തശ്‍രീഅ് പ്രവാചകന്‍റെ കാലത്ത്

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2023 February 22, 3 Shaʻ-ban, 1444 AH

ഈ ഘട്ടം ആരംഭിക്കുന്നത് ഹിജ്റയുടെ 13 വർഷം മുമ്പ് പ്രവാചക നിയോഗത്തോടെയാണ്. ഹിജ്റ പതിനൊന്നാം വർഷം റബീഉൽ അവ്വൽ മാസത്തിൽ പ്രവാചകന്‍റെ വിയോഗത്തോടെ അത് അവസാനിക്കുകയും ചെയ്യുന്നു.

ഈ കാലഘട്ടത്തിലാണ് അല്ലാഹു അവന്‍റെ തിരുദൂതരായ അന്ത്യപ്രവാചകൻ മുഹമ്മദ് ബ്നു അബ്ദില്ലക്ക് അവന്‍റെ മതം ഇറക്കിക്കൊടുത്തത്. മുസ്ലിം വ്യക്തിയും മുസ്ലിം കുടുംബവും സമൂഹവും വിശ്വസിക്കേണ്ടതും ആചരിക്കേണ്ടതും പ്രവർത്തിക്കേണ്ടതുമായ എല്ലാ കാര്യങ്ങളും ആ മതം ഉൾക്കൊള്ളുന്നു. സൂക്ഷ്മജ്ഞാനിയും സർവ്വജ്ഞാനിയുമായ അല്ലാഹുവിന്‍റെ പക്കൽ നിന്ന് അവതീർണമായതിനാൽ ഈ ശരീഅത്ത് പരിപൂർണ്ണമാണ്. സൃഷ്ടികളെ അവരുടെ സ്രഷ്ടാവിന് സമർപ്പിക്കുന്നതിനാണ് ഈ മതം വന്നിട്ടുള്ളത്. അതിനാൽ മാനവതക്ക് ഉദാത്തമായ മാതൃകാജീവിതം അത് കാഴ്ചവെക്കുന്നു. ഏതൊരു ലക്ഷ്യത്തിനായി അവൻ സൃഷ്ടിക്കപ്പെട്ടുവോ അതിലേക്കെത്തിക്കുന്ന സൂക്ഷ്മവും വ്യക്തവും സമ്പൂർണ്ണവുമായ മാർഗം ആ ജീവിതം അവർക്ക് നിശ്ചയിച്ചു കൊടുക്കുന്നു.

തശ് രീഅ് മക്കാ മദീനകാലത്ത്

(التشريع في العهد المكي والمدني)

(എ) മക്കാകാലഘട്ടത്തിലെ തശ് രീഇന്‍റെ സ്വഭാവം.

നബി സല്ലല്ലാഹു അലൈഹി വസല്ലമക്ക് ഏതാണ്ട് 23 വർഷം തുടർച്ചയായി വഹ്‍യ് ഇറക്കി. ഈ കാലയളവിൽ അല്ലാഹു അവന്‍റെ മതത്തെ പൂർത്തിയാക്കി. കർമ്മനുഷ്ഠാന വിധികൾ അതിൽ ഉൾപ്പെടുന്നു. മദീന ഹിജ്റക്കുമുമ്പുള്ള മക്കാ ജീവിതകാലത്ത് അവതരിപ്പിച്ചു നടപ്പിലാക്കിയ ശരീഅത്ത് നിയമങ്ങൾ വളരെ കുറച്ചു മാത്രമേയുള്ളൂ. മുസ്ലിംകൾ ഈ കാലയളവിൽ ദുർബലമായിരുന്നു. ശരീഅത്തിന്‍റെ വിശദമായ നിർദ്ദേശങ്ങളാൽ അവിശ്വാസികളുമായുള്ള ഏറ്റുമുട്ടൽ അന്ന് അനുവദിക്കപ്പെട്ടിരുന്നില്ല. മതത്തിന്‍റെ അടിസ്ഥാനങ്ങളുടെ വിവരണത്തിൽ കേന്ദ്രീകരിച്ചായിരുന്നു മക്കാ കാലഘട്ടത്തിൽ തശ്‍രീഅ് ഊന്നി നിന്നരുതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

അതായത് അല്ലാഹുവിലുള്ള വിശ്വാസം, അവന്‍റെ ദൂതനിലുള്ള വിശ്വാസം, അന്ത്യനാളിലെ വിശ്വാസം, നീതി, നന്മ, കരാർപാലനം, വിട്ടുവീഴ്ച ചെയ്യൽ തുടങ്ങിയ നല്ല കാര്യങ്ങൾ കൽപ്പിക്കൽ, അല്ലാഹുവിനെ മാത്രം ഭയപ്പെടാനും അവനു നന്ദി കാണിക്കാനും ഉപദേശിക്കൽ, വ്യഭിചാരം, കൊല, പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടൽ, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കൽ, തുടങ്ങിയ നീചകൃത്യങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെടൽ; എല്ലാം അതിൽപ്പെടുന്നു. അപ്രകാരം മക്കാ ജീവിത കാലത്താണ് ആരാധനാകർമങ്ങളായ നമസ്കാരവും സകാത്തും നിർബന്ധമാക്കപ്പെട്ടത്. എന്നാൽ അവയുടെ പൂർണ്ണരൂപവും വിശദവശങ്ങളും പഠിപ്പിക്കപ്പെട്ടത് മദീനയിൽ വച്ചാണ്. സ്വദഖ: എന്ന അർത്ഥത്തിലാണ് മക്കയിൽ സകാത്ത് നിശ്ചയിക്കപ്പെട്ടിരുന്നത്. പ്രത്യേകമായ വ്യവസ്ഥയോ, കൃത്യമായ അളവോ അന്നുണ്ടായിരുന്നില്ല.

മക്കാകാലഘട്ടത്തിൽ അവതരിപ്പിക്കപ്പെട്ട ശരീരത്ത് വിധികളുടെ വിശദാംശം പരിശോധിക്കുമ്പോൾ, അഖീദയുമായി (വിശ്വാസ കാര്യങ്ങൾ) ബന്ധപ്പെട്ട, അല്ലാഹു അല്ലാത്തവർക്ക് വേണ്ടി അറക്കൽ നിഷിദ്ധമാണ് അത് മനുഷ്യജീവിതത്തിൽ മോശപ്പെട്ട നീചത്വം ഉണ്ടാക്കും എന്നിങ്ങനെയുള്ള കാര്യങ്ങൾക്കാണ് പ്രാമുഖ്യം നൽകിയിരുന്നത് എന്ന് കാണാൻ കഴിയും.

സൂറ: അൻആം - ഇത് മക്കി അധ്യായമാണ്- നാം പരിശോധിച്ചാൽ മക്കാകാലഘട്ടത്തിൽ അവതരിപ്പിക്കപ്പെട്ട വിശദവിവരം ഏതുവിധമായിരുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കും. അല്ലാഹു അല്ലാത്തവരുടെ പേരിൽ അല്ലെങ്കിൽ അല്ലാഹുവിന്‍റെ പേര് ഉച്ചരിക്കപ്പെടാതെ അറുക്കപ്പെട്ട മാംസം നിഷിദ്ധമാണെന്നത് അതിൽ കാണാം. തിന്നാൻ അനുവദിക്കപ്പെടാത്ത മൃഗങ്ങളുടെ വിവരണം ഇങ്ങിനെയാണ്:

وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَى أَوْلِيَائِهِمْ لِيُجَادِلُوكُمْ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ (الأنعام ١٢١)

"അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതിൽ നിന്ന് നിങ്ങൾ തിന്നരുത്. തീർച്ചയായും അത് അധർമ്മമാണ്. നിങ്ങളോട് തര്‍ക്കിക്കുവാൻ വേണ്ടി പിശാചുക്കൾ അവരുടെ മിത്രങ്ങൾക്ക് തീർച്ചയായും ദുർബോധനം നൽകിക്കൊണ്ടിരിക്കും. നിങ്ങൾ അവരെ അനുസരിക്കുന്ന പക്ഷം തീർച്ചയായും നിങ്ങൾ (അല്ലാഹുവോട്) പങ്കു ചേർക്കുന്നവരായിപ്പോകും" (6/121)

فَكُلُوا مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ إِنْ كُنْتُمْ بِآيَاتِهِ مُؤْمِنِينَ وَمَا لَكُمْ أَلَّا تَأْكُلُوا مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُمْ مَا حَرَّمَ عَلَيْكُمْ إِلَّا مَا اضْطُرِرْتُمْ إِلَيْهِ (الأنعام ١١٩ -١١٨ )

"അതിനാൽ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ച്അറു)ക്കപ്പെട്ടതിൽ നിന്നും നിങ്ങൾ തിന്നു കൊള്ളുക. നിങ്ങൾ അവന്‍റെ വചനങ്ങളിൽ വിശ്വസിക്കുന്നവരാണെങ്കിൽ. അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ച്അറു)ക്കപ്പെട്ടതിൽ നിന്ന് നിങ്ങൾ എന്തിന് തിന്നാതിരിക്കണം? നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് അവൻ നിങ്ങൾക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ? നിങ്ങൾ (തിന്നുവാൻ) നിർബന്ധിതരായിത്തീരുന്നതൊഴികെ." (6/118,119)

قُلْ لَا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَى طَاعِمٍ يَطْعَمُهُ إِلَّا أَنْ يَكُونَ مَيْتَةً أَوْ دَمًا مَسْفُوحًا أَوْ لَحْمَ خِنْزِيرٍ فَإِنَّهُ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ اللَّهِ بِهِ (الأنعام ١٤٥)

"(നബിയേ) പറയുക എനിക്ക് ബോധനം നൽകപ്പെട്ടിട്ടുള്ളതിൽ ഒരു ഭക്ഷിക്കുന്നവന് ഭക്ഷിക്കുവാൻ പാടില്ലാത്തതായി യാതൊന്നും ഞാൻ കാണുന്നില്ല. അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അതു മ്ലേച്ഛമത്രെ. അല്ലെങ്കിൽ അല്ലാഹുവല്ലാത്തവരുടെ പേരിൽ (നേർച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിൽ അധർമ്മമായിത്തീർന്നിട്ടുള്ളതും ഒഴികെ" (6/145)

കർമ്മ വിഷയങ്ങളിലെ വിശദവിധികളായ ഇവകളെല്ലാം അഖീദയുമായി ബന്ധപ്പെട്ടവയാണ്. അല്ലാഹു സൃഷ്ടിച്ച ഈ മൃഗങ്ങളെ അവർ ബലി കഴിച്ചിരുന്നത് അവരുടെ വ്യാജ ദൈവങ്ങളുടെ തൃപ്തിക്ക് വേണ്ടിയായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അല്ലാഹു അനുവദിച്ചിട്ടില്ലാത്ത "തശ്‍രീഅ്" ആണിത്. അതായത് അവരുടെ ഇച്ഛകൾക്കനുസരിച്ച് അവർ ഹലാലും ഹറാമും നിശ്ചയിച്ചിരുന്നുവെന്നർത്ഥം. ഈ രംഗത്ത് വളരെ അരക്ഷിതാവസ്ഥയിലായിരുന്നു അവരുടെ ജീവിതം. ഇസ്ലാമിനു മുമ്പുള്ള അറബികളിൽ ഉണ്ടായിരുന്ന ഈ രംഗത്തെ ജീർണത സൂറ: അൻആം വ്യക്തമാക്കിത്തരുന്നുണ്ട്.

وَجَعَلُوا لِلَّهِ مِمَّا ذَرَأَ مِنَ الْحَرْثِ وَالْأَنْعَامِ نَصِيبًا فَقَالُوا هَذَا لِلَّهِ بِزَعْمِهِمْ وَهَذَا لِشُرَكَائِنَا فَمَا كَانَ لِشُرَكَائِهِمْ فَلَا يَصِلُ إِلَى اللَّهِ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَى شُرَكَائِهِمْ سَاءَ مَا يَحْكُمُونَ (الأنعام ١٣٦)

"അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയിൽ നിന്നും കന്നുകാലികളിൽ നിന്നും അവർക്ക് അവന് ഒരു ഓഹരി നിശ്ചയിച്ചു കൊടുത്തിരിക്കുകയാണ്. എന്നിട്ട് അവരുടെ ജല്പനമനുസരിച്ച് ഇതു അല്ലാഹുവിനുള്ളതും മറ്റേത് തങ്ങൾ പങ്കാളികളാക്കിയ ദൈവങ്ങൾക്കുള്ളതുമാണെന്ന് അവർ പറഞ്ഞു. എന്നാൽ അവരുടെ പങ്കാളികൾക്കുള്ളത് അല്ലാഹുവിനെത്തുകയില്ല. അല്ലാഹുവിനുള്ളതാകട്ടെ അവരുടെ പങ്കാളികൾക്കെത്തുകയും ചെയ്തു. അവർ തീർപ്പ് കൽപ്പിക്കുന്നത് എത്ര മോശം" (6/136)

وَقَالُوا هَذِهِ أَنْعَامٌ وَحَرْثٌ حِجْرٌ لَا يَطْعَمُهَا إِلَّا مَنْ نَشَاءُ بِزَعْمِهِمْ وَأَنْعَامٌ حُرِّمَتْ ظُهُورُهَا وَأَنْعَامٌ لَا يَذْكُرُونَ اسْمَ اللَّهِ عَلَيْهَا افْتِرَاءً عَلَيْهِ سَيَجْزِيهِمْ بِمَا كَانُوا يَفْتَرُونَ (١٣٨) وَقَالُوا مَا فِي بُطُونِ هَذِهِ الْأَنْعَامِ خَالِصَةٌ لِذُكُورِنَا وَمُحَرَّمٌ عَلَى أَزْوَاجِنَا وَإِنْ يَكُنْ مَيْتَةً فَهُمْ فِيهِ شُرَكَاءُ سَيَجْزِيهِمْ وَصْفَهُمْ إِنَّهُ حَكِيمٌ عَلِيمٌ (١٣٩)

“അവര്‍ പറഞ്ഞു: ഇവ വിലക്കപ്പെട്ട കാലികളും കൃഷിയുമാകുന്നു. ഞങ്ങള്‍ ഉദ്ദേശിക്കുന്ന ചിലരല്ലാതെ അവ ഭക്ഷിച്ചു കൂടാ. അതവരുടെ ജല്‍പനമത്രെ. പുറത്ത് സവാരിചെയ്യുന്നത് നിഷിദ്ധമാക്കപ്പെട്ട ചില കാലികളുമുണ്ട്‌. വേറെ ചില കാലികളുമുണ്ട്‌; അവയുടെ മേല്‍ അവര്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയില്ല. ഇതെല്ലാം അവന്‍റെ (അല്ലാഹുവിന്‍റെ) പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്‌. അവര്‍ കെട്ടിച്ചമച്ച് കൊണ്ടിരുന്നതിന് തക്ക ഫലം അവന്‍ അവര്‍ക്ക് നല്‍കിക്കൊള്ളും. അവര്‍ പറഞ്ഞു: ഈ കാലികളുടെ ഗര്‍ഭാശയങ്ങളിലുള്ളത് ഞങ്ങളിലെ ആണുങ്ങള്‍ക്ക് മാത്രമുള്ളതും, ഞങ്ങളുടെ ഭാര്യമാര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടതുമാണ്‌. അത് ചത്തതാണെങ്കിലോ അവരെല്ലാം അതില്‍ പങ്ക് പറ്റുന്നവരായിരിക്കും. അവരുടെ ഈ ജല്‍പനത്തിന് തക്ക പ്രതിഫലം അവന്‍ (അല്ലാഹു) വഴിയെ അവര്‍ക്ക് നല്‍കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.” (6/138, 139)

കർമ്മപരമായ ഈ വിഷയങ്ങൾ ഒരു വശത്ത് വിശ്വാസപരമായ കാര്യങ്ങളോട് ബന്ധപ്പെട്ടവയാണെങ്കിൽ, മറ്റൊരു വശത്ത് വളരെ ആഴത്തിൽ ചിന്തിച്ചാൽ അല്ലാഹുവിന്‍റെ വിധിയോട് എതിർപ്പ് പ്രകടിപ്പിക്കലുമാണ്. മക്കാജീവിതകാലത്തെ ഇത്തരത്തിലുള്ള തശ്‍രീഇന്‍റെ ആയത്തുകൾ വേറൊരു വശത്തുകൂടെ അവരുടെ നീചവും നികൃഷ്ടവുമായ ധർമച്ച്യുതിയും നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. അതായത് അവർ അവരുടെ കുട്ടികളെ കൊന്നുകളഞ്ഞതും, പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയതും.

وَكَذَلِكَ زَيَّنَ لِكَثِيرٍ مِنَ الْمُشْرِكِينَ قَتْلَ أَوْلَادِهِمْ شُرَكَاؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا عَلَيْهِمْ دِينَهُمْ وَلَوْ شَاءَ اللَّهُ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ (الأنعام ١٣٩)

“അതുപോലെ തന്നെ ബഹുദൈവവാദികളില്‍പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവര്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിപ്പിക്കുന്നു. അവരെ നാശത്തില്‍പ്പെടുത്തുകയും, അവര്‍ക്ക് അവരുടെ മതം തിരിച്ചറിയാന്‍ പറ്റാതാകുകയുമാണ് അതുകൊണ്ടുണ്ടായിത്തീരുന്നത്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അതിനാല്‍ അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതുമായി അവരെ വിട്ടേക്കുക.” (6/139)

قَدْ خَسِرَ الَّذِينَ قَتَلُوا أَوْلَادَهُمْ سَفَهًا بِغَيْرِ عِلْمٍ (الأنعام ١٤٠)

" ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുന്നവർ തീർച്ചയായും പിഴച്ചു പോയി" (6/140)

കർമ്മാനുഷ്ഠാനങ്ങളുടെ അടിസ്ഥാനങ്ങൾ മക്കാജീവിതത്തിൽ നാം കണ്ടേക്കാമെങ്കിലും അവയുടെ സൂക്ഷ്മവിശദാംശങ്ങളും വിധിരൂപങ്ങളും കൂടുതൽ വന്നിട്ടുള്ളത് ഹിജറാനന്തര മദീനാജീവിതകാലത്താണ്.

(ബി) മദീന ജീവിതകാലത്തെ തശ്‍രീഅ്

മക്കാജീവിതകാലത്ത് തശ്‍രീഅ് ദീനിന്‍റെ അടിസ്ഥാന കാര്യങ്ങൾ കുറച്ചായിരുന്നുവെന്ന് പറഞ്ഞുവല്ലോ. എന്നാൽ മദീന ജീവിതകാലത്ത് ഈ അടിസ്ഥാന കാര്യങ്ങൾ വീണ്ടും വിവരിക്കുന്നത് തുടരുകയും അതോടൊപ്പം കർമ്മാനുഷ്ഠാന വിഷയങ്ങൾ അവതരിക്കുകയും ചെയ്തു. ഒരു മനുഷ്യന്‍റെ പക്കൽ നിന്നുണ്ടാവേണ്ട നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധന കർമ്മങ്ങളും സിവിൽ കാര്യങ്ങളിൽപ്പെട്ട കച്ചവടം, വാടകയ്ക്ക് നൽകൽ, കൂലിക്ക് ജോലി ചെയ്യിപ്പിക്കൽ, പലിശ തുടങ്ങിയ കാര്യങ്ങളുമടങ്ങുന്ന കുറ്റകൃത്യങ്ങളായ കൊല, മോഷണം, വ്യഭിചാരം കൊള്ള തുടങ്ങിയവയും കുടുംബ വിഷയങ്ങളായ വിവാഹമോചനം, അനന്തരാവകാശം, എന്നിവയും രാഷ്ട്രസംബന്ധ കാര്യങ്ങളായ യുദ്ധം, യോദ്ധാക്കളുമായി മുസ്ലിംകൾ അനുവർത്തിക്കേണ്ട കാര്യങ്ങൾ, എന്നിവയും അവർ തമ്മിലുള്ള കരാറുകൾ, സമരാര്‍ജിത സമ്പത്ത് വിതരണ സംബന്ധമായ കാര്യങ്ങളുമൊക്കെയായിരുന്നു ഈ കാലത്ത് അവതരിപ്പിക്കപ്പെട്ട ആയത്തുകളിലെ ഉള്ളടക്കങ്ങൾ. ഈ നിയമങ്ങളും മുഴുവൻ വിശദാംശങ്ങളും ക്വുർആൻ വചനങ്ങളിലൂടെ വിവരിക്കുന്ന രീതിയിലല്ലാതെ പൊതുവായി വിഷയം പറയുകയും പിന്നീട് മൊത്തത്തിൽ പറഞ്ഞതിനെ നബി സല്ലല്ലാഹു അലൈഹി വസല്ലമ ആവശ്യമായ നിലയിൽ വിവരിച്ചു കൊടുക്കുകയുമായിരുന്നു ചെയ്തിരുന്നത്. ക്വുആൻ പറഞ്ഞിട്ടില്ലാത്ത ചില വിധികളും പ്രവാചകനിൽ നിന്ന് ഉണ്ടായിട്ടുണ്ട്.

മദീനാജീവിതകാലത്ത് പ്രവൃത്തി സംബന്ധമായ വിധിവിലക്കുകൾ അവതരിക്കാൻ കാരണം, ഈ കാലമെത്തിയപ്പോഴേക്കും മുസ്ലിംകളുടെ പൊതുസ്ഥിതിക്ക് മാറ്റം വന്നിരുന്നു. ഹിജ്റാനന്തരം മുസ്ലീംകൾ ഒരു സമൂഹമായി പരിണമിക്കുകയും അവർ ഒരു രാഷ്ട്രത്തിന് രൂപം നൽകുകയും ചെയ്തു കഴിഞ്ഞിരുന്നു. അതിനാൽ ഒരു നവ സമൂഹത്തിന് ആവശ്യമായ നിയമനടപടികൾ ഉണ്ടാവല്‍ അവർക്ക് ആവശ്യമായിത്തീർന്നു. അപ്പോൾ മാത്രമേ ഒരുവന്‍റെ വ്യക്തിത്വം പടുത്തുയർത്തപ്പെടുകയും കുടുംബം സജീവമാവുകയും ബന്ധങ്ങൾ ക്രമീകരിക്കപ്പെടുകയുമുള്ളൂ.


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ