മുഖ്യ ഹദീസ് ഗ്രന്ഥങ്ങൾ

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2023 June 17, 28 Dhuʻl-Qiʻdah, 1444 AH

1. മുവത്വഅ്

ഹദീസ് ഗ്രന്ഥങ്ങളിൽ ഏറ്റവും പഴയത്. ഇമാം മാലിക് رحمه الله രചിച്ചത്. ഇമാം മാലിക് തന്‍റെയടുക്കൽ സ്വഹീഹായി ലഭിച്ച ഹദീഥ്, തഫ്സീർ, ഫിഖ്ഹ്, താരീഖ്, സ്വഹാബികളുടെയും താബിഉകളുടെയും വാക്കുകൾ എല്ലാം മുവത്വഇൽ ചേർത്തിട്ടുണ്ട്.

അബൂബക്കറുൽ അബ്ഹുരി പറയുന്നു: മുവത്വഇലെ ഹദീഥുകളും സ്വഹാബികളുടെയും താബിഉകളുടെയും വാക്കുകളും ഒട്ടാകെ 1720 റിപ്പോർട്ടുകളുണ്ട്. അതിൽ മുസ്നദ് 600, മുർസൽ 222, മൗഖൂഫ് 613. താബിഉകളുടെ വാക്കുകൾ 285. എന്നാൽ ചില പണ്ഡിതന്മാർ ഇതിൽ കൂടുതലുണ്ടെന്നും ചിലർ കുറവാണെന്നും പറയുന്നു. ഈ വ്യത്യാസത്തിന് കാരണം മുവത്വയുടെ റിപ്പോർട്ടർമാർ വളരെ കൂടുതലുണ്ടെന്നതാണ്. ചിലരുടെ അടുക്കലുള്ളത് മറ്റു ചിലരുടെ അടുക്കൽ ഇല്ല എന്നാൽ ഈ കാലഘട്ടത്തിൽ അവ സൂക്ഷ്മമായി പരിശോധിക്കാൻ എളുപ്പമാണ്. വിവിധ പ്രതികൾ പരിശോധിച്ച് ഫുആദ് അബ്ദുൽ ബാഖി പറയുന്നത് മുവത്വഇൽ 1852 ഹദീസുകൾ ഉണ്ടെന്നാണ്.

മുവത്വഇൽ ഇമാം മാലിക് ധാരാളം ഹദീഥുകൾ ശേഖരിച്ചു. പിന്നീട് അത് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കി ശുദ്ധീകരിച്ചെടുത്തു. സ്വഹീഹ് അല്ലാത്തവ ഒഴിവാക്കി. അദ്ദേഹം തന്‍റെ അവസാനപ്രതി തയ്യാറാക്കിയപ്പോൾ താഴെ പറയുന്ന അടിസ്ഥാനങ്ങൾ പരിഗണിച്ചു.

i. നബിയുടെ ഹദീഥുകളായി തനിക്ക് സ്വഹീഹായി ലഭിച്ചത് മാത്രം ഉൾപ്പെടുത്തുക. അതിനാൽ മുവത്വഇന്‍റെ അടിസ്ഥാനം സ്വഹീഹായ ഹദീഥുകളാണെന്ന് നമുക്ക് പറയാം.

ii. ഉമര്‍ رضي الله عنهവിന്‍റെ വിധികളെ ആശ്രയിക്കുക. ഉമര്‍ رضي الله عنه 10 വർഷം ഖിലാഫത്ത് നിർവഹിച്ചു. നിരവധി തീർപ്പുകളും വിധികളും അദ്ദേഹം പുറപ്പെടുവിച്ചു. സ്വഹാബികൾ അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്തു. ആ വിധികളിൽ സ്വഹാബത്ത് യോജിപ്പ് പ്രകടിപ്പിച്ചു. ഉമര്‍ رضي الله عنهവിന്‍റെ വിധികളിൽ സ്വഹാബത്ത് യോജിച്ചത് അദ്ദേഹത്തിന്‍റെ ശരിയായ കാഴ്ചപ്പാട് കൊണ്ടും ഇസ്ലാമിൽ ആഴത്തിലുള്ള അറിവുകൊണ്ടുമാണെന്നുള്ള അവരുടെ ഉറപ്പുകൊണ്ടുമായിരുന്നു അത്.

iii. ഇബ്നു ഉമറിന്‍റെ (رضي الله عنهما) രിവായത്തുകളിൽ കേന്ദ്രീകരിക്കുക. നബി صلى الله عليه وسلم യിൽ നിന്നുള്ളതാണെന്ന് വ്യക്തമായ കാര്യങ്ങളെ പ്രവർത്തിക്കുന്നതിൽ ഇബ്നു ഉമർ رضي الله عنهما ബദ്ധശ്രദ്ധനായിരുന്നു. പ്രവാചകചര്യയെക്കുറിച്ച് സൂക്ഷ്മ ജ്ഞാനം ഉള്ളവൻ ആയിരുന്നു ഇബ്നു ഉമർ رضي الله عنهما. ഈ വസ്തുത മുവത്വഇൽ വളരെ പ്രകടമായി കാണാൻ കഴിയും. ഇബ്നു ശിഹാബിൽ നിന്ന് ഇമാം മാലിക് ഉദ്ധരിക്കുന്നു: " ഇബ്നു ഉമറിന്‍റെ അഭിപ്രായത്തിൽ നിന്ന് നീ മാറരുത് നബി صلى الله عليه وسلم യുടെ മരണാനന്തരം 60 വർഷം അദ്ദേഹം ജീവിച്ചു. നബിയുടെയും സ്വഹാബത്തിന്‍റെയും കാര്യങ്ങളിൽ നിന്ന് അദ്ദേഹത്തിന് അറിയാത്തതായി ഒന്നുമില്ല" അപ്പോൾ ഇബ്നു ഉമര്‍ رضي الله عنهما യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതിനെ അവലംബിക്കുക എന്നു പറഞ്ഞാൽ നബിചര്യയെ അവലംബിക്കുകയെന്നാണർത്ഥം. ഇത് മുജ്തഹിദുകൾക്ക് മുവത്വഅ് ഒരു താക്കോൽ കൊടുത്തതാണെന്ന് വേണം കരുതാൻ. അതായത് ഇബ്നു ഉമർرضي الله عنهما ഉദ്ധരിച്ചുതരുന്നത് സ്വീകരിക്കൽ സൂക്ഷ്മ വിശകലനത്തില്‍ നബി صلى الله عليه وسلم യുടെ ചര്യയെ സ്വീകരിക്കല്‍ തന്നെയാണ്.

iv. ഇസ്ലാമിക സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായ മദീനയിലെ താബിഉകളെ അവലംബിക്കുക. കാരണം അവിടെയാണ് പ്രവാചകന്‍റെ ആഥാറുകൾ പ്രചാരത്തിലുള്ളത്, ഇസ്ലാമിക വിജ്ഞാനം കേന്ദ്രീകരിച്ചതും അവിടെത്തന്നെ. സ്വഹാബാക്കളിൽ നിന്ന് താബിഉകൾ കൂടുതൽ ഹദീഥ് സ്വീകരിച്ചത് അവിടെ വെച്ചാണ്.

2. ഇമാം അഹ്‍മദിന്‍റെ മുസ്നദ്

ഇമാം അഹ്‍മദ് സിറിയ, ഹിജാസ്, യമൻ, തുടങ്ങിയ പ്രദേശങ്ങളിൽ സഞ്ചരിച്ച് അവിടങ്ങളിലെ പണ്ഡിതന്മാരിൽ നിന്ന് പഠിച്ചു. ധാരാളം ഹദീഥുകൾ ഹൃദിസ്ഥമാക്കി. വളരെ സൂക്ഷമഞ്ജൻ. പത്തുലക്ഷം ഹദീഥുകൾ മനഃപാഠമാക്കി. ഈ നിക്ഷേപത്തിൽ നിന്നാണ് മുസ്നദ് കടഞ്ഞെടുത്തത്. തെളിവുദ്ധരിക്കാൻ കൊള്ളാവുന്നവ മാത്രം അതിൽ ഉൾപ്പെടുത്തി. അതിൽ സ്വഹീഹു മാത്രമേയുള്ളൂവെന്ന് ചിലർ അതിശയോക്തിയോടെ പറഞ്ഞിട്ടുണ്ട്. അതിൽ നിർമ്മിതം കടന്നു കൂടിയിട്ടുണ്ടെന്നും ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അത് ഒമ്പതാണെന്നാണ് ചിലർ പറഞ്ഞിട്ടുള്ളത്. 15 ആണെന്നും പറഞ്ഞവരുണ്ട്. تعجيل المنفعة എന്ന ഗ്രന്ഥത്തിൽ ഇബ്നു ഹജർ പറയുന്നത് മുസ്നദ് അഹ്‍മദിൽ അസ്‍ലില്ലാത്ത ഹദീഥ് മൂന്നോ നാലോ ഉള്ളൂ എന്നതാണ്. ഇബ്നു ഹജറുൽ ഹൈത്മി പറയുന്നു: മുസ്നദ് അഹ്‍മദ് ഇതര ഗ്രന്ഥങ്ങളേക്കാൾ സ്വഹീഹായതാണ്. മുസ്നദ് അഹ്‍മദിനോട് ഹദീസുകളുടെ ആധിക്യത്തിലും നല്ല അവതരണത്തിലും കിടപിടിക്കുന്ന ഒന്നില്ല. ഇമാം സുയൂത്വി പറയുന്നു: "മുസ്നദ് അഹ്‍മദിലുള്ളതെല്ലാം മഖ്ബൂലാണ്. അതിലെ ദഈഫ് ഹസനിനോട് അടുത്ത നിലവാരത്തിലുള്ളതാണ്. (نيل الاوطار 1/19-20)

ഓരോ സ്വഹാബിയിൽ നിന്ന് നിവേദനം ചെയ്യുന്നവ ഒരിടത്ത് പറയുന്ന രീതിയാണിതിലുള്ളത്. 904 സ്വഹാബിമാരിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇതിലുണ്ട്.

3. സ്വഹീഹുൽ ബുഖാരി

അബൂ അബ്ദില്ല മുഹമ്മദ് ബ്നു ഇസ്മാഈലു ബ്നുൽ മുഗീറത്ത് ബ്നു ബർദസബ: അൽ ബുഖാരി (194-256) ഹാഫിളുൽ ഇസ്‍ലാം ഇമാമു അഇമ്മത്തിൽ അഅ്‍ലാം എന്നീ പേരുകളിൽ ഖ്യാതി നേടിയ മഹാപണ്ഡിതൻ. കുട്ടി പ്രായത്തിൽ തന്നെ വിജ്ഞാന മേഖലയിലേക്ക് തിരിഞ്ഞു. വിജ്ഞാന ദാഹം തീർക്കാൻ നാടുനീളെ സഞ്ചരിച്ച് എല്ലാ മുഹദ്ദിസുകളുമായി സന്ധിച്ചു. ഖുറാസാൻ, ഇറാഖ്, ഹിജാസ്, സിറിയ, ഈജിപ്ത് എന്നിവിടങ്ങളിലുള്ളവരുമായി കത്തു മുഖേന ബന്ധം പുലർത്തി.

അദ്ദേഹം തന്നെ പറയുന്നത് പ്രകാരം 6 ലക്ഷം ഹദീഥുകൾ സൂക്ഷ്മപരിശോധന നടത്തിയ ശേഷമാണ് തന്‍റെ സ്വഹീഹ് ക്രോഡീകരിച്ചത്. സ്വഹീഹിൽ ഒരു ഹദീഥ് രേഖപ്പെടുത്തുന്നതിന് മുമ്പ് അദ്ദേഹം രണ്ട് റക്അത്ത് നമസ്കരിച്ച് ഇസ്തിഖാറത്ത് നടത്തിയിരുന്നു. (نيل الأوطار19/1) ദഈഫുകള്‍ ഒഴിവാക്കി പ്രചുരപ്രചാരം നേടിയ (المستفيضة المتصلة) നേടിയ ഹദീസുകൾ മാത്രമേ തന്‍റെ സ്വഹീഹിൽ ചേർക്കുകയുള്ളുവെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. എല്ലാ അധ്യായങ്ങളിലും അദ്ദേഹം ഹദീഥുകൾ ചേർത്തി. അതിൽ നിന്ന് ഫിഖ്ഹും ചര്യയും ആവിഷ്കരിച്ചു. ഈ ഗ്രന്ഥം മുസ്‍ലിം ലോകത്ത് പ്രസിദ്ധിയിലും സ്വീകാര്യതയിലും നിസ്തുല്യമായി.

ബുഖാരി ഒരു ഹദീഥു തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്. എല്ലാ ഹദീഥുകളും ഒരിടത്ത് തന്നെ ചേർക്കാൻ അദ്ദേഹം ഉദ്ദേശിച്ചില്ല. അതിനു കാരണം ഒരു ഹദീഥിൽ നിന്നു തന്നെ പല അധ്യായത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഫിഖ്ഹും അറിവും ലഭിക്കുന്നുവെന്നാണ്. പക്ഷേ ഒരിടത്തു പറഞ്ഞ ഹദീഥിന്‍റെ സനദല്ലാത്ത മറ്റൊരു സനദിലൂടെ ആ ഹദീസ് കൊണ്ടുവരാൻ പരമാവധി അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ചിലപ്പോൾ മറ്റു റിപ്പോർട്ടുകളുടെ സന്ദർഭം വ്യത്യാസപ്പെടാറുമുണ്ട്.

സ്വഹീഹുൽ ബുഖാരിയിൽ മുഅല്ലഖാത്തും മുതാബആത്തും കൂടാതെ ആവർത്തനമടക്കം 7566 ഹദീഥുകളുണ്ട്. മുഹമ്മദ് ഫുആദ് അബ്ദുൽബാഖി നമ്പറിട്ടത് പ്രകാരമാണിത്. ഇബ്നു ഹജർ അസ്ഖലാനി അഭിപ്രായപ്പെടുന്നത് 7397 ഹദീസ് ആണെന്നും ഇബ്നു സ്സ്വലാഹ് പറയുന്നത് 7275 ഹദീഥാണെന്നുമാണ്. ബുഖാരിയിൽ മുഅല്ലഖായിട്ടുള്ള ഹദീഥുകൾ 1341 എണ്ണമുണ്ട്. അധികവും ആവർത്തനമാണ്. മുതാബആത്തും തൻബീഹുമായി വ്യത്യസ്ത റിപ്പോർട്ടുകളിലായി 341 ഹദീഥുകളുണ്ട്. ഇവ മൗഖൂഫായ (സ്വഹാബികളിൽ വന്നുനിൽക്കുന്ന) റിപ്പോർട്ട് ഒഴിച്ചുള്ളതാണ്. ആവർത്തനം ഒഴിവാക്കിയാൽ നാലായിരത്തോളം ഹദീഥുകളാണ് സ്വഹീഹുൽ ബുഖാരിയിലുള്ളത്.

4. സ്വഹീഹു മുസ്‌ലിം

മുസ്‌ലിമു ബ്നുൽ ഹജ്ജാജിബ്നു മുസ്‌ലിമുൽ ഖുശൈരി അന്നൈസാബൂരിയാണ് സ്വഹീഹു മുസ്‌ലിം ക്രോഡീകരിച്ചത്. ഹി: 204 - ൽ ജനിച്ച അദ്ദേഹം 261- ൽ അന്തരിച്ചു. ഹദീഥ് വിഷയത്തിൽ ഏറ്റവും സൂക്ഷ്മതയും പാണ്ഡിത്യവും ഹിഫ്ളും ഉള്ളവനെന്ന് സർവ്വരാലും അംഗീകരിക്കപ്പെട്ട മഹാൻ. ഇസഹാഖ് ബ്നു റാഹവൈഹി, അഹ്‍മദുബ്നു ഹമ്പൽ, സഈദുബ്നു മൻസൂർ തുടങ്ങിയവർ അദ്ദേഹത്തിന്‍റെ പ്രധാന ഗുരുനാഥന്മാരാണ്. തിർമുദി, അബൂ ഹാതിം റാസി, ഇബ്നു ഖുസൈമ എന്നിവർ അദ്ദേഹത്തിന്‍റെ ശിഷ്യരും.

മുസ്‌ലിമിന് ഒട്ടേറെ ഗ്രന്ഥങ്ങളുണ്ട്. ഏറ്റവും പ്രസിദ്ധമായതാണ് സ്വഹീഹു മുസ്‌ലിം. സ്വഹീഹുല്‍ ബുഖാരിയെ അനുഗമിച്ചുകൊണ്ടാണ് തന്‍റെ സ്വഹീഹ് അദ്ദേഹം ക്രോഡീകരിച്ചത്. തന്‍റെ പക്കൽ സ്വഹീഹായിട്ടുള്ളത് മാത്രമേ അദ്ദേഹം അതിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഒരു ഹദീസിന്‍റെ രിവായത്തുകൾ മുഴുവൻ ഒരിടത്ത് സമാഹരിക്കുക എന്ന രീതിയാണദ്ദേഹം സ്വീകരിച്ചത്. ബുഖാരി വിവിധ സ്ഥലത്ത് ഒരു ഹദീസ് രേഖപ്പെടുത്തിയെന്ന് നാം മുമ്പ് പറഞ്ഞുവല്ലോ. അതിനാൽ സ്വഹീഹു മുസ്‌ലിം ആണ് പ്രയോഗത്തിൽ ഏറ്റവും എളുപ്പം. കാരണം ഒരു വിഷയത്തിലെ വിവിധ മാർഗത്തിലൂടെയുള്ള ഹദീസുകൾ മുഴുവൻ അവിടെ കാണും. അതേ അവസരത്തിൽ ബുഖാരിയുടെ നിർമ്മിതിയിലാണ് കൂടുതൽ ഫിഖ്ഹുള്ളത്. കാരണം ഹുകുമുകളെ വിവരിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. അവയിൽ നിന്നുള്ള ഉപദേശങ്ങളും വിധികളും കണ്ടെത്തുവാനും ഓരോ സന്ദർഭങ്ങൾക്ക് അനുസൃതമായ തലക്കെട്ടുകൾ അദ്ദേഹം നൽകുന്നു. അങ്ങനെ രിവായത്തുകൾ പലയിടങ്ങളിലായി ബുഖാരിയിൽ.

സ്വഹീഹു മുസ്‌ലിം വിവിധ ‘കുതുബുക’ളാക്കി (കിതാബുകൾ) (ബാബുകളാക്കി ശീർഷകം നൽകിയത് ഇമാം നവവിയെ പോലെയുള്ള മറ്റു പണ്ഡിതന്മാരാണ് വിവ:) ഓരോ കിതാബിനെയും ബാബുക (അധ്യായങ്ങൾ) ളാക്കി. ഇങ്ങനെ 54 കിതാബുകളുണ്ട്. ആദ്യത്തേത് കിതാബുൽ ഈമാൻ. അവസാനത്തേത് കിതാബുത്തഫ്സീർ.

നാലു വാള്യത്തിലായി 2324 പേജുകളിൽ അച്ചടിക്കപ്പെട്ട സ്വഹീഹു മുസ്‌ലിമിൽ 3033 ഏകത്വത്തിൽ (ഉസൂൽ) 12000 ഹദീഥുകളുണ്ട്.

5. സുനനു അബീ ദാവൂദ്

സുലൈമാനുബ്നുൽ അശ്അഥ് അസ്സജിസ്ഥാനി (202-275) മഹാനായ റസൂൽ صلى الله عليه وسلم യുടെ ഹദീഥുകൾ മനഃപ്പാഠമാക്കിയ മഹാപണ്ഡിതൻ. 5274 ഹദീഥുകളുണ്ട് അദ്ദേഹത്തിന്‍റെ സുനനിൽ. അദ്ദേഹം പറയുന്നു: അഞ്ചുലക്ഷം മനഃപ്പാഠമാക്കിയ ഹദീഥുകളിൽ നിന്നാണ് ഇത് പരിശോധിച്ചെടുത്തത്. ഇതിലുള്ള ഹദീഥുകളുടെ സ്വിഹ്ഹത്തിനെ(സ്വീകാര്യത)ക്കുറിച്ച് അദ്ദേഹം പറയുന്നു: “സ്വഹീഹും അതിനോട് സാമ്യതയും അടുപ്പവുമുള്ളതും ഞാനതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലിയ ദുര്‍ബ്ബലതയുള്ളതാണെങ്കില്‍ അതു ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലെങ്കില്‍ അത് സ്വാലിഹാണ്(കൊള്ളാവുന്നതാണ്). അത്തരത്തിലുള്ള ചിലത് മറ്റൊന്നിനേക്കാള്‍ അസ്വഹ്ഹാണ്. (സുനനു അബീദാവൂദ്1/12)

സുനനു അബീദാവൂദ് പരിശോധിച്ചാല്‍ ചില ഹദീഥ് പറഞ്ഞശേഷം അതിന്‍റെ അവസ്ഥ പറയുന്നതു കാണാം. അദ്ദേഹത്തിന്‍റെ ആ പ്രസ്താവനയിൽ നിന്ന് റാവിമാരുടെ സ്ഥിതി എന്തെന്ന് മനസ്സിലാക്കാൻ സഹായകമാകുന്നു. തദടിസ്ഥാനത്തിലാണ് പിൽക്കാലത്ത് ജർഹ് തഅ്ദീല്‍ എന്ന ശാസ്ത്രം ഉരുത്തിരിഞ്ഞുവന്നത്. ഇന്ന് മുസ്ത്വലഹുൽ ഹദീഥിൽ വിശാലമായ ഒരു അധ്യായമാണിത്.

ഫുഖഹാക്കൾ തെളിവായി ഉദ്ധരിക്കുന്ന എല്ലാ ഹദീഥുകളും തന്‍റെ സുനനില്‍ ഉൾപ്പെടുത്താൻ അബൂ ദാവൂദ് ശ്രമിച്ചു. തദടിസ്ഥാനത്തിലാണ് നാടുകളിലെ പണ്ഡിതന്മാർ ഹുകുമുകൾ പടുത്തുയർത്തിയിട്ടുള്ളത്. അദ്ദേഹം മക്കക്കാർക്കെഴുതിയ കത്തിൽ ഇങ്ങനെ എഴുതി.

“ഈ സുനനിലെ ഹദീഥുകൾ എല്ലാം ഹുകുമുകളിൽ ഉള്ളവയാണ്. എന്നാൽ സുഹ്ദ്, ഫളാഇലുകൾ തുടങ്ങിയ വിഷയങ്ങളിലുള്ളതൊന്നും ഞാനതിൽ ഉൾപ്പെടുത്തിയിട്ടില്ല’’. വിവിധ കിതാബുകളായിട്ടാണ് അദ്ദേഹം ഈ ഗ്രന്ഥത്തെ ക്രമീകരിച്ചത്. ഓരോ കിതാബിനെയും വിവിധ അധ്യായങ്ങളാക്കി. ഓരോ ഹദീഥിൽ നിന്നും പണ്ഡിതന്മാർ ഇസ്തിന്‍ബാത്വ് (വിധി ആവിഷ്കരിച്ചത്) ചെയ്തത് വിവരിച്ചിട്ടുണ്ട്. 35 കിത്താബുകളിലായി 1871 അധ്യായങ്ങളുണ്ട്. റസൂലിലേക്ക് ചേർക്കപ്പെട്ടവയും (المرفوعة) സ്വഹാബികളില്‍ എത്തിനിൽക്കുന്നവയും (الموقوفة) താബിഉകളിലെ പണ്ഡിതന്മാരിലേക്ക് ചേർക്കപ്പെട്ടവയുമായ ഹദീഥുകൾ ഈ ഗ്രന്ഥത്തിലുണ്ട്.

6. ജാമിഉ ത്തിർമുദി

അബു ഈസ മുഹമ്മദ് ബ്നു ഈസ ബ്നു സൂറത്തു ത്തിർമിദിയുടെ (209- 279) സുനൻ എന്ന പേരിലറിയപ്പെടുന്ന ഗ്രന്ഥമാണിത്. അബൂ ദാവൂദ് ചെയ്തതുപോലെ അഹ്കാമിലെ ഹദീഥുകൾ ശേഖരിക്കാനാണദ്ദേഹം ശ്രമിച്ചത്. പക്ഷേ ഈ ക്രോഡീകരണത്തിൽ സ്വഹീഹും ദഈഫുമുണ്ട്. സ്വഹാബികളുടെയും താബിഉകളുടെയും നാടുകളിലെ ഫുഖഹാക്കളുടെയും വീക്ഷണങ്ങളും ഓരോ ഹദീഥുകൾക്ക് ശേഷവും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.

സുനനുത്തിർമുദി സൂക്ഷ്മപരിശോധന നടത്തിയ ശേഷം അഹ്‍മദ് മുഹമ്മദ് തന്‍റെ തഹ്ഖീഖിന്‍റെ മുഖവുരയിൽ പറയുന്നു: ആറു ഹദീഥ് ഗ്രന്ഥങ്ങളില്‍ മൂന്ന് സവിശേഷതകൾ തിര്‍മുദിക്കുണ്ട്. (مقدمة السنن 1/15)

i. അദ്ദേഹം ഹദീഥുകളുടെ പരമ്പര പരമാവധി കുറച്ചിരിക്കുന്നു. അദ്ദേഹം ഒരു സനദ് പറയും. പിന്നെയുള്ളത് സൂചിപ്പിക്കും. അഹ്‍മദ് ശാകിര്‍ പറയുന്നു: “തിർമുദി ഒരു അധ്യായത്തിലെ ഹദീഥ് റിപ്പോർട്ട് ചെയ്ത ശേഷം ആ അധ്യായത്തിൽ ഹദീഥ് റിപ്പോർട്ട് ചെയ്ത സ്വഹാബിമാരുടെ പേരുകൾ പറയും. ആ ഹദീഥുകൾ ആദ്യം പറഞ്ഞ ഹദീസിന്‍റെ അർത്ഥത്തിലാവട്ടെ, അതിനെതിരാവട്ടെ” ഇത് അദ്ദേഹത്തിന്‍റെ വിശാലമായ അറിവിന്‍റെയും അപാരമായ കഴിവിന്‍റെയും ലക്ഷണമാണ്.

ii. അദ്ദേഹം അധിക ഹദീഥുകൾക്കുശേഷവും ഫുഖഹാക്കളുടെ അഭിപ്രായവും അവരുടെ വിയോജിപ്പുകളും രേഖപ്പെടുത്തുന്നു. അവരുടെ തെളിവുകളും പറയും. ആ മസ്അലയിലെ എതിരായ ഹദീഥുകളും തെളിവുകളും പറയും. അത് വളരെ ഉന്നതമായ ലക്ഷ്യബോധമാണെന്നതിൽ സംശയമില്ല . ഇൽമുൽ ഹദീഥിൽ ശരിയായ കാഴ്ചപ്പാട് ഉണ്ടെന്നതിന്‍റെയും.

iii ഹദീസിന്‍റെ (ന്യൂനത) പരിഗണിച്ചുകൊണ്ട് സ്വഹീഹാണെന്നോ ദഈഫാണെന്നോ പറയുന്നുണ്ട്. സനദുകളിലെ ആളുകളുടെ ന്യൂനത വളരെ കൃത്യമായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അതിനാൽ സുനനുത്തിര്‍മുദി ഉലൂമില്‍ ഹദീഥിന്‍റെ തത്വങ്ങളുടെ (قواعد) ക്രിയാത്മക പ്രയോഗവല്‍ക്കരണമാണ്. പ്രത്യേകിച്ചും ഇല്‍മുല്‍ ഇലലില്‍ (റിപ്പോർട്ടർമാരുടെ ന്യൂനത വിവരിക്കുന്ന ശാസ്ത്രം).

സുനനുത്തിർമുദിയെ പ്രശംസിച്ചുകൊണ്ട് ശൗകാനി പറയുന്നു: “തിര്‍മുദിയുടെ ഗ്രന്ഥം ഏറ്റവും നല്ല ഗ്രന്ഥമാണ്. ഏറ്റവും കൂടുതൽ ഫലപ്രദമാണ്. ഏറ്റവും സുദൃഢമായ ക്രമീകരണത്തിലാണ്. ആവർത്തനം വളരെ കുറവാണ്. ഇതര ഗ്രന്ഥങ്ങളില്‍ കാണപ്പെടാത്ത മദ്ഹബീ വീക്ഷണവും തെളിവിന്‍റെ രീതികളും പറയുന്നുണ്ട്. ഹദീഥിന്‍റെ ഇനങ്ങളായ സ്വഹീഹ് ഹസന്‍, ഗ്വരീബ്, ദഈഫ് എന്നിവ പറയുന്നുണ്ട്. ജർഹും തഅ്ദീലുമുണ്ട്.” (نيل الأوطار 20/1)

7 . സുനനുന്നസാഈ

അബൂ അബ്ദില്ല അഹ്‍മദ് ബ്നു ശുഐബ് ബ്നു ബഹ്റുബ്നു സ്വിനാനുന്നസാഈ (215-302). അദ്ദേഹംഖുറാസാനിലെ നസാഅ് എന്ന സ്ഥലത്ത് ജനിച്ചു.

അഹ്കാമുകളാണ് അദ്ദേഹം തന്‍റെ ഗ്രന്ഥത്തില്‍ ചേര്‍ത്തിയത്. 58 കിതാബുകളിലായി ഭാഗിച്ചു. ഓരോ കിതാബും വിവിധ അധ്യായങ്ങളായിതിരിച്ചു. നസാഇയുടെ വ്യഖ്യാനത്തിന്‍റെ മുഖവുരയില്‍ ഇമാം സുയൂത്വി പറയുന്നു: സ്വഹീഹൈനി (ബുഖാരി, മുസ്ലിം)ക്കു ശേഷം ദഈഫ് വളരെ കുറഞ്ഞ ഗ്രന്ഥമാണ് നസാഈ. കുറ്റമറ്റ ആളുകളുടെ ഗ്രന്ഥവും (السنن يشرح السيوطي 1/4)

അബൂദാവൂദും തിര്‍മുദിയും ചെയ്തതുപോലെ ചില ഹദീഥുകള്‍ ദഈഫാണെന്ന് അദ്ദേഹം പറഞ്ഞില്ല. അപ്രകാരം ഹദീഥ് നിവേദകരുടെ ജർഹും തഅ്ദീലും പറഞ്ഞില്ല. ഫുഖഹാക്കളുടെ അഭിപ്രായങ്ങളും ഹദീഥുകള്‍ക്ക് ശേഷം പറഞ്ഞില്ല.

8. സുനനു ഇബ്നുമാജ

അബൂ അബ്ദില്ല മുഹമ്മദ്ബ്നു യസീദ്ബ്നുമാജ അല്‍ഖസ് വീനി. (209 – 273). പ്രവാചകന്‍റെ ഹദീഥുകള്‍ ക്രോഡീകരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഈ ഗ്രന്ഥത്തെ തഹ്ഖീഖ് ചെയ്ത ഫുആദ് അബ്ദുല്‍ ബാഖി പറയുന്നു: ഇബ്നുമാജയില്‍ 4341 ഹദീഥുകളുണ്ട്. ഇവയില്‍ 3002 ഹദീഥുകള്‍ അഞ്ച് ഹദീഥുഗ്രന്ഥങ്ങളില്‍ എല്ലാറ്റിലുമായോ ഏതെങ്കിലും ചിലതിലോ ഉള്ളവയാണ്. ബാക്കിയുള്ള 1339 ഹദീഥുകള്‍ മറ്റ് ഗ്രന്ഥങ്ങളിലില്ലാത്തവയാണ്. അവ താഴെ പറയും വിധമാണ്. വിശ്വസ്തന്മാരില്‍ നിന്ന് സ്വഹീഹായ സനദിലൂടെയുള്ളവ 428 ഹദീഥുകള്‍. ഹസനായ സനദുള്ളവ 199. മുന്‍കറോ, കളവോ ആയിട്ടുള്ളവ 99.

ഇബ്നു മാജയെക്കുറിച്ച് സൻആനി പറയുന്നു: “മഹാരഥന്മാരിൽ ഒരാൾ സുനനുകള്‍ രചിച്ചു. അതിനുമുമ്പ് രചിക്കപ്പെട്ടവയുടെ പദവി അതിനില്ല. ദുർബലമായതോ മുൻകറായതോ ആയ ഹദീഥുകൾ അതിലുണ്ടെന്നാണതിന് കാരണം. ഹാഫിളുൽ മുസ്സി പറയുന്നു: ഇബ്നുമാജ തനിയെ റിപ്പോർട്ട് ചെയ്ത ഹദീഥുകളധികവും ദഈഫാണ് ” (സുബ്‍ലുസ്സലാം 1/12)


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ