന്‍റെ ഏതെങ്കിലും പ്രശ്നത്തിൽ ഭിന്നിച്ചാൽ ക്വുറൈശികളുടെ ഭാഷാരീതിയിൽ എഴുതിക്കൊള്ളുക. കാരണം ക്വുർആൻ ഇറങ്ങിയത് അവരുടെ ഭാഷയിലാണ്. അങ്ങിനെ അവർ ആ കര്‍ത്തവ്യം നിറവേറ്റി. പകർപ്പുകൾ ഓരോ പ്രദേശങ്ങളിലേക്ക് അയച്ചുകൊടുത്തു. മൂലകൃതി ഹഫ്സ رضي الله عنها ക്ക് തിരിച്ചുകൊടുത്തു. ഇവയല്ലാതെയുള്ള ലിഖിതങ്ങളെല്ലാം കരിച്ചു കളയാൻ കൽപ്പിക്കുകയും ചെയ്തു.

ഇപ്രകാരം ക്വുർആൻ നഷ്ടപ്പെട്ടുപോകാതെ സ്വഹാബത്ത് അതിനെ സംരക്ഷിച്ചു അതിലൊന്നും വർദ്ധിപ്പിക്കാതെ, അതിൽനിന്ന് ഒന്നും കുറക്കാതെ അതിന്‍റെ പാരായണമുറ തെറ്റിക്കാതെ അവരതിനെ സംരക്ഷിച്ചു. അത് ഈ സമുദായത്തിനുള്ള അല്ലാഹുവിന്‍റെ അനുഗ്രഹമായിരുന്നു. അതാണ് അവൻ ഏറ്റെടുത്ത സംരക്ഷണം.

إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ (سورة الحجر ٩)

‘നമ്മളാണ് ക്വുർആൻ അവതരിപ്പിച്ചത്. നാം തന്നെ അതിനെ കാത്തു സംരക്ഷിക്കുകയും ചെയ്യും.’


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ